
ഇനിയവർ ഒരുമിച്ച് പന്തുതട്ടട്ടേ
text_fields‘‘വല്ലാതെ സങ്കടപ്പെടുത്തുന്ന വാർത്ത. എനിക്ക് നഷ്ടം ഉറ്റചങ്ങാതിയെയാണ്; ലോകത്തിന് ഒരു ഇതിഹാസത്തെയും. ഒരുനാൾ അവനൊപ്പം സ്വർഗത്തിൽ പന്തുതട്ടാനാകുന്ന കാത്തിരിപ്പിലാണ് ഞാൻ’’ -രണ്ടു വർഷം മുമ്പ് അർജന്റീനക്കൊപ്പം ലോകത്തെയും കരയിച്ച് സോക്കർ മാന്ത്രികൻ ഡീഗോ ജീവിതത്തിന്റെ മൈതാനം വിടുമ്പോൾ അങ്ങകലെ ബ്രസീൽ നഗരമായ സാന്റോസിൽനിന്ന് മറ്റൊരു ഇതിഹാസം ട്വീറ്റ് ചെയ്ത ഉള്ളുലക്കുന്ന വാക്കുകൾ. വളരെ അടുത്തായി രണ്ടു കാലഘട്ടങ്ങളിൽ പന്തുതട്ടിയ, ഏറ്റവും മികച്ചവൻ ആരെന്ന ചോദ്യത്തിന് പരസ്പരം കലഹിച്ച രണ്ടുപേർ ഹൃദയത്തിൽ ചേർത്തുനിർത്തിയ ഊഷ്മളതയെ അത്രമേൽ അടയാളപ്പെടുത്താൻ ഇനിയൊരാൾക്കാകുമെന്ന് തോന്നുന്നില്ല. രണ്ടു വർഷം കഴിഞ്ഞ് ഈ കൂട്ടുകാരനും മടങ്ങുമ്പോൾ ലോകം വലിയ ശൂന്യതക്കു മുന്നിൽ പകച്ചുനിൽക്കുകയാണ്. ഇനിയേറെ പേർക്ക് സാധ്യമാകാനിടയില്ലാത്ത സുമോഹന മുഹൂർത്തങ്ങൾ സമ്മാനിച്ച് പച്ചപ്പുൽമൈതാനങ്ങളിൽ തെന്നിത്തുളുമ്പി നീങ്ങിയ ഈ കാലുകളുടെ പിന്മുറക്കാർ ഇനിയാരൊക്കെയാകും?
17കാരനായിരിക്കെ 1958ൽ വിശ്വകിരീടം മാറോടുചേർത്ത് ലോകം പരിചയിച്ചുതുടങ്ങിയ കരിയറിൽ പിന്നീടെല്ലാം അതിവേഗത്തിലായിരുന്നു. സെമിയിൽ ഹാട്രിക് കുറിച്ചും ഫൈനലിൽ രണ്ടു ഗോളുകൾകൂടി നേടിയും ഒറ്റയാനായി കളംനിറഞ്ഞ അവനൊപ്പം മഞ്ഞജഴ്സിയും ലോകത്തിന്റേതായി മാറി. 15ാം വയസ്സിൽ സാന്റോസ് ക്ലബിൽ ബൂട്ടുകെട്ടിയവനെ ‘ഒ റീ’ അഥവാ ‘രാജാവ്’ എന്ന പേരു നൽകിയാണ് ജന്മനാട് മുന്നിൽനിർത്തിയത്.
ടെലിവിഷൻ കാഴ്ചകളുടെ അപാര സാധ്യതകൾ ലോകത്തെ വിഭ്രമിപ്പിച്ചുതുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ, അപ്പോൾ. എന്നിട്ടും കിട്ടിയ ദൃശ്യങ്ങളുടെ ചാരുതയിൽ ലോകം കുളിച്ചുനിന്നു.
