'അടിയേന്ത്യ'കളാകുന്ന സെവൻസ് മൈതാനങ്ങൾ
text_fieldsമലപ്പുറം : മലബാറിന് അഖിലേന്ത്യാ സെവൻസ് എന്നാൽ ഒരു നാടിന്‍റെ ഉത്സവമാണ്. കാലങ്ങളായുള്ള കാൽപന്താട്ടത്തിന്‍റെ പോരാട്ടവീഥിയിൽ ചരിത്രം കുറിച്ചവരേറെ. പാടത്തും പറമ്പത്തും പന്ത് തട്ടി തുടങ്ങി രാജ്യത്തിന്‍റെ നീലക്കുപ്പായമണിഞ്ഞവർ വരെ ഇതിലുണ്ട്.
എന്നാൽ ഈയിടെയായി സെവൻസ് മത്സരങ്ങളിൽ കൈയ്യാങ്കളി പതിവാണ്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന ഫൈനലൽ മത്സരത്തിൽ ഒരു കളിക്കാരൻ മത്സരം നിയന്ത്രിച്ച റഫറിയെയാണ് തല്ലിയത്. കളി മുഴുവിപ്പിക്കാനാകാതെ ആംബുലൻസിലാണ് റഫറിയെ ആശുപത്രിയിലെത്തിച്ചത്.
കളിക്കിടയിൽ വീണുകിടന്ന താരത്തിന്റെ നെഞ്ചത്ത് ഒരു വിദേശ താരം ചവിട്ടിയ വാർത്തയും വീഡിയോയും ഏറെ ഞെട്ടലുണ്ടാക്കി. എടത്താനട്ടുക്കരയിലെ ടൂർണമെന്റിൽ റഫറിയെ കൈയ്യേറ്റം ചെയ്ത താരത്തെ കാണികളാണ് കൈകാര്യം ചെയ്തത്. കളിക്കാർ തമ്മിലും കളിക്കാരും റഫറിയും, കളിക്കാരും കാണികളും തുടങ്ങിയവരെല്ലാം നിയമം കൈയ്യിലെടുക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് കടിഞ്ഞാണിടാൻ തയാറായില്ലെങ്കിൽ വളർന്നു വരുന്ന ഒരുപാട് പ്രാതിഭാധരരായ താരങ്ങളുടെ ഭാവിയാണ് അവതാളത്തിലാകുന്നത്.
വേണം നിയമ പരിഷ്കാരങ്ങൾ
സാധാരണ ഫുട്ബോൾ മത്സരങ്ങളിൽ അച്ചടക്ക നടപടിയുടെ ഭാഗമായി ചുവപ്പ് കാർഡ് ലഭിച്ച് കയറേണ്ടിവരുന്ന താരത്തിന് പകരം മറ്റു താരത്തെ കളിപ്പിക്കാൻ പാടില്ല. എന്നാൽ സെവൻസ് മത്സരങ്ങളിൽ റെഡ് കാർഡ് ലഭിച്ച് ഒരു താരം കയറിയാൽ മറ്റൊരു താരത്തെ ഇറക്കാൻ കഴിയും. അതുകൊണ്ടുതന്നെ അച്ചടക്ക നടപടി നേരിടുന്നത് താര സമ്പന്നമായ ടീമിനെ സംബന്ധിച്ചിടത്തോളം ഒരുതരത്തിലും ബാധിക്കുന്നില്ല. ഇത് ഒരു തരത്തിൽ അച്ചടക്ക ലംഘനത്തിനുള്ള ലൈസൻസ് കൂടിയായി മാറുന്നു.
