ഏഷ്യാ കപ്പ് ഹോക്കി: ചൈനയെ തകർത്ത് ഇന്ത്യ; ഹർമൻ പ്രീതിന് ഹാട്രിക്
text_fieldsഹർമൻ പ്രീത് സിങ് സഹതാരങ്ങൾക്കൊപ്പം
രാജ്ഗിർ (ബിഹാർ): ഇന്ത്യൻ ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ പിറന്നാൾ ദിനത്തിൽ ഇന്ത്യക്ക് അഭിമാനിക്കാനൊരു വിജയം. ബിഹാറിലെ രാജ്ഗിറിൽ വെള്ളിയാഴ്ച ആരംഭിച്ച ഏഷ്യാകപ്പ് ഹോക്കിയുടെ ഉദ്ഘാടന അങ്കത്തിൽ അയൽക്കാരായ ചൈനയെ 4-3ന് തകർത്താണ് പൂൾ ‘എ’യിൽ ഇന്ത്യ വിജയത്തോടെ തുടങ്ങിയത്. നായകൻ ഹർമൻ പ്രീത് ഹാട്രിക് ഗോളുമായി കളം വാണപ്പോൾ വിജയം സമ്പൂർണമായി. കളിയുടെ 12ാം മിനിറ്റിൽ ഡു ഷിയാവോയുടെ ഗോളിലൂടെ ചൈനയാണ് തുടക്കം കുറിച്ചത്. എന്നാൽ, മിനിറ്റുകളുടെ ഇടവേളയിൽ ജുഗ് രാജിലൂടെ ഇന്ത്യ കളിയിലേക്ക് തിരികെയെത്തി. 18ാം മിനിറ്റിൽ സമനില പിറന്നതിനു പിന്നാലെ, പെനാൽറ്റി കോർണർ സ്പെഷ്യലിസ്റ്റ് ഹർമൻപ്രീത് സിങ് കളി ഏറ്റെടുത്തു. ആദ്യ പകുതിയിൽ തന്നെ പെനാൽറ്റി കോർണറുകൾ ലക്ഷ്യത്തിലെത്തിച്ച് ഹർമൻപ്രീത് ഇന്ത്യക്ക് 2-1ന് ലീഡ് നൽകി. 20ാം മിനിറ്റിലായിരുന്നു ആദ്യ പെനാൽറ്റി ഗോൾ. രണ്ടാം പകുതിയിലെ 33, 47ാം മിനിറ്റുകളിലും സ്കോർ ചെയ്തു ഇന്ത്യൻ വിജയമുറപ്പിച്ചു. 35ാം മിനിറ്റിൽ ചെൻ ബെൻഹായ്, 41ാം മിനിറ്റിൽ ഗാവോ ജി ഷെങ് എന്നിവരിലൂടെ ചൈന തിരിച്ചടി തുടങ്ങിയെങ്കിലും ശക്തമായ ആക്രമണത്തിന്റെ കരുത്തിൽ ഇന്ത്യ മത്സരം തങ്ങളുടെ നിയന്ത്രണത്തിലാക്കി.
ടൂർണമെന്റിലെ ആദ്യമത്സരത്തിൽ തന്നെ സെറ്റ് പീസുകളിൽ മേധാവിത്വം സ്ഥാപിക്കാനും, എതിരാളികളുടെ ആക്രമണങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാനും കഴിഞ്ഞത് ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്.
പുൾ ‘എ’യിലെ മറ്റൊരു മത്സരത്തിൽ ജപ്പാൻ 7-0ത്തിന് കസാഖിസ്താനെ തോൽപിച്ചു. ഞായറാഴ്ച ഇന്ത്യ, ജപ്പാനെയും, സെപ്റ്റംബർ ഒന്നിന് ഇന്ത്യ കസാഖിസ്താനെയും നേരിടും.
പൂൾ ‘ബി’യിൽ മലേഷ്യ 4-1ന് ബംഗ്ലാദേശിനെയും, ദക്ഷിണ കൊറിയ 7-0ത്തിന് ചൈനീസ് തായ്പെയിയെയും തോൽപിച്ചു.