Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്ത്യൻ ഫുട്ബാളിന്...

ഇന്ത്യൻ ഫുട്ബാളിന് ആശ്വാസം; എ.ഐ.എഫ്.എഫ് കരട് ഭരണഘടന അംഗീകരിച്ച് സുപ്രീംകോടതി

text_fields
bookmark_border
AIFF
cancel

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിൽ വർഷങ്ങളായി ആശങ്കയുടെ കരിനിഴലായി നിന്ന ഭരണഘടന പ്രതിസന്ധി ഒഴിയുന്നു. മുൻ സുപ്രീംകോടതി ജഡ്ജി എൽ. നാഗേശ്വര റാവു തയാറാക്കിയ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ കരട് ഭരണഘടന ചില ഭേദഗതികളോടെ പരമോന്നത കോടതി അംഗീകരിച്ചു. നാലാഴ്ചക്കുള്ളിൽ ജനറൽ ബോഡി വിളിച്ചുചേർത്ത് അന്തിമമായി അംഗീകരിക്കാൻ ഫെഡറേഷന് നിർദേശം നൽകി.

ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിയമക്കുരുക്കുകൾ തീർത്ത വിധി പറഞ്ഞത്. കല്യാൺ ചൗബേ നയിക്കുന്ന നിലവിലെ എക്സിക്യുട്ടിവ് സമിതിയെയും അംഗീകരിച്ചിട്ടുണ്ട്. ഒരു വർഷം മാത്രം കാലാവധി ബാക്കിയുള്ള സമിതിയെ ഇനിയും മുനയിൽ നിർത്തുന്നതിൽ കാര്യമില്ലെന്നും അടിയന്തര തെരഞ്ഞെടുപ്പ് വേണ്ടെന്നും കോടതി നിരീക്ഷിച്ചു. 2026ൽ അടുത്ത തെരഞ്ഞെടുപ്പ് വരെ സമിതി തുടരും. ഒക്ടോബർ 30നകം ഭരണഘടന ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടില്ലെങ്കിൽ ഫെഡറേഷനെ വിലക്കുമെന്ന് ലോക സോക്കർ വേദിയായ ഫിഫയും ഏഷ്യൻ ഫുട്ബാൾ ഫെഡറേഷനും മുന്നറിയിപ്പ് നൽകിയിരുന്നു. 2017ൽ തുടങ്ങിയ ഭരണഘടന നിർമാണം 2022ൽ പൂർത്തിയാക്കി അംഗീകാരത്തിനായി സുപ്രീം കോടതിക്ക് സമർപ്പിച്ചിരുന്നു. വർഷങ്ങൾ നീണ്ട നിയമക്കുരുക്കാണ് ഒടുവിൽ അഴിയുന്നത്.

വൻ മാറ്റങ്ങൾ

ഫുട്ബാൾ അസോസിയേഷനുകൾ, താരങ്ങൾ, വിദഗ്ധർ എന്നിവരിൽനിന്നെല്ലാം നിർദേശങ്ങൾ സ്വീകരിച്ചാണ് പുതിയ ഭരണഘടന തയാറാക്കിയത്. അതിനാൽതന്നെ, കാര്യമായ മാറ്റങ്ങൾ പുതിയ ഭരണഘടന മുന്നോട്ടുവെക്കുന്നു. 12 വർഷത്തിൽ കൂടുതൽ ആർക്കും പദവിയിൽ തുടരാനാകില്ലെന്നതാണ് പ്രധാന മാറ്റം. എട്ടു വർഷം തുടർച്ചയായി പദവിയിലിരുന്നവർക്ക് നാലു വർഷം കഴിഞ്ഞേ പിന്നീട് മത്സരിക്കാനാകൂ. 70 വയസ്സ് കഴിഞ്ഞവർക്ക് പദവി സ്വീകരിക്കാനാകില്ല.

എക്സിക്യുട്ടിവ് സമിതി 14 പേരടങ്ങിയതാകും. പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റ് (ഒരു പുരുഷൻ, ഒരു സ്ത്രീ), ഒരു ട്രഷറർ, 10 അംഗങ്ങൾ എന്നിങ്ങനെയാണ് ഘടന. അഞ്ചു പേർ പ്രശസ്ത താരങ്ങളാകണം. അതിൽ രണ്ടുപേർ വനിതകളും.

സമിതിക്കുള്ളിൽ ജനാധിപത്യം ഉറപ്പാക്കാൻ അവിശ്വാസ പ്രമേയമടക്കം പുതിയ ചട്ടങ്ങൾ. പ്രസിഡന്റിനെയും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാം. ഫിഫ, എ.എഫ്.സി ചട്ടങ്ങൾ പാലിക്കുന്നുവെന്നുറപ്പാക്കാൻ കൂടുതൽ നടപടികളും പുതിയ ഭരണഘടനയിലുണ്ട്.

ഐ.എസ്.എൽ ആധികളുമകലുന്നു

ഭരണഘടനയില്ലാത്തതിന്റെ പേരിൽ കരാർ പുതുക്കാനാവാത്തതിനാൽ ഐ.എസ്.എൽ അനിശ്ചിതത്വത്തിലായതും ഇതോടെ പരിഹാരമാകും. ഐ.എസ്.എൽ നടത്തിപ്പുകാരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡു (എഫ്.എസ്.ഡി.എൽ)മായി ചർച്ചകൾ വഴിമുട്ടിയതിനാൽ പുതിയ സീസൺ ഫുട്ബാൾ കലണ്ടറിൽ ഐ.എസ്.എൽ ഉൾപ്പെടുത്തിയിരുന്നില്ല. ചില ക്ലബുകൾ താരങ്ങൾക്ക് ശമ്പളം വരെ നിർത്തുകയും ചെയ്തു. പുതിയ ഭരണഘടനയാകുന്നതോടെ ചർച്ച നടക്കും.

Show Full Article
TAGS:AIFF Supreme Court ISL 
News Summary - Supreme Court approves AIFF draft constitution
Next Story