'ലീഗിന് ചില കളിനിയമങ്ങളുണ്ട്, അതിനെതിരാണ് ഇത്'; മെസ്സിയെ വിലക്കാനൊരുങ്ങി എം.എൽ.എസ്
text_fieldsഫ്ലോറിഡ: എം.എൽ.എസ് ഓൾ-സ്റ്റാർ ഗെയിമിൽ നിന്ന് അവസാന നിമിഷം പിന്മാറിയതിന് ഇന്റർമയാമി സൂപ്പർതാരം ലയണൽ മെസ്സിക്കും ജോർഡി ആൽബക്കുമെതിരെ നടപടിക്ക് സാധ്യത. ഒരു മത്സരത്തിൽ നിന്ന് വിലക്കുണ്ടാകുമെന്നാണ് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, വിഷയത്തിൽ മേജർ ലീഗ് സോക്കർ കമ്മീഷണർ ഡോൺ ഗാർബർ ഇതുവരെ കൃത്യമായ മറുപടി നൽകിയിട്ടില്ല.
ലീഗ് നിയമങ്ങൾ പ്രകാരം പരിക്ക് പോലുള്ള വ്യക്തമായ കാരണങ്ങൾ കൂടാതെ പിന്മാറാൻ കളിക്കാർക്ക് അനുവാദമില്ല. കൃത്യമായ വിശദീകരണമില്ലെങ്കിൽ കളിക്കാർക്ക് സാധാരണ ഒരു മത്സരത്തിലെ വിലക്ക് ലഭിക്കും. അങ്ങനെയെങ്കിൽ മെസ്സിക്ക് സിൻസിനാറ്റിക്കെതിരെ വരാനിരിക്കുന്ന ലീഗ് മത്സരം നഷ്ടമായേക്കും.
അതേസമയം, മറ്റേത് ടീമിൽ നിന്നും വ്യത്യസ്തമായ ഷെഡ്യൂളാണ് ഇന്റർമായമിയുടേത് എന്നത് കൊണ്ട് വിലക്കിന് ഇളവ് ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 35 ദിവസത്തിനിടെ മെസ്സി ഒമ്പത് മത്സരങ്ങൾ കളിച്ചു, നാല് ക്ലബ് ലോകകപ്പിലും അഞ്ച് ആഭ്യന്തര മത്സരങ്ങളിലും, ഓരോ മത്സരത്തിലും 90 മിനിറ്റ് വീതം കളിച്ചു. മിക്ക ടീമുകൾക്കും 10 ദിവസത്തെ ഇടവേള ഉണ്ടായിരുന്നു.
അതേസമയം, ഞങ്ങൾക്ക് ചില കളി നിയമങ്ങളുണ്ട്. അതുപ്രകാരം മുന്നോട്ടുപോകുമെന്ന സൂചനയാണ് ഡോൺ ഗാർബർ നൽകുന്നത്.
മെസ്സി എം.എൽ.എസ് വിട്ട് യൂറോപ്പിലേക്ക്?
ന്യൂയോർക്ക്: അർജന്‍റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി യൂറോപ്യൻ ഫുട്ബാളിലേക്ക് തിരിച്ചുപോകുന്നു? ഡിസംബറിൽ മേജർ സോക്കർ ലീഗ് ക്ലബ് ഇന്‍റർ മയാമിയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കും.
ഇതോടെ എം.എൽ.എസ് വിട്ട് താരം യൂറോപ്പിലേക്ക് ചുവടുമാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞദിവസം ബാഴ്സലോണയിൽ സഹതാരമായിരുന്ന സെസ് ഫാബ്രിഗസിന്‍റെ വീട്ടിൽ മെസ്സിയെ കണ്ടതാണ് യൂറോപ്പിലേക്ക് മടങ്ങുന്നുവെന്ന ഊഹാപോഹങ്ങൾക്ക് ശക്തിപകർന്നത്. നിലവിൽ ഇറ്റാലിയൻ ക്ലബ് കോമോയുടെ പരിശീലകനാണ് ഫാബ്രിഗസ്. മെസ്സി ഇറ്റാലിയൻ സീരീ എ യിലേക്ക് പോകുമെന്നാണ് അഭ്യൂഹം. അതേസമയം, മെസ്സിയുടെ സന്ദർശനം തീർത്തും വ്യക്തിപരമാണെന്നാണ് ഫാബ്രിഗസ് പ്രതികരിച്ചത്.
‘അവധി ആഘോഷത്തിനിടെയാണ് മെസ്സി വീട്ടിലെത്തിയത്. ഏതാനും സുഹൃത്തുക്കളെ കാണാനാണ് അദ്ദേഹം വന്നത്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, ഭാര്യമാരും മക്കളും അതുപോലെ തന്നെ. പക്ഷേ, നിലവിൽ അദ്ദേഹം യു.എസിലാണ്’ -ഫാബ്രിഗസ് പറഞ്ഞു. ഇതോടൊപ്പം ഒരിക്കലും ഇല്ലെന്ന് പറയരുതെന്ന ഫാബ്രിഗസിന്‍റെ വാക്കുകളാണ് മെസ്സി എം.എൽ.എസ് വിട്ടേക്കുമെന്ന അഭ്യൂഹത്തിന് തിരികൊളുത്തിയത്.
സീരീ എയിലേക്ക് പുതുതായി സ്ഥാനക്കയറ്റം കിട്ടിയ ടീമാണ് കോമോ. അതുകൊണ്ടു തന്നെ ട്രാൻസ്ഫർ വിപണിയിൽ കാര്യമായി തന്നെ ഇറങ്ങി കളിക്കുന്നുണ്ട്. സ്പാനിഷ് സ്ട്രൈക്കർ അൽവാരോ മൊറാട്ട കോമോയിലേക്കെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്.
2021ലാണ് ഫുട്ബാൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മെസ്സി ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തുന്നത്. നീണ്ട 17 സീസണുകളിൽ ബാഴ്‌സക്കായി ബൂട്ടുകെട്ടിയ താരം 778 മത്സരങ്ങളില്‍ നിന്നായി 672 ഗോളും 303 അസിസ്റ്റും സ്വന്തമാക്കി. ലീഗ് കിരീടങ്ങളും സൂപ്പര്‍ കപ്പും ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ക്ലബ് വേള്‍ഡ് കപ്പുമായി 35 കിരീടങ്ങളും മെസി ടീമിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. പിന്നാലെ പി.എസ്.ജി വിട്ട് എം.എല്‍.എസ് ടീമായ ഇന്റര്‍ മയാമിയിലേക്ക് മാറി.
ബാഴ്സലോണയുടെയും ചെൽസിയുടെയും ആഴ്സനലിന്റെയും സ്പെയിൻ ദേശീയ ടീമിന്റെയും മധ്യനിരയിലെ ശ്രദ്ധേയ താരമായിരുന്നു ഫാബ്രിഗസ്. 2008ലും 2012ലും തുടർച്ചയായി യൂറോകപ്പ് നേടിയ സ്പെയിൻ ടീമിലും ഫാബ്രിഗസുണ്ടായിരുന്നു. 2012-13 സീസണിൽ ബാഴ്സലോണ സ്പാനിഷ് ലീഗ് കിരീടം നേടിയപ്പോൾ ഫാബ്രിഗസും പങ്കാളിയായി.