വിവാദങ്ങൾ ഏറ്റില്ല, ഗ്രൗണ്ടിൽ ‘കൈകൊടുത്ത്’ ഇന്ത്യ-പാകിസ്താൻ ഹോക്കി താരങ്ങൾ; സുൽത്താൻ ഓഫ് ജോഹർ കപ്പിലാണ് സംഭവം
text_fieldsജോഹർ ബഹ്റു (മലേഷ്യ): ഏഷ്യ കപ്പ് ടൂർണമെന്‍റിൽ ഇന്ത്യയും പാകിസ്താനും മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും ടീം ക്യാപ്റ്റന്മാരുടെ ഹസ്തദാനമോ, മത്സരശേഷം താരങ്ങളുടെ കൈകൊടുക്കലോ ഉണ്ടായിരുന്നില്ല.
പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിലായിരുന്നു ഈ കടുത്ത തീരുമാനം. ഒടുവിൽ കലാശപ്പോരിൽ പാകിസ്താനെ വീഴ്ത്തി ജേതാക്കളായെങ്കിലും കിരീടം ഇല്ലാതെയാണ് ഇന്ത്യൻ ടീം ആഘോഷം നടത്തിയത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവനും പാകിസ്താൻ മന്ത്രിയുമായ മുഹ്സിൻ നഖ്വിയിൽനിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് വ്യക്തമാക്കിയിരുന്നു. ഇതിൽ രോഷാകുലനായ നഖ്വി കിരീടം ഇന്ത്യക്ക് കൈമാറാതെ അതുമായി ഗ്രൗണ്ടിൽനിന്ന് കടന്നുകളയുകയാണ് ചെയ്തത്.
ജേതാക്കൾക്കുള്ള കിരീടം ഇതുവരെ ഇന്ത്യൻ ടീമിന് കൈമാറിയിട്ടില്ല. ദുബൈയിലെ എ.സി.സി ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന കിരീടം തന്‍റെ അറിവോ, സമ്മതമോ ഇല്ലാതെ ഇന്ത്യക്ക് കൈമാറരുതെന്ന കർശന നിർദേശവും ബന്ധപ്പെട്ടവർക്ക് നൽകി. പിന്നാലെ വനിത ഏകദിന ലോകകപ്പിലും ഇന്ത്യ-പാകിസ്താൻ താരങ്ങൾ ഹസ്തദാനം നടത്തുകയോ കൈകൊടുക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ, മലേഷ്യ വേദിയാകുന്ന സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റിൽ ഇന്ത്യ-പാകിസ്താൻ മത്സരങ്ങളിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു.
മത്സരത്തിനു മുന്നോടിയായി ഇരുരാജ്യങ്ങളുടെയും ദേശീയഗാനത്തിനുശേഷം പരസ്പരം കൈയിൽ തട്ടിയാണ് (ഹൈ ഫൈ) പിരിഞ്ഞത്. രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും പ്രകോപനങ്ങളെക്കുറിച്ചും ചിന്തിക്കാതെ കളിയിൽ ശ്രദ്ധിക്കാൻ നേരത്തെ തന്നെ ഇരുരാജ്യങ്ങളുടെയും ഹോക്കി ബോർഡുകൾ കളിക്കാർക്കു നിർദേശം നൽകിയിരുന്നു. നേരത്തേ, ബിഹാറിൽ നടന്ന ഏഷ്യാകപ്പ് ഹോക്കിയിൽനിന്ന് പാകിസ്താൻ സീനിയർ ടീം പിന്മാറിയിരുന്നു.
ആദ്യ മത്സരത്തിൽ മലേഷ്യക്കെതിരെ 7–1 വിജയം നേടിയ പാകിസ്താൻ രണ്ടാമത്തെ മത്സരത്തിൽ ബ്രിട്ടനോടു പരാജയപ്പെട്ടിരുന്നു. അതേസമയം, ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങിയത്.


