വനിതാ ജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടം നില നിർത്തിയ ഇന്ത്യൻ ടീമിന് പാരിതോഷികം
text_fieldsന്യൂഡൽഹി: വനിതാ ജൂനിയർ ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്‍റിൽ കിരീടം നില നിർത്തിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ. ടീം അംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും സപ്പോർട്ട് സ്റ്റാഫിന് ഒരു ലക്ഷം രൂപ വീതവുമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ചൈനക്കെതിരെ ടീം ഇന്ത്യ ഇതിഹാസ വിജയം നേടിയെന്നും ഹോക്കി ഇന്ത്യ എക്സിൽ കുറിച്ചു.
മസ്കത്തിലെ അമീറാത്ത് ഹോക്കി സ്റ്റേഡിയത്തിൽ ഇന്ന് നടന്ന കലാശക്കളിയിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ചൈനയെ 3-2ന് തകർത്ത് ഇന്ത്യ വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി കിരീടം ചൂടിയത്. ഷൂട്ടൗട്ടിൽ ഇന്ത്യൻ ഗോൾ കീപ്പർ നിതിയുടെ തകർപ്പൻ പ്രകടനമാണ് കിരീട നേട്ടത്തിന് തുണയായത്.
ചൈനയുടെ മൂന്ന് ഷോട്ടുകളാണ് നിതി തടുത്തിട്ടത്. മുഴുവൻ സമയത്തും 1-1 സമനിലയിൽ കലാശിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കളിയിൽ ആദ്യം ഗോൾ നേടി ചൈന ആധ്യപത്യം പുലർത്തിയങ്കെിലും 41-ാം മിനിറ്റിൽ ശിവച്ച് കനികയുടെ ഗോളിലൂടെ ഇന്ത്യ സമനില പിടിക്കുകയായിരുന്നു.