ഹാട്രിക് റാഫിഞ്ഞ; ഡബിൾ ഹാലണ്ട്
text_fieldsബയേൺ മ്യൂണിക്കിനെതിരെ ബാഴ്സലോണ താരം റാഫിഞ്ഞയുടെ ഗോളാഘോഷം
ലണ്ടൻ/ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ തരിപ്പണമാക്കി ബാഴ്സലോണ. ബ്രസീൽ താരം റാഫിഞ്ഞ ഹാട്രിക് ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സയുടെ തകർപ്പൻ ജയം. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ തുടങ്ങിയവരും ജയം കണ്ടപ്പോൾ ബയേർ ലെവർകുസെൻ സമനിലയിൽ കുരുങ്ങി.
ബാഴ്സ വാഴ്ച
ബാഴ്സയുടെ തട്ടകത്തിൽ കളി തുടങ്ങി 54ാം സെക്കൻഡിൽ തന്നെ വലയിൽ പന്തെത്തിച്ച് റാഫിഞ്ഞ ബയേണിനെ ഞെട്ടിച്ചു. ഫെർമിൻ ലോപ്പസ് നൽകിയ ത്രൂ ബാൾ സ്വീകരിച്ച് മുന്നിലേക്ക് കുതിച്ച താരം ഗോൾകീപ്പർ മാനുവൽ ന്യൂയറിനെയും കീഴ്പ്പെടുത്തി വലയിലാക്കി. ചാമ്പ്യൻസ് ലീഗിൽ സീസണിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്. ഇതിനിടെ ഹാരി കെയ്ൻ മികച്ചൊരു ഹെഡ്ഡറിലൂടെ സമനില പിടിച്ചെന്ന് തോന്നിപ്പിച്ചെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി.
18ാം മിനിറ്റിൽ സെർജി നാബ്രിയുടെ അസിസ്റ്റിൽ മികച്ച വോളിയിലൂടെ കെയ്ൻ ലക്ഷ്യം കണ്ടു. 36ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ബാഴ്സ ലീഡെടുത്തു. ഇത്തവണയും വഴിയൊരുക്കിയത് ലോപ്പസ് തന്നെ. 45ാം മിനിറ്റിൽ റാഫിഞ്ഞ ലീഡ് ഉയർത്തി. വലതുവശത്തുനിന്ന് അകത്തേക്ക് പന്തുമായി ഓടിക്കയറിയ താരത്തിന്റെ മനോഹരമായ ഷോട്ട് ഫാർ കോണിലേക്ക് പറന്നിറങ്ങി. 56ാം മിനിറ്റിൽ റാഫിഞ്ഞ മൂന്നാം ഗോളും നേടി ബയേണിന്റെ നെഞ്ചത്ത് അവസാന ആണിയും അടിച്ചു. കൗമാര താരം ലാമിൻ യമാലിന്റെ മികച്ച അസിസ്റ്റാണ് ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ താരം വലയിലാക്കിയത്.
സിറ്റി, ലിവർപൂൾ, ഇന്റർ ജയിച്ചു
സൂപ്പർതാരം എർലിങ് ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിക്കായി ഡബിളടിച്ച മത്സരത്തിൽ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് ചെക് റിപ്പബ്ലിക് ക്ലബ് സ്പാർട്ട പ്രാഗിനെ പെപ് ഗ്വാർഡിയോളയും സംഘവും തരിപ്പണമാക്കി. ഹാലണ്ടിനെ കൂടാതെ, ഫിൽ ഫോഡൻ, ജോൺ സ്റ്റോൺസ്, മാത്യൂസ് നൂനസ് എന്നിവരും ഇത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റിക്കായി വലകുലുക്കി. മൂന്നാം മിനിറ്റിൽ തന്നെ ഫോഡൻ വരാനിരിക്കുന്ന ഗോൾവേട്ടയുടെ സൂചന നൽകി. മാനുവൽ അകാൻജിയാണ് ഗോളിന് വഴിയൊരുക്കിയത്. 58ാം മിനിറ്റിൽ അതിശയിപ്പിക്കുന്ന ഒരു അക്രോബാറ്റിക് ഗോളിലൂടെ ഹാലണ്ട് സിറ്റിയുടെ ലീഡ് വർധിപ്പിച്ചു. സാവീഞ്ഞോ ഗോൾ മുഖത്തേക്ക് ഉയർത്തി നൽകിയ പന്താണ് താരം ഉയർന്നുചാടി ഇടങ്കാൽ കൊണ്ട് വലയിലാക്കിയത്.
സ്പാർട്ട പ്രാഗിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്കായി ഗോൾ നേടിയ എർലിങ് ഹാലണ്ട്
64ാം മിനിറ്റിൽ ജോൺ സ്റ്റോൺസ് ഹെഡ്ഡറിലൂടെ വലകുലുക്കി. അധികം വൈകാതെ നോർവീജിയൻ താരം രണ്ടാം ഗോളും നേടി. 68ാം മിനിറ്റിൽ മത്തേയൂസ് നൂനസ് നൽകിയ പാസിൽനിന്നാണ് താരം ലക്ഷ്യം കണ്ടത്. 88ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി നൂനസ് ഗോൾ പട്ടിക പൂർത്തിയാക്കി. ലിവർപൂൾ ഏകപക്ഷീയമായ ഒരു ഗോളിന് ജർമൻ ക്ലബ് ആർ.ബി ലെയ്പ്സിഷിനെ പരാജയപ്പെടുത്തി. 27ാം മിനിറ്റിൽ മുഹമ്മദ് സലാഹിന്റെ അസിസ്റ്റിൽനിന്ന് ഡാർവിൻ നൂനസാണ് ചെമ്പടക്കായി വലകുലുക്കിയത്.
ജയത്തോടെ ലീഗ് പോയന്റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കാൻ ലിവര്‍പൂളിനും (9) സിറ്റിക്കുമായി (7). മറ്റൊരു പോരാട്ടത്തില്‍ സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മഡ്രിഡിനെ 1-3ന് ഫ്രഞ്ച് ക്ലബ് ലില്ലി പരാജയപ്പെടുത്തി. ഇന്റർ മിലാൻ 1-0ത്തിന് യങ് ബോയ്സിനെയും ഫെയ്നൂഡ് 3-1ന് ബെൻഫികയെയും തോൽപിച്ചപ്പോൾ ബ്രെസ്റ്റ്-ബയേർ ലെവർകുസെൻ മത്സരം 1-1ലും അത് ലാന്റ-സെൽറ്റിക് കളി ഗോൾരഹിത സമനിലയിലും അവസാനിച്ചു.