കേരള സ്കൂൾ കായിക മേളയിൽ മുളച്ചുപൊങ്ങിയ സൗഹൃദം
text_fieldsകൈവിടാതെ.... ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ടിൽ ഒരൊറ്റ മുള പങ്കിട്ട് മത്സരിച്ച മൂർക്കനാട് എസ്.എസ്.എച്ച്.എസ്.എസിലെ റയിഷ്, താനൂർ എസ്.എം.എം.എച്ച്.എസ്.എസിലെ മുഹമ്മദ്
അജ് വദ്, കെ.പി സാബിത്ത്, പട്ടാമ്പി സെന്റ് പോൾ സ്കൂളിലെ മുഹമ്മദ് ഫാരിസ് എന്നിവർ
തിരുവനന്തപുരം: പോൾവാൾട്ടിൽ മത്സരിക്കാൻ ഫൈബറിന്‍റെ വിലകൂടിയ പോൾ വേണം. താനൂർ റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്സ്പ്രസ്സും കാത്തിരിക്കുമ്പോൾ അജ് വദിന്റെയും ബാസിത്തിന്റെയും കൈയിൽ ഒരു മുള പോലുമില്ലായിരുന്നു. രായിരിമംഗലം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ഇവർക്ക് തൊട്ടടുത്ത ദിവസമാണ് സംസ്ഥാന കായികമേളയിൽ മലപ്പുറം ജില്ലക്കായി പോൾവാൾട്ടിനിറങ്ങേണ്ടത്. പരിശീലനം നടത്തിയിരുന്ന മുള വടി ഉപജില്ല മത്സരത്തിൽ പൊട്ടിപ്പോയി. ജില്ല മത്സരത്തിൽ കടം വാങ്ങിയ മുള കൊണ്ടാണ് ഇവർ വിജയികളായത്.
‘നമ്മുടെ നാടല്ലെടാ, ആരെങ്കിലുമൊക്കെ തരാതിരിക്കില്ലല്ലോ’ നാട്ടുകാരനും കോച്ചുമായ ഫർഷീക്കിന്റെ പ്രതീക്ഷയുടെ മാത്രം ബലത്തിലാണ് അവർ അനന്തപുരിയിലേക്ക് വണ്ടി കയറിയത്. ഇവിടെയെത്തിയപ്പോഴാണ് തങ്ങൾക്ക് ജില്ല മത്സരത്തിൽ മുള കടം നൽകിയ മൂർക്കനാട് എസ്.എസ്.എച്ച്.എസ്.എസിലെ റയിഷിനെ കാണുന്നത്. സ്വന്തമായുള്ള മുളയുടെ വലിപ്പക്കുറവ് തനിക്കും ബുദ്ധിമുട്ടാണെന്ന് അവനും പറഞ്ഞു.
എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് ഇവർക്ക് പുതിയൊരു കൂട്ടുകാരനെ കിട്ടുന്നത്. പാലക്കാട് പട്ടാമ്പി സെൻറ് പോൾ സ്കൂളിലെ മുഹമ്മദ് ഫാരിസ്. ‘നമുക്കെല്ലാവർക്കും എന്റെ മുള മതിയല്ലോ’ എന്ന് ഫാരിസ് പറഞ്ഞതോടെ നാലുപേരും ഹാപ്പി. മത്സരം നടന്നപ്പോൾ പെയ്ത മഴയിൽ മൈതാനത്തൊരു സൗഹൃദവും കിളിർത്തു. ആ സൗഹൃദത്തിൻറെ ചിറകിലേറി നാലുപേരും മത്സരിച്ചു. മറ്റ് കുട്ടികൾ വില കൂടിയ ഫൈബർ പോൾ ഉപയോഗിച്ചാണ് മത്സരിച്ചത്. ഇല്ലായ്മകളും പരിമിതികളും ഏറെയുണ്ടായിട്ടും ചേർത്തുനിർത്തലിന്റെയും പങ്കുവെക്കലിന്റെയും പാഠങ്ങൾ ലോകത്തോട് അവർ വിളിച്ചുപറഞ്ഞു. മെഡലുകൾ വാരിക്കൂട്ടാനായില്ലെങ്കിലും മനോഹരമായ ഒരു സൗഹൃദത്തിൻറെയും പങ്കുവെക്കലിന്റെയും ഓർമകളുമായാണ് നാലുപേരും തലസ്ഥാനം വിടുന്നത്.