അതിരുവിടുന്ന വീറും വാശിയും
വിദേശ താരങ്ങളുൾപ്പെടെ പന്ത് തട്ടുന്ന മത്സരം 60 മിനുട്ട് നീണ്ടുനിൽക്കുന്നതാണ്. കളി മൈതാനത്തെ വീറും വാശിയും പലപ്പോഴും അതിരുവിടാറുണ്ട്. കളിയിലുടനീളം താരങ്ങൾ പരുക്കൻ കളിയാണ് പുറത്തെടുക്കുന്നത്. കാണികളുടെ വൈകാരികമായ പിന്തുണ താരങ്ങളുടെ മാനോഭാവത്തിലും മാറ്റമുണ്ടാക്കുന്നു. ഉയർന്ന പ്രതിഫലം ലഭിക്കുന്നതാണ് പല പ്രൊഫഷണൽ താരങ്ങളെയും സെവൻസിലേക്ക് ആകർഷിക്കുന്നത്. പല സന്തോഷ് ട്രോഫി, സൂപ്പർ ലീഗ് കേരള താരങ്ങൾ പോലും സെവൻസിന് ബൂട്ട് കെട്ടാറുണ്ട്. എന്നാൽ അപകടകരമായ കളി ഇത്തരത്തിലുള്ള പല താരങ്ങളുടെയും ഫുട്ബോൾ കരിയർ തന്നെ ഇല്ലാതാക്കുന്ന തരത്തിലാണ്.
കാണികൾക്കും വേണം നിയന്ത്രണം
ഓരോ മത്സരത്തിനും ആയിരക്കണക്കിന് ഫുട്ബോൾ ആസ്വാദകരാണ് കളിക്കെത്തുന്നത്. ആളുകളുടെ തള്ളിക്കയറ്റം ഗ്യാലറികൾ പോലും തകരുന്ന അവസ്ഥ വരെയുണ്ടാക്കാറുണ്ട്. ആബാലവൃദ്ധം ജനങ്ങളുടെ ഈ ഒഴുക്കിനെയും തിരക്കിനെയും നിയന്ത്രിക്കാൻ മതിയായ പോലീസുകാരോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതും സെവൻസിന്റെ പ്രതിസന്ധികളിലൊന്നാണ്.
നിയമം കര്‍ശനമാക്കാന്‍ ആലോചനയുണ്ട് ( കെ.എം. ലെനിന്‍ -സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് )
അക്രമ സ്വഭാവം സെവന്‍സില്‍ കൂടുന്നതുകൊണ്ട് നിയമം കര്‍ശനമാക്കാന്‍ ആലോചനയുണ്ട്. പെരിന്തൽമണ്ണ കാദറലി മെമ്മോറിയൽ ടൂർണമെന്‍റിൽ റഫറിക്ക് നേരെ അക്രമം കാണിച്ച കളിക്കാരനെ അന്വേഷണ വിധേയമായി ടൂര്‍ണമെന്റില്‍ നിന്ന് വലിക്കിയിട്ടുണ്ട്. അടിയന്തിരമായി ചേര്‍ന്ന അച്ചടക്ക സമിതിയുടേതാണ് തീരുമാനം. ചുവപ്പ് കാര്‍ഡ് കിട്ടിയാല്‍ പകരം കളിക്കാരന്‍ ഇറങ്ങുന്നതാണ് നിലവിലെ നിയമം. ഇതില്‍ മാറ്റം വേണോയെന്ന് തീരുമാനിച്ചിട്ടില്ല.
റഫറിയെ മർദിച്ച താരത്തിന് സസ്പെൻഷൻ
പെരിന്തൽമണ്ണ കാദറലി മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ റഫറിയെ കൈയ്യേറ്റം ചെയ്ത താരത്തിന് സസ്പെൻഷൻ. വെള്ളിയാഴ്ച രാത്രി ഫിഫ മഞ്ചേരിയും അഭിലാഷ് എഫ്.സി കുപ്പൂത്തും തമ്മിലുള്ള മത്സരത്തിലാണ് എഫ്.സി കുപ്പൂത്തിന്റെ താരമായ റിൻഷാദ് കളി നിയന്ത്രിച്ച സെന്റർ റഫറി സെമീർ പന്തല്ലൂരിനെ മർദ്ദിച്ചത്. കളി മുഴുവിപ്പിക്കാനാകാതെ ആംബുലൻസിലാണ് സമീറിനെ ആശുപത്രിയിലെത്തിച്ചത്. റഫറിയെ കൈയ്യേറ്റം ചെയ്ത താരത്തെ എസ്.എഫ്.എ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.