Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൂപ്പർ ലീഗ് കേരള:...

സൂപ്പർ ലീഗ് കേരള: കാലിക്കറ്റ്‌ എഫ്.സി സെമിയിൽ

text_fields
bookmark_border
Super League Kerala
cancel

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ ടിക്കറ്റ് നേടുന്ന ആദ്യ ടീമായി കാലിക്കറ്റ്‌ എഫ്സി. ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മലബാർ ഡെർബിയിൽ മലപ്പുറം എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് കാലിക്കറ്റ് സെമി ഉറപ്പിച്ചത്. ജോനാഥൻ പെരേര, മുഹമ്മദ് അജ്സൽ, ഫെഡറിക്കോ ബുവാസോ എന്നിവർ കാലിക്കറ്റിനായി സ്കോർ ചെയ്തു.

മലപ്പുറത്തിന്റെ ആശ്വാസ ഗോൾ എയ്തോർ അൽഡലിറിന്റെ ബൂട്ടിൽ നിന്ന്. മത്സരത്തിൽ മലപ്പുറത്തിന്റെ ഗനി അഹമ്മദ്‌ നിഗത്തിന് ചുവപ്പ് കാർഡ് ലഭിച്ചു. എട്ട് റൗണ്ട് മത്സരം പൂർത്തിയായപ്പോൾ കാലിക്കറ്റ് 17 പോയന്റുമായി ഒന്നാമതാണ്. 10 പോയന്റുള്ള മലപ്പുറം നാലാമത്. ഒൻപതാം മിനിറ്റിൽ കോർണറിൽ നിന്നുള്ള പന്ത് ഗോളാക്കി മാറ്റാൻ മലപ്പുറം ക്യാപ്റ്റൻ ഹക്കുവും പിന്നാലെ ബദറും ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. പന്ത്രണ്ടാം മിനിറ്റിൽ കാലിക്കറ്റ്‌ ലീഡ് നേടി. റിട്ടേൺ ബോൾ പിടിച്ചെടുത്ത് അർജന്റീനക്കാരൻ ജോനാഥൻ പെരേര പറത്തിയ ലോങ് റേഞ്ചർ പോസ്റ്റിലേക്ക് കയറുമ്പോൾ മലപ്പുറത്തിന്റെ യുവ ഗോൾ കീപ്പർ ജസീമിന്റെ മുഴുനീള ഡൈവിന് തടയാനായില്ല (1-0).

ആദ്യ പകുതിയിൽ മലപ്പുറത്തിന്റെ ഗനി അഹമ്മദ്‌ നിഗം, എൽ ഫോർസി, ഇർഷാദ് എന്നിവർക്കും കാലിക്കറ്റിന്റെ ജോനാഥൻ പെരേരക്കും മഞ്ഞക്കാർഡ് ലഭിച്ചു. നാല്പതാം മിനിറ്റിൽ ആസിഫിന്റെ ഷോട്ട് മലപ്പുറം ഗോളി തടുത്തിട്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മലപ്പുറം ഇഷാൻ പണ്ഡിത, എയ്തോർ അൽഡലിർ എന്നിവരെ കൊണ്ടുവന്നു. അൻപത്തിനാലാം മിനിറ്റിൽ റോഷലിനെ ഫൗൾ ചെയ്ത ഗനി അഹമ്മദ്‌ നിഗം രണ്ടാം മഞ്ഞക്കാർഡും ചുവപ്പും വാങ്ങി കളം വിട്ടു.

അറുപതാം മിനിറ്റിൽ എൽഫോർസിയുടെ ഗോളുറച്ച പാസ് ഇഷാൻ പണ്ഡിത അടിച്ചത് കാലിക്കറ്റ്‌ ഗോൾ കീപ്പർ ഹജ്മലിന്റെ കാലിലേക്കായിരുന്നു. പിന്നാലെ കാലിക്കറ്റ് ബ്രൂണോ കൂഞ്ഞ, അരുൺ കുമാർ എന്നിവർക്ക് അവസരം ലഭിച്ചു. എൺപതാം മിനിറ്റിൽ മലപ്പുറം സമനില പിടിച്ചു. ഫ്രീകിക്ക് ഗോളാക്കി മാറ്റിയത് പകരക്കാരനായി എത്തിയ നായകൻ എയ്തോർ അൽഡലിർ (1-1). കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കേ മുഹമ്മദ്‌ അജ്സലിന്റെ ഹെഡ്ഡർ കാലിക്കറ്റിന് വീണ്ടും ലീഡ് നൽകി (2-1). ലീഗിൽ അജ്സൽ ആറ് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്ത് തുടരുന്നു. ഇഞ്ചുറി സമയത്ത് ഫെഡറിക്കോ ബുവാസോ നേടിയ ഗോൾ കാലിക്കറ്റിന്റെ വിജയം ആധികാരികമാക്കി (3-1). 34173 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി. മഞ്ചേരിയിൽ നടന്ന ആദ്യപാദത്തിൽ മലപ്പുറവും കാലിക്കറ്റും മൂന്ന് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു.

Show Full Article
TAGS:Super League Kerala Calicut FC 
News Summary - Super League Kerala: Calicut FC in the semi-finals
Next Story