ഇന്ത്യയുടെ ഏക ഹോക്കി ലോകകിരീടത്തിന് അരനൂറ്റാണ്ട്
text_fields1975ലെ ഹോക്കി ലോകകിരീടവുമായി ഇന്ത്യൻ ടീം
ന്യൂഡൽഹി: 1975 മാർച്ച് 15ന് മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ ഹോക്കി ലോകകപ്പിന്റെ ഫൈനൽ നടക്കുന്നു. ലോകകപ്പിന്റെ മൂന്നാം എഡിഷനിലെ കലാശക്കളിയിൽ ഏറ്റുമുട്ടുന്നത് ഇന്ത്യയും പാകിസ്താനുമായിരുന്നതിനാൽ പോരിന് വീറുംവാശിയുമേറെ. ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ച് അജിത് പാൽ സിങ് നയിച്ച സംഘം കിരീടം സ്വന്തമാക്കി.
അജിത് പാൽ സിങ് കിരീടവുമായി
ഒരുപിടി ഒളിമ്പിക് ഹോക്കി സ്വർണ മെഡലുകൾ സ്വന്തമായുണ്ടെങ്കിലും ഇന്ത്യയുടെ ചരിത്രത്തിലെ ഏക ലോകകിരീടമായി അത് അവശേഷിക്കുന്നു. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ആ ഓർമകൾ ഇന്നും പുതുമ വിടാതെ ഉള്ളിലുണ്ടെന്ന് 77കാരൻ അജിത് പാൽ സിങ്. ‘‘പൂളിൽ താരതമ്യേന ദുർബലായിരുന്ന അർജന്റീനയോട് തോറ്റത് ക്ഷീണമുണ്ടാക്കിയിരുന്നു. ലോകകപ്പ് ഫൈനലിൽ പാരമ്പര്യവൈരികളായ പാകിസ്താനെ തോൽപിക്കുകയെന്നതിൽ കവിഞ്ഞൊരു സന്തോഷം വേറെയില്ല. ചില താരങ്ങളും കോച്ചിങ് സ്റ്റാഫും ഇതിനകം വിട്ടുപിരിഞ്ഞു. ബാക്കിയുള്ളവർ ചൊവ്വാഴ്ച സംഗമിക്കുന്നുണ്ട്. മുമ്പത്തേക്കാളുപരി ഇത്തവണത്തെ കൂടിച്ചേരൽ ഏറെ പ്രത്യേകതയുള്ളതാണ്.’’-അന്നത്തെ നായകൻ തുടർന്നു.
പൂൾ ഘട്ടത്തിൽ ഇംഗ്ലണ്ടിനെ 2-1നും ഘാനയെ 7-0ത്തിനും പശ്ചിമ ജർമനിയെ 3-1നും തോൽപിച്ച ഇന്ത്യ 1-1ന് ആസ്ട്രേലിയയോട് സമനില വഴങ്ങുകയും 1-2ന് അർജന്റീനയോട് പരാജയം രുചിക്കുകയും ചെയ്തു. എങ്കിലും പൂൾ ജേതാക്കളായിത്തന്നെ സെമിഫൈനലിൽ കടന്നു. ആതിഥേയരായ മലേഷ്യയായിരുന്നു എതിരാളികൾ. അവരെ 3-2ന് മുട്ടുകുത്തിച്ചാണ് പാകിസ്താനെ നേരിടാൻ ഫൈനലിൽ ഇറങ്ങിയത്.