തോൽവി രുചിച്ച് കാലിക്കറ്റ്; സൂപ്പർ ലീഗ് കേരളയിൽ തൃശൂരിന് ആദ്യ ജയം
text_fieldsസൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സിക്കെതിരെ തൃശൂർ മാജിക് എഫ്.സിയുടെ ഗോൾ നേടിയ മെയിൽസൺ ആൽവിസ് സഹതാരത്തിനൊപ്പം ആഹ്ലാദത്തിൽ
കോഴിക്കോട്: 21,000 ഓളം കാണികളെ സാക്ഷി നിർത്തി ക്യാപ്റ്റൻ മെയിൽസൺ ആൽവിസ് നേടിയ ഒരു ഗോളിന് കാലിക്കറ്റ് എഫ്.സിയെ പരാജയപ്പെടുത്തി തൃശൂർ മാജിക് എഫ്.സി സൂപ്പർ ലീഗ് കേരളയിൽ ആദ്യ ജയം സ്വന്തമാക്കി. ആദ്യ കളിയിൽ ജയം നേടിയിരുന്ന കാലിക്കറ്റ് എഫ്.സിക്ക് സ്വന്തം തട്ടകമായ കോർപറേഷൻ സ്റ്റേഡിയത്തിലെ പരാജയം തിരിച്ചടിയായി.
തുടക്കം മുതൽ അർജന്റീനക്കാരൻ ഹെർനാൻ ബോസോ മധ്യനിരയിൽ അധ്വാനിച്ചുകളിച്ചെങ്കിലും ആദ്യ 20 മിനിറ്റിനിടെ ഗോൾമണമുള്ള ഒരു നീക്കം പോലും നടത്താൻ കാലിക്കറ്റ് എഫ്.സിക്ക് കഴിഞ്ഞില്ല. 36ാം മിനിറ്റിൽ തൃശൂരിന്റെ ഗോളെത്തി. എസ്.കെ. ഫയാസ് എടുത്ത കോർണർ കിക്കിൽ ബ്രസീലുകാരൻ മെയിൽസൺ ആൽവിസ് രണ്ട് പ്രതിരോധക്കാർക്ക് ഇടയിൽ നിന്ന് തകർപ്പൻ ഹെഡറിലൂടെ കാലിക്കറ്റ് പോസ്റ്റിൽ എത്തിച്ചു (1-0).
രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ നിന്ന് റിയാസിനെ പിൻവലിച്ച കാലിക്കറ്റ് ആക്രമണത്തിൽ സഹായിക്കാൻ അനികേത് യാദവിനെ കൊണ്ടുവന്നു. 47ാം മിനിറ്റിൽ കോഴിക്കോട്ടുകാരൻ പ്രശാന്തിന്റെ പാസിൽ കൊളംബിയൻ താരം സെബാസ്റ്റ്യൻ റിങ്കണിന്റെ ഗോൾ ശ്രമം തൃശൂരിന്റെ പോസ്റ്റിൽ തട്ടി മടങ്ങി. പിന്നാലെ സച്ചു, അജ്സൽ, അരുൺ കുമാർ എന്നിവരെയിറക്കി കാലിക്കറ്റ് സമനിലക്ക് പൊരുതി നോക്കിയെങ്കിലും തൃശൂർ പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ല.


