ജയം പിടിച്ച് ബാഴ്സയും ലിവർപൂളും ബയേണും ചെൽസിയും; ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിനരികെ
text_fieldsലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ട് സാധ്യത സജീവമാക്കി വമ്പന്മാരായ ബാഴ്സലോണയും ലിവർപൂളും ബയേൺ മ്യൂണിക്കും ചെൽസിയും ന്യൂകാസിൽ യുനൈറ്റഡും. സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സ ചെക്ക് ക്ലബ് സ്ലാവിയ പ്രാഗ്വിനെയും ബയേൺ മ്യൂണിക്ക് ബെൽജിയം ക്ലബ് യൂനിയൻ സെയ്ന്‍റ് ഗില്ലോയ്സിനെയും ചെൽസി സൈപ്രസ് ക്ലബ് പാഫോസിനെയും ലിവർപൂൾ ഫ്രഞ്ച് ക്ലബ് മാർസയെയും പാരജയപ്പെടുത്തി.
ലോപസിന്‍റെ ഇരട്ടഗോളിൽ ബാഴ്സ
ഫെർമിൻ ലോപസ് ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് സ്ലാവിയയെ ബാഴ്സ വീഴ്ത്തിയത്. ജയത്തോടെ അവസാന പതിനാറിന് അരികിലെത്തി ഹാൻസി ഫ്ലിക്കും സംഘവും. കൊടുംതണുപ്പിലാണ് (താപനില ആറു ഡിഗ്രി) സ്ലാവിയയുടെ തട്ടകത്തിൽ ബാഴ്സ പന്തുതട്ടാനിറങ്ങിയത്. സന്ദർശകരെ ഞെട്ടിച്ച് 10ാം മിനിറ്റിൽ ആതിഥേയർ ലീഡെടുത്തു. കോർണറിൽനിന്ന് വാസിൽ കുസെജുവാണ് വലകുലുക്കിയത്. 34, 42 മിനിറ്റുകളിലായിരുന്നു ലോപസിന്‍റെ ഗോളുകൾ. ഇടവേളക്കു പിരിയാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കെ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഓൺ ഗോളിലൂടെ സ്ലാവിയ മത്സരത്തിൽ ഒപ്പമെത്തി. 63ാം മിനിറ്റിൽ ഡാമി ഓൽമയിലൂടെ ബാഴ്സ വീണ്ടും മുന്നിലെത്തി. 70ാം മിനിറ്റിൽ ഓൺ ഗോളിന്‍റെ കടം ലെവൻഡോവ്സ്കി വീട്ടി. മാർകസ് റാഷ്ഫോർഡാണ് ഗോളിന് വഴിയൊരുക്കിയത്.
കെയ്നിന്‍റെ തോളിലേറി ബയേൺ
യൂനിയൻ സെയ്ന്‍റ് ഗില്ലോയ്സിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് ബയേൺ മറികടന്നത്. ബയേണിന്‍റെ തട്ടകമായ അലയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ഇംഗ്ലീഷ് താരം ഹാരി കെയ്നാണ് രണ്ടു ഗോളുകളും നേടിയത്. 81ാം മിനിറ്റിൽ താരം പെനാൽറ്റി നഷ്ടപ്പെടുത്തി.
രണ്ടാം മഞ്ഞകാർഡ് വാങ്ങി കിം മിൻ ജെ പുറത്തുപോയതിനാൽ അവസാന അരമണിക്കൂർ പത്തുപേരുമായാണ് ജർമൻ ക്ലബ് കളിച്ചത്. ഏഴു മത്സരങ്ങളിൽനിന്ന് 18 പോയന്‍റുള്ള ബയേൺ നോക്കൗട്ട് ഏറെക്കുറെ ഉറപ്പിച്ചു. 21 പോയന്‍റുമായി ഒന്നാമതുള്ള ആഴ്സനലിനു പിന്നിൽ രണ്ടാമതാണ് ബയേൺ. പോയന്‍റ് പട്ടികയിൽ ആദ്യ എട്ടിലെത്തുന്ന ടീമുകൾ നോക്കൗട്ടിലേക്ക് നേരിട്ട് യോഗ്യത നേടും. മത്സരത്തിന്‍റെ രണ്ടാം പകുതിയിലായിരുന്നു കെയ്നിന്‍റെ രണ്ടു ഗോളുകളും. 52ാം മിനിറ്റിൽ കോർണറിൽനിന്ന് വലകുലുക്കിയ ഇംഗ്ലീഷ് സ്ട്രൈക്കർ, 55ാം മിനിറ്റിൽ പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ചു.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ കഴിഞ്ഞ 38 ഹോം മത്സരങ്ങളിലും ബയേൺ തോൽവി അറിഞ്ഞിട്ടില്ല. 2013 ഡിസംബറിൽ മാഞ്ചസ്റ്റർ സിറ്റിയോടാണ് അവസാനമായി തോറ്റത്.
മൂന്നടിയിൽ ലിവർപൂൾ നാലിൽ
ഫ്രഞ്ച് ക്ലബ് മാർസയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ തകർത്തത്. ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹ് പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയ മത്സരത്തിൽ, ഡൊമിനിക് സൊബോസ്ലായി (45+1), കോഡി ഗാക്പോ (90+2) എന്നിവർ വലകുലുക്കി. മാർസെ ഗോൾ കീപ്പർ ജിറോണിമൊ റുല്ലിയുടെ വകയായിരുന്നു മറ്റൊരു ഗോൾ. ജയത്തോടെ 15 പോയന്‍റുമായി ലിവർപൂൾ നാലിലേക്ക് കയറി.
അടുത്തയാഴ്ച സ്വന്തം തട്ടകമായ ആൻഫീൽഡിൽ അസർബെയ്ജാൻ ക്ലബ് ഖരബാഗുമായാണ് മത്സരം. സൈപ്രസ് ക്ലബ് പാഫോസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസി തോൽപിച്ചത്. 77ാം മിനിറ്റിൽ മോയ്സസ് കെയ്സിഡോയാണ് വിജയ ഗോൾ നേടിയത്. യുവന്‍റസ് 2-0ത്തിന് ബെൻഫികയെയും ന്യൂകാസിൽ യുനൈറ്റഡ് 3-0ത്തിന് പി.എസ്.വി ഐന്തോവനെയും അത്ലറ്റികോ ബിൽബാവോ 3-2ന് അറ്റ്ലാന്‍റയെയും തോൽപിച്ചു.


