നീലയ്ക്ക് പകരം കാവി വന്നത് പ്രസിഡന്റ് പോലുമറിയാതെ; ഹോക്കി ജഴ്സി നിറം മാറ്റത്തിൽ അടിയന്തര റിപ്പോർട്ട് തേടി ദിലീപ് ടിർക്കി
text_fieldsന്യൂഡൽഹി: നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കാനിരിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീമിന്റെ പരമ്പരാഗത നീല ജഴ്സി മാറ്റി കാവിയാക്കിയതിൽ ഹോക്കി ഇന്ത്യയിൽ കലഹം. ദേശീയ ടീമിന്റെ വ്യക്തിത്വത്തെ തന്നെ ബാധിക്കുന്ന ഇത്രയും വലിയൊരു തീരുമാനം, എക്സിക്യൂട്ടീവ് ബോർഡുമായോ തന്നോടോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് എടുത്തതെന്ന് ചൂണ്ടിക്കാട്ടി ഹോക്കി ഇന്ത്യ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ദിലീപ് ടിർക്കി രംഗത്തെത്തി.
കായികമേഖലയും കാവിവൽക്കരിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ഈ ജഴ്സി മാറ്റം വിമർശിക്കപ്പെടുന്നതിനിടെയാണ് ഹോക്കി ഇന്ത്യക്കുള്ളിലെ സ്വേച്ഛാധിപത്യ നീക്കങ്ങൾ മറനീക്കി പുറത്തുവരുന്നത്. തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ച് വെള്ളിയാഴ്ച (ജൂലൈ 31) വൈകുന്നേരം 5 മണിക്ക് മുൻപായി സമഗ്രമായ റിപ്പോർട്ട് നൽകണമെന്ന് ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ കമാൻഡർ ആർ.കെ. ശ്രീവാസ്തവയോട് ടിർക്കി ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾക്കും അദ്ദേഹം വെള്ളിയാഴ്ച രാവിലെ ഇമെയിൽ അയച്ചിട്ടുണ്ട്.
പരമ്പരാഗതമായ നീല ജഴ്സി മാറ്റാനുള്ള അടിസ്ഥാന കാരണം എന്താണ്?, ഏത് ഉദ്യോഗസ്ഥന്റെയോ കമ്മിറ്റിയുടെയോ അധികാരത്തിന്മേലാണ് ഈ തീരുമാനമെടുത്തത്?, ഭരണസമിതിയെ നോക്കുകുത്തിയാക്കി തീരുമാനമെടുക്കുന്നതിൽ പങ്കാളികളായ വ്യക്തികൾ ആരെല്ലാം?, പരിശീലകർ, ക്യാപ്റ്റൻ, നിലവിലെ താരങ്ങൾ എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ടോ?, ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് പ്രസിഡന്റിനെയോ എക്സിക്യൂട്ടീവ് ബോർഡിനെയോ വിവരം അറിയിക്കാതിരുന്നത് എന്തുകൊണ്ട്? എന്നീ ചോദ്യങ്ങളാണ് ഹോക്കി ഇന്ത്യ പ്രസിഡന്റ് ഉന്നയിച്ചിരിക്കുന്നത്.
തന്റെ എതിർപ്പ് കാവി നിറത്തോടല്ലെന്നും, മറിച്ച് ഇത്രയും സുപ്രധാനമായ ഒരു തീരുമാനം തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് ബോർഡിൽ ചർച്ച ചെയ്യാതെയും പ്രസിഡന്റിനെ ഇരുട്ടിൽ നിർത്തിയും എടുത്തതിലാണെന്നും ദിലീപ് ടിർക്കി വ്യക്തമാക്കി. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ടീമിനെ വലിച്ചിഴയ്ക്കരുതെന്നും, കളിക്കാരുടെ ശ്രദ്ധ ലോകകപ്പ് മത്സരത്തിൽ മാത്രമായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഷയത്തിൽ വ്യക്തത വരുത്താൻ ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക സ്പോൺസർമാരായ ഒഡീഷ സർക്കാരും ദിലീപ് ടിർക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കളിക്കാരുമായി പോലും ചർച്ച ചെയ്യാതെയാണ് പുതിയ കാവി ജഴ്സി അടിച്ചേൽപ്പിച്ചതെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ആഴ്ച ജഴ്സി കൈമാറിയപ്പോൾ മാത്രമാണ് നിറം മാറിയ വിവരം പല പ്രമുഖ താരങ്ങളും അറിയുന്നത് തന്നെ. ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ടീമിനുള്ളിൽ അനാവശ്യമായ സമ്മർദ്ദങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, ഹോക്കി ഇന്ത്യയുടെ നിലവിലെ ഭരണപരമായ പ്രതിസന്ധികളുടെ തുടർച്ചയായാണ് ഈ സംഭവവും വിലയിരുത്തപ്പെടുന്നത്. അടുത്തിടെ ഉയർന്ന ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ഹോക്കി ഇന്ത്യ വൻ വിമർശനം നേരിടുകയാണ്. ഒരു കോച്ചിനെതിരായ പരാതി ഉന്നയിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റനും ഹോക്കി ഇന്ത്യ വൈസ് പ്രസിഡന്റുമായ അസുന്ത ലാക്രയെ, സെക്രട്ടറി ജനറൽ ഭോലാനാഥ് സിങ് ഭീഷണിപ്പെടുത്തിയെന്ന ഗുരുതര ആരോപണവും നിലനിൽക്കുന്നുണ്ട്. ഈ വിഷയത്തിൽ കായിക മന്ത്രാലയത്തിന് ഇടപെടേണ്ടി വന്നിരുന്നു. ഇത്തരം ഭരണപരമായ അരാജകത്വങ്ങൾക്കിടയിലാണ് സകല കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്തി ഒരു വിഭാഗം ഉദ്യോഗസ്ഥർ ടീമിന് മേൽ കാവി അടിച്ചേൽപ്പിച്ചിരിക്കുന്നത്.


