ചൈനീസ് ദേശീയ ദിനത്തിൽ യാത്രക്കാർക്ക് വരവേൽപ്
text_fieldsദുബൈ വിമാനത്താവളത്തിൽ ചൈനീസ് യാത്രികരെ സ്വീകരിക്കുന്നു
ദുബൈ: ചൈനീസ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ടെർമിനൽ 3) എത്തിച്ചേർന്ന ചൈനീസ് യാത്രികർക്ക് സ്വീകരണം ഒരുക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് (ജി.ഡി.ആർ.എഫ്.എ) വരവേൽപിന് നേതൃത്വം നൽകിയത്.
വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറുകൾ ചൈനീസ് പതാകകളാൽ അലങ്കരിക്കുകയും സ്മാർട്ട് ഗേറ്റുകൾ ചുവന്നനിറത്തിൽ പ്രകാശിപ്പിക്കുകയും ചെയ്തു. ദേശീയ ദിനാശംസ അച്ചടിച്ച ബ്രോഷറുകൾ യാത്രക്കാർക്ക് വിതരണം ചെയ്തു.
സന്ദർശകർക്കുവേണ്ടി പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പും പുറത്തിറക്കി. ജി.ഡി.ആർ.എഫ്.എയുടെ കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയും കൂടാതെ ചൈനീസ് ഭാഷ സംസാരിക്കുന്ന ജീവനക്കാരും ചേർന്നാണ് യാത്രികരെ ദുബൈയിലേക്ക് സ്വാഗതം ചെയ്തത്.