ഓരോ തവണയും പന്ത് കാലുകളിലെത്തുമ്പോൾ അത്ഭുതലോകത്തുനിന്നെത്തിയവനെപ്പോലെ അവൻ കുതിക്കുന്നതും കൺപാർത്തുനിന്നു. പൊടുന്നനെയെത്തിയ മിന്നായങ്ങളായിരുന്നു അവന്റെ ഓരോ സ്പർശവും. എതിരാളികൾ എത്രപേർ വലയംചെയ്തുനിന്നാലും അവനു പടർന്നുകയറാൻ പാകത്തിൽ എളുപ്പവഴികൾ തുറന്നുകിടന്നു. ഇടക്കു നിർത്തിയും അതിലേറെ വേഗത്തിൽ ഓടിക്കയറിയും ടീമുകളെ അവൻ കുതൂഹലപ്പെടുത്തി. പെലെക്കൊപ്പം ജയിച്ചാണ് കാനറികൾ മൂന്നു തവണ ലോകകിരീടത്തിൽ മുത്തമിട്ടത്, സാന്റോസ് ക്ലബ് എണ്ണമറ്റ തവണ ബ്രസീൽ ലീഗ് ചാമ്പ്യന്മാരായത്.
ഇംഗ്ലീഷ് ഇതിഹാസം ബോബി മൂർ ഒരിക്കൽ പറയുന്നുണ്ട്: ‘‘അയാളെ ടാക്ലിങ് നടത്തുമ്പോൾ ഒന്നുകിൽ പന്ത്, അല്ലെങ്കിൽ പെലെ- രണ്ടിലൊന്ന് വരുതിയിലായെന്നു തോന്നും നിങ്ങൾക്ക്. പക്ഷേ, രണ്ടും നിങ്ങളെ കടന്ന് എപ്പോഴേ പോയിട്ടുണ്ടാകും.’’ എതിരാളികളെ കടക്കാൻ പലതായിരുന്നു പെലെക്ക് വഴികൾ. മുന്നിൽ കാലുകൾ വിരിച്ച് ഓടിയണയുന്ന പ്രതിരോധതാരത്തിന്റെ കണങ്കാലിലടിച്ച് ബൗൺസ് ചെയ്യുന്ന പന്തുമായി കുതിക്കുന്നതായിരുന്നു അതിലൊന്ന്. പന്തു ലഭിച്ചെന്ന് എതിരാളി ആശ്വസിക്കുമ്പോഴേക്ക് പെലെ അടുത്തവനെയും പിന്നിട്ട് ലക്ഷ്യത്തിലെത്തിയിട്ടുണ്ടാകും.
അസ്റ്റെക മൈതാനത്ത് ഇറ്റലിയുമായി മുഖാമുഖം നിന്ന 1970ലെ ഫൈനലിൽ നേടിയ ഹെഡർ ഗോൾപോലെ എണ്ണമറ്റ മനോഹര ഗോളുകൾ.
കരിയറിൽ 1283 വട്ടം വലകുലുക്കിയെന്നത് ഇനിയും ഭേദിക്കപ്പെടാതെ കിടക്കുന്ന റെക്കോഡുകളിൽ ഒന്നുമാത്രം. മറഡോണ 300ലേറെ ഗോളുകൾ ക്ലബിനായി നേടിയപ്പോൾ അതിന്റെ ഇരട്ടിയിലേറെയായിരുന്നു പെലെയുടെ പേരിൽ. രാജ്യത്തിനായി പെലെ 77 തവണ സ്കോർ ചെയ്തപ്പോൾ മറഡോണ കുറിച്ചത് 34 എണ്ണം. ഇവിടെയെല്ലാം എതിരാളി മറഡോണ മാത്രമെങ്കിൽ ഒരാളും എതിർക്കാൻ വരാത്ത റെക്കോഡുകൾ പലതു വേറെയുണ്ട് ആ വിലപിടിച്ച കരിയറിൽ. ലോകകിരീടം ചൂടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം (17ാം വയസ്സിൽ), ഏറ്റവും പ്രായം കുറഞ്ഞ ലോകകപ്പ് ഹാട്രിക്കുകാരൻ... അങ്ങനെ പലതും.
യൂറോപ്പിന്റെ പ്രാക്ടിക്കൽ സോക്കറിനെ ജയിച്ച് ലാറ്റിനമേരിക്കൻ ഫുട്ബാളിനെ മുന്നിൽനിർത്തിയ സോക്കർ കലാകാരനാണ് ഒടുവിൽ മടങ്ങുന്നത്. ഏഴു പതിറ്റാണ്ട് മുമ്പ് പന്തുതട്ടി തുടങ്ങിയ തുറമുഖ നഗരത്തിൽ സാന്റോസ് ക്ലബ് മൈതാനമായ വില ബെൽമിറോക്കരികിലെ നെക്രോപോൾ എക്യുമെനിക സെമിത്തേരിയിൽ അവന്റെ ഓർമകളിലലിയുകയാണ് ലോകം.