സൂപ്പർ ലീഗ് കേരള; സെമി മോഹത്തിൽ മലപ്പുറം, എതിരാളികൾ ഫോഴ്‌സ കൊച്ചി
text_fieldsമലപ്പുറം എഫ്.സി താരങ്ങൾ പരിശീലനത്തിൽ
മഞ്ചേരി: സൂപ്പർ ലീഗ് കേരളയിൽ അവസാന മത്സരത്തിനിറങ്ങുന്ന മലപ്പുറം എഫ്.സി ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ജയിച്ചാൽ രണ്ടാം സീസണിൽ അവസാന നാലിലേക്ക് യോഗ്യത നേടാം. തോറ്റാൽ ഈ സീസണിലും സെമി ഫൈനൽ കാണാതെ മടങ്ങാം. ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിൽ കണ്ണും കാതും ഇന്ന് പയ്യനാട്ടിലെ പോരാട്ട ഭൂമിയിലേക്ക്. വ്യാഴാഴ്ച രാത്രി 7.30നാണ് മത്സരം. എതിരാളികൾ സെമി കാണാതെ പുറത്തായ ഫോഴ്സ കൊച്ചി എഫ്.സി. ലീഗിലെ അവസാന മത്സരം കൂടിയാണിത്. ആറ് ടീമുകൾ പരസ്പരം ഹോം-എവേ അടിസ്ഥാനത്തിൽ 29 മത്സരങ്ങൾ പൂർത്തിയാക്കി.
കൊച്ചിക്ക് നഷ്ടപ്പെടാനൊന്നുമില്ല. പ്രഥമ സീസണിൽ റണ്ണർ അപ്പ് ആയ ടീം ഇത്തവണ പച്ച തൊട്ടിട്ടില്ല. ഒമ്പത് മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് ജയിക്കാനായത്. എട്ടെണ്ണത്തിലും പരാജയപ്പെട്ടു. മൂന്ന് പോയന്‍റുമായി അവസാന സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങളിൽനിന്ന് രണ്ട് ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമായി 11 പോയന്‍റോടെ അഞ്ചാം സ്ഥാനത്താണ് മലപ്പുറം. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദ മത്സരത്തിൽ ഫോഴ്‌സ കൊച്ചിയെ 4-1ന് മലപ്പുറം പരാജയപ്പെടുത്തിയിരുന്നു. മികച്ച താരങ്ങളുണ്ടെങ്കിലും അതിനൊത്ത പ്രകടനം നടത്താൻ എം.എഫ്.സിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇത് സ്പാനിഷ് കോച്ച് മിഗ്വേൽ കോറൽ ടൊറൈറയെ പുറത്താക്കുന്നതിലേക്കും വഴിവെച്ചു.
അസി. കോച്ച് ക്ലിയോഫാസ് അലക്സിന്‍റെ നേതൃത്വത്തിലാണ് ടീമിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ്, തൃശൂർ മാജിക് എഫ്.സിയെ പരാജയപ്പെടുത്തിയതോടെയാണ് സെമിയിലെത്താൻ മലപ്പുറത്തിന് ജയം നിർബന്ധമായത്. ഈ സീസണിൽ ഇതുവരെ ഹോം ഗ്രൗണ്ടിൽ തോൽവിയറിയാത്ത ടീം കൂടിയാണ് മലപ്പുറം എഫ്.സി. അവസാന ഹോം മത്സരത്തിൽ സ്വന്തം കാണികൾക്ക് മുമ്പിൽ കൊച്ചിയെ മലർത്തിയടിച്ച് സെമിഫൈനൽ പ്രവേശനം രാജകീയമാക്കാനാണ് ടീമിറങ്ങുന്നത്.


