വാരിക്കുഴിയിൽ കൊമ്പന്മാർ; തിരുവനന്തപുരത്തെ വീഴ്ത്തി കണ്ണൂർ വാരിയേഴ്സ്
text_fieldsതിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ ഗോൾ നേടിയ കണ്ണൂർ വേരിയേഴ്സ് താരം ടി. ഷിജിന്റെ ആഹ്ലാദം - പി.ബി. ബിജു
തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ തിരുവനന്തപുരം കൊമ്പൻസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കൊമ്പുകുത്തിച്ച് കണ്ണൂർ വാരിയേഴ്സിന് ആദ്യ ജയം.
28ാം മിനിറ്റിൽ പി. ഷിജിന്റെ ഗോളും 75ൽ കൊമ്പൻസ് താരം ഫിലിപ്പെ ആൽവ്സിന് സെൽഫ് ഗോളും 92ാം മിനിറ്റിൽ സെനഗൽ താരം അബ്ദോ കരീം സാബോയുടെ ഗോളുമാണ് ആതിഥേയരെ പരാജയത്തിലേക്ക് തള്ളിയിട്ടത്. ബ്രസീലിയൻ താരം ഓട്ടോമർ ബിസ്പോയുടെയും ഇഞ്ചുറി ടൈമിൽ കേരള താരം വിഘ്നേഷിന്റെയും വകയായിരുന്നു കൊമ്പൻസിന്റെ ആശ്വാസ ഗോളുകൾ. ആക്രമണത്തിന് പ്രാധാന്യം നൽകിയുള്ള 4-3-3 ഫോർമേഷനിലാണ് ഇരുടീമുകളും ചന്ദ്രശേഖരനായർ സ്റ്റേഡിയത്തിലിറങ്ങിയത്. ആദ്യ മിനിറ്റുകളിൽ കൊമ്പൻസിന്റെ പരാക്രമമായിരുന്നു ഗാലറി കണ്ടത്. കണ്ണൂരിന്റെ ഗോൾമുഖത്ത് നിരന്തരം ഭീതി പരത്തി പാഞ്ഞടുത്ത ബ്രസീലിയൻ താരം റൊണാൾഡ് മക്കലിസ്റ്റനെ പിടിച്ചുകെട്ടാൻ കണ്ണൂരിന്റെ പ്രതിരോധനിരക്ക് നന്നായി വിയർക്കേണ്ടിവന്നു.
റൊണാൾഡിന്റെ പല നീക്കങ്ങളും കണ്ണൂർ ഗോളി ഉബൈദ് സമർഥമായി തട്ടി അകറ്റിയില്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ. കളിയുടെ ഏഴാം മിനിറ്റിൽ റൊണാൾഡിന്റെ ഇടംകാലൻ ഷോട്ട് ഗോൾ പോസ്റ്റിലേക്ക് മുഴുനീളെ ചാടി ഒറ്റംകൈകൊണ്ട് ഉബൈദ് തട്ടികയറ്റിയത് തലയിൽ കൈവെച്ച് നോക്കിനിൽക്കാനേ തിരുവനന്തപുരത്തിന് കഴിഞ്ഞുള്ളൂ. എന്നാൽ, അടിക്ക് മറുപടി തിരിച്ചടിയാണെന്ന് പ്രഖ്യാപിച്ച് കൊമ്പന്മാരുടെ കൂട്ടിലേക്ക് കണ്ണൂരിന്റെ പടയാളികളും സർവ സന്നാഹങ്ങളുമായി ഇരച്ചുകയറിയതോടെ പോര് ആവേശമായി. കൊമ്പൻസിനെ ഞെട്ടിച്ച് ആദ്യഗോളും പിറന്നു.
മധ്യനിര താരം അസിയര്‍ ഗോമസ് എടുത്ത കോര്‍ണര്‍ ക്യാപ്റ്റന്‍ ഏണസ്റ്റീൻ റൂബിസ് വ്ലസാംബ പിന്നിലേക്ക് ഹെഡ് ചെയ്ത് നല്കി. കൊമ്പൻസ് ഗോളി ആര്യന്റെയും പ്രതിരോധക്കാരുടെയും കണ്ണുവെട്ടിച്ച് സെക്കന്റ് പോസ്റ്റില്‍ നിലയുറപ്പിച്ചിരുന്ന കണ്ണൂരിന്റെ ടി. ഷിജിന് അത് ഗോളാക്കി മാറ്റാൻ വലിയ പ്രയാസമൊന്നുമുണ്ടായില്ല.
രണ്ടാം പകുതിയുടെ ഏഴാം മിനിറ്റിൽതന്നെ കൊമ്പൻസ് തിരിച്ചടിച്ചു. ബ്രസീലിയൻ താരം ഓട്ടിമാർ ബിസ്പൊയെ പ്രതിരോധതാരം വികാസ് ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഓട്ടിമാർ ബിസ്പൊയുടെ ബുള്ളറ്റ് ഷോട്ട് നോക്കി നിൽക്കാനെ കണ്ണൂർ ഗോളി ഉബൈദിന് കഴിഞ്ഞുള്ളൂ. (1-1). പക്ഷേ കൊമ്പൻസിന്റെ കളക്കുകൂട്ടലുകൾ തെറ്റിയത് 75ാം മിനിറ്റിലാണ്. മുഹമ്മദ് സിനാൻ പായിച്ച ശക്തിയേറിയ ക്രോസ് ക്ലിയർ ചെയ്യാൻ കൊമ്പൻസിന്റെ ഫെലിപ്പ് അൽവീസ് ശ്രമിച്ചത് സ്വന്തം പോസ്റ്റിലാണ് എത്തിയത് (2-1). ഇഞ്ചുറി ടൈമിൽ അണ്ടർ 23 താരം മുഹമ്മദ് സിനാന്റെ ക്രോസിൽ നിന്ന് സ്കോർ ചെയ്ത സെനഗൽ താരം സാബോ കണ്ണൂരിന്റെ വിജയം ഉറപ്പിച്ചു. അവസാന സെക്കൻഡിൽ പകരക്കാരനായി വന്ന കേരളതാരം വിഘ്നേഷിന്റെ ഫ്രീ കിക്കാണ് (3-2) കൊമ്പൻസിന്റെ പരാജയഭാരം കുറച്ചത്.
രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഒക്ടോബർ പത്തിന് തുടക്കമാകും. അന്ന് കൊമ്പൻസ് ഫോഴ്സ കൊച്ചിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്.


