കാവിയാക്കിയ വിവരം അറിഞ്ഞത് വാട്സാപ്പിലൂടെ; ആരാണ് ഇതിന് അനുമതി നൽകിയത്? നിറം മാറ്റത്തിൽ വിശദീകരണം തേടി ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ നീല ജേഴ്സി മാറ്റി കാവി നിറമാക്കിയതിനെ ചൊല്ലിയുള്ള വിവാദം ഹോക്കി ഇന്ത്യയ്ക്കുള്ളിൽ രൂക്ഷമായ ഭരണപ്രതിസന്ധിയായി മാറുന്നു. വെറുമൊരു നിറംമാറ്റം എന്നതിലുപരി സംഘടനയ്ക്കുള്ളിലെ സുതാര്യതയെയും അധികാരത്തെയും കുറിച്ചുള്ള തുറന്ന പോരിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
തീരുമാനമെടുത്ത രീതിയിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടി ഹോക്കി ഇന്ത്യ പ്രസിഡന്റും മുൻ നായകനുമായ ദിലീപ് ടിർക്കി രംഗത്തെത്തി. ഫെഡറേഷൻ ഡയറക്ടർ ജനറൽ (ഡി.ജി) സി.ഡി.ആർ ആർ.കെ. ശ്രീവാസ്തവയ്ക്ക് അയച്ച കത്തിൽ തീരുമാനത്തിന് പിന്നിലെ നടപടിക്രമങ്ങളെ അദ്ദേഹം രൂക്ഷമായി ചോദ്യം ചെയ്തു. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച (ആഗസ്റ്റ് 4) വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ വിശദീകരണം നൽകണമെന്നും ടിർക്കി ഡി.ജിക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്.
ഒളിമ്പ്യന്മാരും മുൻ രാജ്യാന്തര താരങ്ങളും ഉൾപ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് ബോർഡിനെ പൂർണ്ണമായും ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് ഇത്രയും സുപ്രധാനമായ ഒരു തീരുമാനമെടുത്തതെന്ന് ദിലീപ് ടിർക്കി ആരോപിക്കുന്നു. ജൂലൈ 27-ന് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ജേഴ്സി പുറത്തിറക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് ഒരു വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ താൻ വിവരമറിയുന്നതെന്ന് അദ്ദേഹം കത്തിൽ വെളിപ്പെടുത്തി.
ഭരണപരമായ ചുമതലകൾ ഉണ്ടെന്നതുകൊണ്ട് ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് ബോർഡിന്റെയോ പ്രസിഡന്റിന്റെയോ അധികാരത്തെ മറികടക്കാൻ ഡയറക്ടർ ജനറലിന് കഴിയില്ല. 'ഇത്തരം ദൈനംദിന തീരുമാനങ്ങൾ' എക്‌സിക്യൂട്ടീവ് ബോർഡിന്റെ മുന്നിൽ കൊണ്ടുവരേണ്ടതില്ലെന്ന ഡി.ജിയുടെ മുൻ മറുപടി ടിർക്കി പൂർണ്ണമായും തള്ളി.
"ഇന്ത്യൻ ഹോക്കിയുടെ ഉടമസ്ഥർ നമ്മളല്ല, മറിച്ച് ഒരു ദേശീയ കായിക പാരമ്പര്യത്തിന്റെ സംരക്ഷകരും സൂക്ഷിപ്പുകാരും മാത്രമാണ്. ഇന്ത്യൻ ഹോക്കിയുടെ ഏറ്റവും തിരിച്ചറിയപ്പെടുന്ന പ്രതീകങ്ങളിലൊന്നായ ജേഴ്സി മാറ്റുമ്പോൾ ഉയർന്ന തലത്തിലുള്ള ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും പുലർത്തേണ്ടതുണ്ട്," ടിർക്കി കത്തിൽ ഓർമ്മിപ്പിച്ചു.
പ്രസിഡന്റ് ഉന്നയിച്ച പ്രധാന ചോദ്യങ്ങൾ
* എന്ത് അധികാരത്തിന്റെയോ പ്രതിനിധാനത്തിന്റെയോ അടിസ്ഥാനത്തിലാണ് നീല ജേഴ്സി മാറ്റാൻ തീരുമാനിച്ചത്?
* ഓഗസ്റ്റ് 15-ന് നെതർലൻഡ്സിലും ബെൽജിയത്തിലുമായി ലോകകപ്പ് തുടങ്ങാനിരിക്കെ, പുതിയ ജേഴ്സി താരങ്ങളുടെ തയ്യാറെടുപ്പിനെയും മാനസിക ഏകാഗ്രതയെയും എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിരുന്നോ?
* പരിശീലകർ, സ്പോർട്സ് സയൻസ് ടീം തുടങ്ങിയവർ ഈ സമയത്തെ മാറ്റത്തെക്കുറിച്ച് രേഖാമൂലം എന്തെങ്കിലും നിർദേശം നൽകിയിട്ടുണ്ടോ?
* പ്രധാന സ്പോൺസർമാരായ ഒഡിഷ സർക്കാരിനോട് പുതിയ ജേഴ്സി പ്രകാശനം ചെയ്യുന്നതിന് മുമ്പ് അനുമതി തേടിയിരുന്നോ?
* അന്താരാഷ്ട്ര മത്സരങ്ങളിൽ ഉപയോഗിക്കുന്നതിന് മുമ്പ് പുതിയ കിറ്റിന്റെ വസ്ത്രഗുണനിലവാരം പരിശോധിച്ചിരുന്നോ? കളിക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടാൽ എന്താണ് പകരം സംവിധാനം?
നിലവിൽ അന്താരാഷ്ട്ര ഹോക്കി മത്സരങ്ങൾ നടക്കുന്നത് നീല നിറത്തിലുള്ള സിന്തറ്റിക് പിച്ചുകളിലാണ്. ഇന്ത്യൻ കളിക്കാർ നീല ജേഴ്സി ധരിക്കുമ്പോൾ അത് പിച്ചിന്റെ നിറവുമായി കലർന്നുപോകുന്നതായും ഇത് കളിക്കാർക്ക് ഫീൽഡിലെ വ്യക്തതയെ ബാധിക്കുന്നതായും ഡി.ജി വിശദീകരിച്ചിരുന്നു. പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്നാൽ ഈ വാദത്തെയും ടിർക്കി ചോദ്യം ചെയ്തു. ഉയർന്ന പ്രകടനത്തെക്കുറിച്ചും അന്താരാഷ്ട്ര മത്സരങ്ങളുടെ സമ്മർദ്ദത്തെക്കുറിച്ചും കൃത്യമായ ബോധ്യമുള്ള മുൻ താരങ്ങളാണ് എക്സിക്യൂട്ടീവ് ബോർഡിലുള്ളതെന്നും, പ്രകടനം മെച്ചപ്പെടുത്താനുള്ള ഏത് തീരുമാനവും ലോകകപ്പ് പോലെ സുപ്രധാനമായ ഒരു ടൂർണമെന്റിന് തൊട്ടുമുമ്പ് താരങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാകരുതെന്നും ടിർക്കി വ്യക്തമാക്കി.
മുൻ നായകന്മാരും ഒളിമ്പിക് മെഡൽ ജേതാക്കളും ഉൾപ്പെടെ നിരവധി പേർ ഇതിനോടകം തന്നെ നീല ജേഴ്സി ഒഴിവാക്കി കാവി നിറം കൊണ്ടുവന്നതിലെ യുക്തിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഡി.ജി നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും ഹോക്കി ഇന്ത്യയിലെ തുടർന്നുള്ള ഭരണപരമായ നടപടികൾ.


