Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പിൽ അർജന്റീനക്ക്...

ലോകകപ്പിൽ അർജന്റീനക്ക് തിരിച്ചടി? മൂന്നു പ്രമു​ഖ താരങ്ങൾ ഒരേദിവസം പരിക്കിന്റെ പിടിയിൽ

text_fields
bookmark_border
ലോകകപ്പിൽ അർജന്റീനക്ക് തിരിച്ചടി? മൂന്നു പ്രമു​ഖ താരങ്ങൾ ഒരേദിവസം പരിക്കിന്റെ പിടിയിൽ
cancel

ബ്വേനസ് എയ്റിസ്: ലോകചാമ്പ്യൻപട്ടം നിലനിർത്താൻ കോപ്പുകൂട്ടുന്ന അർജന്റീന ടീമിന് ആധിയേറ്റി മൂന്നു മുൻനിര താരങ്ങൾ ഒരേദിവസം പരിക്കിന്റെ പിടിയിൽ. ജൂൺ 11ന് തുടങ്ങുന്ന വിശ്വമേളയിൽ ഇവരുടെ സാന്നിധ്യത്തിന് പരിക്ക് വിലങ്ങുതടിയാവുമോ എന്ന ആശങ്കയിലാണ് അർജന്റീന ഫുട്ബാൾ ടീം. മൂന്നുപേരും ടീമിൽ ഫസ്റ്റ് ഇലവനിൽ ബൂട്ടണിയുന്ന താരങ്ങളാണ്.

സെൻട്രൽ ഡിഫൻസിൽ നിക്കോളാസ് ഒടാമെൻഡിക്കൊപ്പം കോട്ട കാക്കുന്ന വിശ്വസ്ത ഭടൻ ക്രിസ്റ്റ്യൻ റൊമേറോക്ക് പരിക്ക് പറ്റിയത് ഞായറാഴ്ച സണ്ടർലാൻഡിനെതിരായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ്. ടോട്ടൻഹാം ഹോട്സപറിന്റെ നായകനായ റൊമേറോ പരിക്കേറ്റ് കളിക്കിടെ കരക്കുകയറുകയായിരുന്നു. സഹതാരവും ഗോളിയുമായ അന്റോണിൻ കിൻസ്കിയുമായി കൂട്ടിയിടിച്ച് വീണാണ് പരിക്ക് പറ്റിയത്. കരഞ്ഞുകൊണ്ടാണ് 27കാരനായ റൊമേറോ കളംവിട്ടത്. ലോകകപ്പ് നഷ്ടമാവുന്ന രീതിയിൽ ഗുരുതര പരിക്കാണോ ഏറ്റതെന്നതിനെക്കുറിച്ച് ടീം അധികൃതർ വിശദീകരിച്ചിട്ടില്ല.

സൂപ്പർ ഗോളി എമിലിയാനോ മാർട്ടിനെസാണ് പരിക്കേറ്റ രണ്ടാമൻ. ആസ്റ്റൺ വില്ലക്കൊപ്പം വാംഅപ് മത്സരത്തിൽ പങ്കെടുക്കവേയാണ് എമിക്ക് പരിക്ക് പറ്റിയത്. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരായ മത്സരത്തിനു മുന്നോടിയായി നടന്ന വാംഅപ് മത്സരത്തിലായിരുന്നു പരിക്ക്. നോട്ടിങ്ഹാമിനെതിരെ മാർട്ടിനെസിന് പകരം മാർകോ ബിസോട്ടാണ് ഗോൾവല കാത്തത്. പരിക്കിന്റെ വ്യാപ്തിയെക്കുറിച്ച് ആസ്റ്റൺ വില്ല ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പരിക്കുകാരണം രണ്ടു മാസത്തോളം പുറത്തിരുന്ന ശേഷം തിരിച്ചെത്തിയ സ്ട്രൈക്കർ ലൗതാരോ മാർട്ടിനെസ് വീണ്ടും കളത്തിനു പുറത്തായതാണ് അർജന്റീനയെ കുഴക്കുന്ന മറ്റൊരു വാർത്ത. ഇന്റർമിലാന് വേണ്ടി മികച്ച ഫോമിൽ കളിക്കുന്നതിനിടെയാണ് ലൗതാറോയുടെ ഇടതുകാലിന്റെ പേശിക്ക് പരിക്കേറ്റത്. തുടർന്ന് ആഴ്ചകൾ പുറത്തിരുന്ന ശേഷം കളിയിൽ തിരിച്ചെത്തിയ ലൗതാരോ വീണ്ടും പരിക്കിന്റെ പിടിയിലാണെന്നാണ് ക്ലബ് വൃത്തങ്ങൾ വിശദീകരിച്ചത്. കോമോ, കാഗ്ലിയാരി ടീമുകൾക്കെതിരായ സീരീ എ മത്സരങ്ങളിലും കോപ്പ ഇറ്റാലിയ സെമി ഫൈനൽ രണ്ടാം പാദത്തിലും 28കാരൻ കളിക്കില്ലെന്നാണ് ഇന്റർ മിലാൻ വൃത്തങ്ങൾ നൽകുന്ന സൂചന. ലോകകപ്പിന് രണ്ടു മാസം മാത്രം ബാക്കിയിരിക്കേ, ലൗതാരോ അർജന്റീന നിരയിൽ കളിക്കുന്നതിനു​ള്ള ഫിറ്റ്നസ് ആർജിക്കുമോ എന്നത് ഇപ്പോഴും സംശയത്തിലാണ്.

Show Full Article
TAGS:FIFA World Cup 2026 Argentina Football Team Injury football world cup 
News Summary - World Cup setback for Argentina? Three prominent players injured
Next Story