കണ്ണൂർ വാരിയേഴ്സിനെ വാരി തിരുവനന്തപുരം കൊമ്പൻസ്, ജയം 3-1ന്
text_fieldsകണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ വാരിയേഴ്സും തിരുവനന്തപുരം കൊമ്പൻസും തമ്മിലുള്ള മത്സരത്തിൽ കണ്ണൂർ വാരിയേഴ്സിന്റെ അബ്ദുൾ കരിം സാംബിന്റെ മുന്നേറ്റം തടയുന്ന കൊമ്പൻസിന്റെ റെനാൻ ചിത്രം: ബിമൽ തമ്പി
കണ്ണൂർ: സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ ജയം തേടിയിറങ്ങിയ കണ്ണൂർ വാരിയേഴ്സിന് സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ കനത്ത തോൽവി. മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസാണ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആതിഥേയരെ കീഴടക്കിയത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷമായിരുന്നു ഗോളുകളെല്ലാം പിറന്നത്.
ബ്രസീലുകാരനായ ഓട്ടിമർ ബിസ്പോ രണ്ടും മുഹമ്മദ് ജാസിം ഒരു ഗോളും നേടി. അസിയർ ഗോമസിന്റെ വകയായിരുന്നു വാരിയേഴ്സിന്റെ ആശ്വാസ ഗോൾ. സെമിയിലെത്താൻ ജയം അനിവാര്യമായ കൊമ്പൻസിന് സ്വന്തം തട്ടകത്തിലേറ്റ തോൽവിക്ക് മധുരപ്രതികാരം തീർക്കൽ കൂടിയായി വിജയം. ആറുകളികളിൽ ആദ്യ തോൽവി വഴങ്ങിയ വാരിയേഴ്സ് ഒമ്പതു പോയന്റുമായി നാലാമത് തുടരുന്നു. രണ്ടാം ജയം നേടിയ കൊമ്പൻസ് ഇപ്പോഴും അഞ്ചാമതാണ്.
വെള്ളിയാഴ്ച കളം നിറഞ്ഞു കളിച്ചിട്ടും തൃശൂരിനോട് ജയം കൈവിട്ട വാരിയേഴ്സ് ആദ്യ ഇലവനിൽ വരുത്തിയ മാറ്റങ്ങൾ തിരിച്ചടിയായി. ടീം കോമ്പിനേഷനിൽ പരസ്പര ധാരണ ചോർന്ന് പോയ അവർക്ക് ആദ്യ പകുതിയിൽ ഒന്നിലേറെ അവസരങ്ങൾ തുറന്നെടുക്കാനായെങ്കിലും ലക്ഷ്യം മാത്രം അകന്നു. മറുവശത്ത് കൊമ്പന്മാർ വേഗം കൊണ്ട് വാരിയേഴ്സ് പ്രതിരോധം ഭേദിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അപ്രതീക്ഷിതമായി ലീഡെടുത്തതോടെ കളിയുടെ നിയന്ത്രണവും കൊമ്പന്മാർക്കായി.
നാട്ടുകാരനായ മുഹമ്മദ് സിനാനുമായി രണ്ടാം പകുതിയിലിറങ്ങിയ വാരിയേഴ്സ് ഗോളിലേക്ക് ലക്ഷ്യമിടും മുമ്പെ 46ാം മിനിറ്റിൽ കൊമ്പൻസ് ഗോളടിച്ചു. ഒരു പ്രത്യാക്രമണത്തിൽ അതിവേഗം വാരിയേഴ്സിന്റെ അതിർത്തി ഭേദിച്ച ഓട്ടിമർ ഗോളിലേക്ക് നിറയൊഴിച്ചത് ഉബൈദ് തടഞ്ഞെങ്കിലും റീബൗണ്ട് ചെയ്ത് കിട്ടിയ പന്ത് ജാസിം വലക്കകത്താക്കുമ്പോൾ തടയാൻ പ്രതിരോധത്തിൽ ആരുമുണ്ടായില്ല. ഗോളിന്റെ ആവേശത്തിൽ കൊമ്പന്മാർ കൂടുതൽ ഉണർന്നതോടെ വാരിയേഴ്സ് വിയർത്തു. പിന്നാലെ 68ാം മിനിറ്റിൽ മറ്റൊരു തകർപ്പൻ നീക്കത്തിലൂടെ ഓട്ടിമർ ബിസ്പോ ഉബൈദിനെ കീഴടക്കിയതോടെ വാരിയേഴ്സിന്റെ പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങി. ഒടുവിൽ വാരിയേഴ്സിനെ പുണരാനെത്തിയ കാണികളുടെ നെഞ്ചകം തകർത്ത് ഓട്ടിമർ 84ാം മിനിറ്റിൽ വീണ്ടും ഗോളടിച്ചതോടെ വാരിയേഴ്സിന്റെ പതനം പൂർത്തിയായി.
ഇൻജുറി സമയത്തിന്റെ അവസാന മിനിറ്റിൽ ഒന്നാന്തരം സെറ്റ് പീസിൽ നിന്ന് അസിയർ ഗോമസ് നേടിയ ഗോൾ ടീമിനും കാണികൾക്കും ആശ്വാസമായി.


