സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്സും തൃശൂരും ഇന്ന് നേർക്കുനേർ
text_fieldsകണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂർ വാരിയേഴ്സിന് സ്വന്തം തട്ടകത്തിൽ ആദ്യ പോരാട്ടം. ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ ആതിഥേയർ ഇന്ന് തൃശൂര്‍ മാജിക് എഫ്.സിയെ നേരിടും. കണ്ണൂർ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ആറു ടീമുകളടങ്ങിയ ലീഗിലെ തങ്ങളുടെ ആദ്യ നാല് മത്സരങ്ങൾ എതിർവേദികളിൽ കളിച്ച വാരിയേഴ്സ് തോൽവിയറിയാതെ എട്ടു പോയന്റുമായി മൂന്നാം സ്ഥാനത്താണ്. രണ്ട് ജയവും രണ്ട് സമനിലയും.
ആദ്യ മത്സരത്തിൽ മലപ്പുറം എഫ്.സിയോട് തോറ്റ തൃശൂര്‍ മാജിക് എഫ്.സി തുടർച്ചയായ മൂന്ന് ജയങ്ങളുടെ മികവിൽ ഒമ്പത് പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ന് ജയിക്കുന്ന ടീമിന് മുന്നിൽ കയറാനാവുമെന്നതിനാൽ പോരിന് വീറും വാശിയുമേറും. അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ മലപ്പുറം എഫ്.സിയാണ് ഇപ്പോൾ പത്ത് പോയന്റുമായി മുന്നിൽ.
നീണ്ട ഇടവേളക്ക് ശേഷമാണ് കണ്ണൂർ ഒരു പ്രധാന ഫുട്‌ബാൾ മത്സരത്തിന് വേദിയാവുന്നത്. ആദ്യ സീസണിൽ കോഴിക്കോട് ഹോം മത്സരങ്ങൾ കളിക്കേണ്ടി വന്ന വാരിയേഴ്സ് സ്വന്തം കാണികൾക്ക് മുന്നിൽ വിജയം മാത്രം ലക്ഷ്യമിട്ടാണ് പന്ത് തട്ടുക. ഒമ്പത് കണ്ണൂര്‍ താരങ്ങൾ അണിനിരക്കുന്ന ടീം ഇതുവരെ അഞ്ചു ഗോൾ മാത്രമാണ് നേടിയതെന്നതാണ് അവരെ കുഴക്കുന്ന പ്രശ്നം. മൂന്നെണ്ണം തിരിച്ചു വാങ്ങി.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം നന്നായി കളിച്ച് അവസരങ്ങൾ സൃഷ്ടിച്ചിട്ടും ലക്ഷ്യം കാണുന്നതിൽ പിഴവുകൾ ആവർത്തിക്കുന്നു. ഈ പോരായ്മ പരിഹരിക്കുന്ന തന്ത്രമൊരുക്കുകയാണ് സ്പാനിഷുകാരനായ കോച്ച് സാഞ്ചസ് മുറിയ. പരിക്ക് മാറി തിരിച്ചെത്തിയ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോയാണ് ആക്രമണത്തിന്റെ കുന്തമുന. അബ്ദു കരീം സാംബയും പകരക്കാരനായിറങ്ങി വേഗചലനങ്ങളിലൂടെ എതിർ പ്രതിരോധം തുളക്കുന്ന സിനാനും ഇന്ന് ഗോളിലെത്തുമെന്നാണ് പ്രതീക്ഷ.
മധ്യനിരയിൽ ലവ്‌സാംബയും ഷിജിനും എബിൻദാസും ഇവർക്ക് പിന്തുണയുമായെത്തും. ഐ.എസ്.എല്‍, ഐ ലീഗ് താരങ്ങളുടെ പരിചയസമ്പത്താണ് തൃശൂര്‍ മാജിക് എഫ്.സിയുടെ കരുത്ത്. ഗോളടിക്കുന്നതിനപ്പുറം ഗോൾ പ്രതിരോധിക്കുന്നതിൽ മികവ് കാട്ടുന്ന തൃശൂരിന്റെ പ്രതീക്ഷ ലെനി റോഡ്രിഗസ് നയിക്കുന്ന മധ്യനിരയാണ്. മലപ്പുറത്തോട് ഒറ്റ ഗോളിന് തോറ്റ അടുത്ത മത്സരങ്ങളില്‍ ഓരോ ഗോൾ മാത്രം നേടിയാണ് ജയിച്ചു കയറിയത്. ഐ ലീഗിലെ ഗോളടി വീരനായിരുന്ന മാർകസ് ലെറിക് ജോസഫ് മികച്ച ഫോമിലെത്താത്തത് ടീമിനെ അലട്ടുന്നു.


