സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്സിന് തൃശൂരിന്റെ സമനിലക്കുരുക്ക്
text_fieldsസൂപ്പർ ലീഗ് കേരളയിൽ തൃശൂരിനെതിരെ കണ്ണൂരിന്റെ മുഹമ്മദ് സിനാൻ ഗോൾ നേടുന്നു -ബിമൽ തമ്പി
കണ്ണൂർ: കണ്ണൂരിന്റെ കളിക്കാഴ്ചകളുടെ അറുതി തീർത്ത സൂപ്പർ ലീഗ് കേരള ഫുട്ബാൾ പോരാട്ടത്തിൽ ഒന്നാന്തരമായി കളിച്ചിട്ടും കണ്ണൂർ വാരിയേഴ്സിന് സമനിലക്കുരുക്ക്. സ്വന്തം തട്ടകത്തിൽ ആദ്യമായി കളിക്കാനിറങ്ങിയ വാരിയേഴ്സിനെ തൃശൂർ മാജിക് എഫ്.സിയാണ് 1-1ന് സമനിലയിൽ തളച്ചത്.
മുഹമ്മദ് സിനാന്റെ ഉജ്വല ഗോളിന് മുന്നിലെത്തിയ ആതിഥേയർക്കതിരെ ഇഞ്ചുറി സമയത്ത് ബിബിൻ അജയന്റെ ഗോളിലൂടെ തൃശൂർ സമനില പിടിക്കുകയായിരുന്നു. തൃശൂർ 10 പോയന്റോടെ മുന്നിലെത്തി. ഇത്രയും പോയന്റുമായി മലപ്പുറമാണ് രണ്ടാമത്. ഒമ്പത് പോയന്റുമായി കണ്ണൂർ മുന്നാമത് തന്നെ.
കളിയഴക് മൈതാനത്ത് പ്രകടമായ പോരാട്ടത്തിൽ എതിരാളികൾക്ക് മേൽ വാരിയേഴ്സ് സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും കൂടുതൽ ഗോൾ നേടുന്നതിലെ പിഴവ് ആവർത്തിച്ചത് വിനയായി. പന്തടക്കത്തിലും വേഗത്തിലും എതിരാളികളെ പിന്നിലാക്കിയ വാരിയേഴ്സിനെ കൂടുതൽ ഗോളുകളിൽ നിന്നകറ്റിയത് തൃശൂർ വല കാത്ത കമാലുദ്ദീന്റെ മികവായിരുന്നു. ആദ്യ പകുതിയിൽ നന്നായി കളിച്ചിട്ടും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുന്നതിൽ പരാജയപ്പെട്ട വാരിയേഴ്സ് ആ വീഴ്ചകൾക്ക് പരിഹാരം തേടിയാണ് രണ്ടാം പകുതിയിൽ പന്ത് തട്ടിയത്. മൈതാനത്തിന്റെ ഒത്ത നടുവിൽ നിന്ന് തൃശൂർ പ്രതിരോധത്തെ വെട്ടിച്ച് സ്പാനിഷ് താരം അഡ്മെറിനോ വലതു വശത്തേക്ക് മറിച്ചു നൽകിയ പന്ത് നിലം തൊടും മുമ്പെ സിനാൻ തകർപ്പൻ വലങ്കാലനടിയിലൂടെ വലക്കകത്താക്കി.
ലീഡ് നേടിയ വാരിയേഴ്സ് പിന്നെയും പിന്നെയും കുതിച്ചെങ്കിലും മറ്റൊരു ഗോൾ ഒഴിഞ്ഞു പോയി. കമാലുദ്ദീൻ രക്ഷകനായി നിലകൊണ്ട തൃശൂരിന്റെ മാന്ത്രികച്ചെപ്പിൽ ഒളിച്ചുവെച്ച പ്രത്യാക്രമണ തന്ത്രം ഇൻജുറി സമയത്തിന്റെ അവസാന മിനിറ്റുകളിൽ ഫലം കണ്ടു. കണ്ണൂർ ഗോൾ മുഖത്ത് വന്ന പന്ത് തകർപ്പൻ ഹെഡറിലൂടെ ബിബിൻ അജയൻ ലക്ഷ്യം കണ്ടതോടെ സ്റ്റേഡിയം നിശബ്ദമായി.


