’മോഹന്‍ ബെഗൻ, ഈസ്റ്റ് ബെഗൻ’...രാജ്യത്തെ പ്രമുഖ ക്ലബുകളുടെ പേരുപോലുമറിയാത്ത കേന്ദ്ര കായിക മന്ത്രി, ട്രോളുകളുടെ പൂരം
text_fieldsമൻസൂഖ് മാണ്ഡവ്യ വാർത്താസമ്മേളനത്തിൽ Photo: PTI
ന്യൂഡൽഹി: രാജ്യത്തിന്റെ കായിക ഭരണം കൈയാളുന്ന കേന്ദ്ര സ്പോർട്സ് മന്ത്രിക്ക് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഫുട്ബാൾ ക്ലബുകളുടെ പേരുകൾ നേരാംവണ്ണം ഉച്ചരിക്കാൻ കഴിയാതെ പോയത് വ്യാപകമായ ട്രോളുകൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബാളിലെ വൻതോക്കുകളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നീ കൊൽക്കത്ത ക്ലബുകളുടെ പേരുകളാണ് വാർത്താസമ്മേളനത്തിൽ കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ പരിഹാസ്യമായ രീതിയിൽ ഉച്ചരിച്ചത്.
‘മോഹൻ ബെഗൻ, ഈസ്റ്റ് ബെഗൻ’ എന്നിങ്ങനെയായിരുന്നു ഇരു ക്ലബുകളുടെയും പേരുകൾ മന്ത്രി പറഞ്ഞത്. രാജ്യത്തെ കായിക പ്രേമികൾക്ക് മുഴുവൻ പരിചിതമായ ക്ലബുകളുടെ പേരുപോലും അറിയാത്തയാളാണോ ഇന്ത്യയിലെ കായിക രംഗത്തെ നയിക്കുന്നത്? എന്ന വിമർശനവും ട്രോളുകളുമാണ് ഉയരുന്നത്.
സ്വാഭാവികമായ നാക്കുപിഴ എന്നതിനപ്പുറം ഒരു കായിക മന്ത്രി തന്നെ രാജ്യത്തെ പ്രധാനപ്പെട്ട ക്ലബുകളുടെ പേരുകള്‍ തെറ്റായി പറയുന്നത് സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായി. കായിക രംഗത്തെ സമഗ്രമായി വിശകലനം ചെയ്യുന്നവരും കളിയെ ആവേശപൂർവം സമീപിക്കുന്ന കളിക്കമ്പക്കാരുമൊക്കെ മന്ത്രിയുടെ അജ്ഞതയെ വിമർശിച്ച് കുറിപ്പുകളുമെഴുതി.
ചൊവ്വാഴ്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് തീയതി പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തിനിടെയാണ് പ്രശസ്ത ക്ലബുകളുടെ പേരുകള്‍ മന്ത്രി തെറ്റായി ഉച്ചരിച്ചത്. നോക്കി വായിക്കുന്നതിനിടെയാണ് അബദ്ധമെന്നതും വിമർശനത്തിന് ആക്കം കൂട്ടി. അടുത്തിരിക്കുന്നയാൾ ക്ലബുകളുടെ പേരുകൾ കേന്ദ്ര മന്ത്രിക്ക് പതിഞ്ഞ സ്വരത്തിൽ പറഞ്ഞുകൊടുക്കുന്നതും വിഡിയോയിൽ കേൾക്കാം. എന്നിട്ടും മന്ത്രി തെറ്റിച്ചു. മുൻ രാജ്യാന്തര താരം കൂടിയായ അഖിലേന്ത്യാ ഫുട്‌ബാള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെയും വാർത്താസമ്മേളനത്തിൽ സന്നിഹിതനായിരുന്നു.
അതേസമയം, കേന്ദ്ര കായിക വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വിദ്യാഭ്യാസ യോഗ്യതകളും ഇതോടൊപ്പം ചർച്ചയാകുന്നുണ്ട്. പൊളിറ്റിക്കൽ സയൻസിൽ എം.എയും പി.എച്ച്.ഡിയും ഉള്ളയാളാണ് ഇദ്ദേഹമത്രെ. ഭാവ്നഗർ യൂനിവേഴ്സിറ്റിയിൽനിന്നാണ് എം.എ എടുത്തത്. അഹ്മദാബാദിലെ ഗുജറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ചിൽ നിന്നാണ് മാണ്ഡവ്യയുടെ പി.എച്ച്.ഡി എന്ന് രേഖകൾ പറയുന്നു. 2012 ഒക്ടോബർ 21നാണ് പി.എച്ച്.ഡി പൂർത്തിയാക്കിയിട്ടുള്ളത്. ഭാവ്നഗർ യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എസ്.സിയും എൽ.എൽ.ബിയും എടുത്തതായി 2002ൽ നൽകിയ ഒരു സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിരുന്നു.
ഇത്രയൊക്കെ യോഗ്യത പേരിനൊപ്പമുണ്ടായിട്ടും നോക്കി വായിക്കാൻ പോലുമറിയാത്ത മന്ത്രിയുടെ ‘ദൈന്യത’യാണ് പരിഹാസത്തിന് വഴിയൊരുക്കിയത്. ഒപ്പം, ഇദ്ദേഹത്തിന്റെ പഴയ സോഷ്യൽ മീഡിയ പോസ്റ്റുകളൊക്കെ നെറ്റിസൺസ് കുത്തിപ്പൊക്കിക്കൊണ്ടിരിക്കുകയാണ്. അവയിലൊക്കെ അപ്പടി അക്ഷരത്തെറ്റാണുള്ളത്.
ബി.ജെ.പിയുടെ ബംഗാൾ വിരുദ്ധ സമീപനത്തിന്റെ ഉദാഹരണമാണ് ഇതെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. നൂറ്റാണ്ടു പിന്നിട്ട പ്രമുഖ ബംഗാൾ ക്ലബുകളുടെ പേരുകൾ അവരർഹിക്കുന്ന ആദരവിൽ ഉച്ചരിക്കുന്നതിൽ മാണ്ഡവ്യ പരാജയപ്പെട്ടിരിക്കുന്നുവെന്ന് തൃണമൂൽ കുറ്റപ്പെടുത്തി.


