ഹോക്കി ലോകകപ്പിൽ വനിത ടീമിന് അഞ്ചാംസ്ഥാനം
text_fieldsഹോക്കി ലോകകപ്പിൽ അഞ്ചാംസ്ഥാനം നേടിയ ഇന്ത്യൻ വനിത ടീം
ആംസ്റ്റൽവീൻ (നെതർലൻഡ്സ്): ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനം നേടി ഇന്ത്യൻ വനിത ടീം. ക്ലാസിഫിക്കേഷൻ റൗണ്ടിൽ ജർമനിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് അരനൂറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച പ്രകടനത്തിൽ ഇന്ത്യയെത്തിയത്. നേരത്തേ, സെമിഫൈനൽ കാണാതെ ടീം പുറത്തായിരുന്നു. 1974ലെ ലോകകപ്പിൽ നാലാംസ്ഥാനം നേടിയതാണ് ഇന്ത്യയുടെ എക്കാലത്തെയും വലിയ നേട്ടം.
ജർമനിക്കെതിരെ ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷമായിരുന്നു ഗംഭീര പ്രകടനം. ഇന്ത്യക്കായി നവനീത് കൗർ ഇരട്ട ഗോൾ നേടി. 43ാം മിനിറ്റിലെ ഫീൽഡ് ഗോളിലൂടെ ഇഷിക ചൗധരി മുന്നിലെത്തിച്ചു. 44ാം മിനിറ്റിലെ പെനാൽറ്റി കോർണറിൽ നവനീതും തുടങ്ങി. നാലാം ക്വാർട്ടറിലേക്ക് കടന്നപ്പോൾ 47ാം മിനിറ്റിൽ നവനീതിന്റെ വക ഫീൽഡ് ഗോളും. ജയമുറപ്പിച്ച ഇന്ത്യക്കെതിരെ കളി തീരാൻ നേരം ലിൻ ക്രിങ്സിലൂടെ (59) ജർമനി ആശ്വാസം കണ്ടെത്തി. പൂൾ ഡി-യിൽ ഒരു ജയവും രണ്ട് സമനിലയുമായി രണ്ടാംസ്ഥാനക്കാരായാണ് ഇന്ത്യ രണ്ടാം റൗണ്ടിൽ കടന്നത്. തുടർന്ന് നെതർലൻഡ്സിനോട് തോൽക്കുകയും ആസ്ട്രേലിയയോട് സമനില വഴങ്ങുകയും ചെയ്തതോടെ സെമിയിലെത്താനായില്ല. ആകെ ആറ് കളികളിൽ ഒന്നിൽ മാത്രമാണ് സലീമ ടെറ്റെ നയിച്ച സംഘം തോറ്റത്.
പുരുഷന്മാർ ഇന്ന് ബെൽജിയത്തിനെതിരെ
ഹോക്കി ലോകകപ്പിൽ സെമിഫൈനൽ കാണാതെ പുറത്തായ ഇന്ത്യൻ പുരുഷ ടീമിന് വെള്ളിയാഴ്ച അവസാന മത്സരം. ഏഴ്/എട്ട് സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള ക്ലാസിഫിക്കേഷൻ റൗണ്ടിൽ ഹർമൻപ്രീത് സിങ്ങും സംഘവും ബെൽജിയത്തെ നേരിടും.


