ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ന് ഇന്ത്യ -ദക്ഷിണ കൊറിയ സെമി
text_fieldsജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി ഇന്ത്യൻ ടീം
മസ്കത്ത്: ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്‍റിൽ ബുധനാഴ്ച നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഇന്ത്യ ദക്ഷിണ കൊറിയയെ നേരിടും. സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് യൂത്ത് ആൻഡ് കള്‍ചറല്‍ കോംപ്ലക്സില്‍ പ്രാദേശിക സമയം വൈകീട്ട് 6.30നാണ് മത്സരം.
രാത്രി ഒമ്പതിന് നടക്കുന്ന രണ്ടാം സെമിയിൽ പാകിസ്താൻ മലേഷ്യയുമായും ഏറ്റുമുട്ടും. പ്രാഥമിക റൗണ്ടിൽ ഒരു മത്സരവും തോറ്റിട്ടില്ല എന്ന ആത്മവിശ്വാസത്തോടെയാണ് ഇന്ത്യൻ കൗമാരപ്പട ഇന്ന് കലാശക്കളിയിലേക്ക് കണ്ണുനട്ട് സ്റ്റിക്കേന്താനിറങ്ങുന്നത്. ആദ്യ റൗണ്ടിൽ 39 ഗോളുകളാണ് ഇന്ത്യൻ താരങ്ങൾ അടിച്ചുകൂട്ടിയത്. വഴങ്ങിയതാകട്ടെ, രണ്ടു ഗോളും. പൂൾ ‘ബി’യിൽ രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണ കൊറിയയുടെ വരവ്. 18 ഗോളുകൾ നേടിയപ്പോൾ രണ്ടെണ്ണം വഴങ്ങുകയും ചെയ്തു.
കണക്കുകളിലെ കളികളിൽ ഇന്ത്യക്കാണ് മുൻതൂക്കമെങ്കിലും തങ്ങളുടെ ദിനത്തിൽ ആരേയും തോൽപിക്കാൻ കഴിവുള്ളവരാണ് കൊറിയൻ പട. മലയാളികളടക്കമുള്ള പ്രവാസികൾ കളി കാണാനെത്തുന്നത് ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. പ്രാഥമിക റൗണ്ടിലെ ഇന്ത്യ-പാക് മത്സരം കാണാൻ നിരവധി പേർ സ്റ്റേഡിയത്തിലെത്തിയിരുന്നു. രണ്ടാം സെമിയിൽ കളിക്കുന്ന ഇരു ടീമുകളും ടൂർണമെന്‍റിൽ ഇതുവരെ തോറ്റിട്ടില്ല. അതുകൊണ്ടുതന്നെ മത്സരം തീപാറുമെന്നുറപ്പാണ്.