മികച്ച ഗോളിനുള്ള പോളിഗ്രാസ് പുരസ്കാരം ദീപികക്ക്; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (എഫ്.ഐ.എച്ച്) പ്രോ ലീഗിലെ ഏറ്റവും മികച്ച ഗോളിന് നൽകുന്ന പോളിഗ്രാസ് മാജിക് സ്കിൽ പുരസ്കാരം നേടി ഇന്ത്യൻ വനിത ടീം സ്ട്രൈക്കർ ദീപിക. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ദീപിക.
പ്രോ ലീഗ് 2024-25 സീസണിൽ ലോക ഒന്നാം നമ്പറുകാരായ നെതർലൻഡ്സിനെതിരെ ഭുവനേശ്വറിൽ നടന്ന കളിയുടെ 35ാം മിനിറ്റിലായിരുന്നു സോളോ ഫീൽഡ് ഗോൾ. മത്സരത്തിൽ ഇന്ത്യ 0-2ന് പിന്നിൽ നിൽക്കെ ഇടതു പാർശ്വത്തിലൂടെ ഒറ്റക്ക് മുന്നേറി ബേസ് ലൈനിലേക്ക് ഡ്രിബിൾ ചെയ്ത് ഡിഫൻഡറുടെ സ്റ്റിക്കിന് മുകളിലൂടെ ഗോൾകീപ്പറെയും വീഴ്ത്തി ഗോൾവര കടത്തി വിടുകയായിരുന്നു ദീപിക.
ലോകമെമ്പാടുമുള്ള ആരാധകർ വോട്ടിങ്ങിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. പുരുഷ പുരസ്കാരം ബെൽജിയം താരം വിക്ടർ വെഗ്നസ് നേടി.