ഹജ്മൽ ഹീറോ
text_fieldsഹജ്മൽ സക്കീർ
മഞ്ചേരി: പ്രഥമ സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സാ കൊച്ചി എഫ്.സി സെമി പ്രവേശനം രാജകീയമാക്കിയപ്പോൾ ടീമിനായി ക്രോസ് ബാറിന് കീഴിൽ മിന്നും പ്രകടനം നടത്തി ഗോൾ കീപ്പർ ഹജ്മൽ സക്കീർ. രണ്ട് ക്ലീൻ ഷീറ്റുമായി മത്സരങ്ങളിലുടനീളം മികച്ച പ്രകടമാണ് ഈ 29കാരൻ നടത്തിയത്. ഏഴ് മത്സരങ്ങളിലായി നാല് ഗോളുകൾ മാത്രം വഴങ്ങിയപ്പോൾ ഗോളെന്നുറപ്പിച്ച ഒട്ടേറെ അവസരങ്ങൾ തട്ടിത്തെറിപ്പിച്ചു. ചാമ്പ്യൻഷിപ്പിലെ തന്നെ മികച്ച ഗോൾ കീപ്പർമാരുടെ പട്ടികയിൽ മുന്നിലാണ് ഹജ്മൽ.
ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) അടക്കം വലകാത്ത സുഭാഷിഷ് റോയ് ചൗധരിയായിരുന്നു കൊച്ചിയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ. ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും ടീമിനായി ഇറങ്ങിയതും സുഭാഷിഷ് ആയിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ ടീം മലപ്പുറം എഫ്.സിയോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടു. രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്സുമായി ആദ്യപകുതിയിൽ തന്നെ ഒരു ഗോൾ വഴങ്ങിയതോടെ രണ്ടാം പകുതിയിൽ ഹജ്മൽ കളത്തിലിറങ്ങി. കണ്ണൂരിനെ ഗോളടിക്കാൻ സമ്മതിക്കാതെ പൂട്ടിയതോടെ കോച്ചിന്‍റെ വിശ്വാസം കാത്തു. പിന്നീടുള്ള മത്സരങ്ങളിൽ ഹജ്മൽ ആദ്യ 11ൽ സ്ഥാനം പിടിച്ചു. തുടർന്നുള്ള ഏഴ് മത്സരങ്ങളിലും കൊച്ചിക്കായി വലകാത്തു. ഒറ്റ മത്സരങ്ങളിൽ പോലും ഒന്നിൽ കൂടുതൽ ഗോളുകൾ വഴങ്ങിയിട്ടില്ലെന്നതും ഹജ്മലിന്‍റെ മികവാണ്. കോച്ച് മാരിയോ ലെമോസ്, അസി.കോച്ച് ജോപോൾ അഞ്ചേരി, ഗോൾ കീപ്പർ പരിശീലകൻ സജി ജോയ് എന്നിവർ മികച്ച പിന്തുണ നൽകി.
ഗോൾ കീപ്പർ സുഭാഷിഷും ടുനീഷ്യൻ താരങ്ങളായ സൈദ് മുഹമ്മദ് നിദാൽ, ഡിസിരി ഒംറാൻ, കൊളംബിയൻ താരം റോഡ്രീഗസ് ലൂയിസ്, ബ്രസീൽ താരം ഡോറിയൽട്ടൺ നാസിമെന്‍റോ എന്നിവരും നിർദേശങ്ങളുമായി ഒപ്പം നിന്നു. ആറാം വയസ്സ് മുതൽ ഹജ്മൽ ഗ്ലൗസണിഞ്ഞു തുടങ്ങി. സബ് ജില്ല, ജില്ല ടൂർണമന്‍റുകളിൽ ബൂട്ടുകെട്ടി. നാഷനൽ സ്കൂൾ ഗെയിംസിൽ കേരളത്തിനെ നയിക്കാനും കിരീടം നേടിക്കൊടുക്കാനും ഈ പാലക്കാട്ടുകാരന് സാധിച്ചു.
കേരള യൂനിവേഴ്സിറ്റിക്കായും വലകാത്തു. തുടർച്ചയായി അഞ്ച് വർഷം സന്തോഷ് ട്രോഫി ടീമിലും ഇടംപിടിച്ചു. രണ്ട് തവണ കേരളം കിരീടത്തിൽ മുത്തമിട്ടപ്പോൾ അംഗമായി ടീമിലുണ്ടായിരുന്നു. കേരള പ്രമീയർ ലീഗിൽ 2021 -22 വർഷത്തിൽ കെ.എസ്.ഇ.ബി. റണ്ണേഴ്സ് ആയപ്പോൾ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുത്തതും ഹജ്മലിനെയായിരുന്നു. ആദ്യമായാണ് ഇത്തരത്തിലുള്ള പ്രൊഫഷനൽ ലീഗിലും ക്ലബിലും കളിക്കുന്നത്. ആദ്യ അവസരത്തിൽ തന്നെ ടീമിനെ സെമിയിലെത്തിക്കാനായതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ഹജ്മൽ 'മാധ്യമ'ത്തോട് പറഞ്ഞു. ആറ് വർഷത്തിന് ശേഷമാണ് ഇങ്ങനെ ഒരു അവസരം ലഭിക്കുന്നത്. ടീമിനായി അടുത്ത മത്സരങ്ങളിലും മികച്ച പ്രകടനം നടത്തുമെന്നും കിരീടം നേടുകയാണ് ലക്ഷ്യമെന്നും ഹജ്മൽ പറഞ്ഞു.