കളമൊഴിഞ്ഞ് ഇന്ത്യയുടെ ഹോക്കി റാണി; മുൻ ക്യാപ്റ്റൻ വിരമിച്ചു
text_fieldsറാണി രാംപാൽ
ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളും വനിത ദേശീയ ടീം മുൻ നായികയുമായ റാണി രാംപാൽ വിരമിച്ചു. 2021ലെ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ നാലാം സ്ഥാനത്തെത്തിച്ച് ചരിത്രം കുറിച്ച ക്യാപ്റ്റനാണ് റാണി. 16 വർഷത്തെ പ്രൗഢഗംഭീര കരിയറിനാണ് 29കാരി വിരാമം കുറിക്കുന്നത്.
"ഇതൊരു മികച്ച യാത്രയാണ്. ഇന്ത്യക്കുവേണ്ടി ഇത്രയും കാലം കളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. കുട്ടിക്കാലം മുതൽ ഞാൻ ദാരിദ്ര്യം ഒരുപാട് അനുഭവിച്ചിട്ടുണ്ട്. പക്ഷേ, എപ്പോഴും എന്തെങ്കിലും ചെയ്യുക, രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതിലായിരുന്നു ശ്രദ്ധ" -റാണി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഹരിയാനയിലെ ഷഹബാദ് മർക്കണ്ഡ ഗ്രാമത്തിൽ കൈവണ്ടി വലിക്കാരന്റെ മകളായാണ് ജനനം. 2008ൽ ഇന്ത്യക്കായി അരങ്ങേറുമ്പോൾ പ്രായം 14 വയസ്സ്. ഫോർവേഡായി കളിച്ച റാണി ഇന്ത്യക്കായി 254 മത്സരങ്ങളിൽ 205 ഗോളുകളും അടിച്ചുകൂട്ടി. 2020ൽ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്ന നൽകി രാജ്യം ആദരിച്ചു. ഈയിടെ ദേശീയ വനിത സബ് ജൂനിയർ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തിരുന്നു റാണി.