അർജന്റീനയെ വീഴ്ത്തി; ലോക ജൂനിയർ ഹോക്കി വെങ്കലമണിഞ്ഞ് ശ്രീജേഷിന്റെ കുട്ടികൾ
text_fieldsലോക ജൂനിയർ ഹോക്കി വെങ്കലം നേടിയ ഇന്ത്യൻ ടീം അംഗങ്ങൾ
ചെന്നൈ: രണ്ട് ഗോളിന് പിറകിൽനിന്ന ശേഷം അത്രയും മടക്കി ഒപ്പമെത്തുകയും രണ്ടെണ്ണം കൂടി ചേർത്ത് ജയം ഗംഭീരമാക്കുകയും ചെയ്ത ഇന്ത്യക്ക് ലോക ജൂനിയർ ഹോക്കിയിൽ മൂന്നാം സ്ഥാനം.
രണ്ട് പെനാൽറ്റി കോർണറുകളും രണ്ട് പെനാൽറ്റി സ്ട്രോക്കുകളും ഗോളാക്കിയാണ് ടീം ഇന്ത്യ മൂന്നാമന്മാരെ കണ്ടെത്താനുള്ള പോരിൽ ജയം പിടിച്ചത്. അങ്കിത് പാൽ, മൻമീത് സിങ്, ശാരദ നന്ദ്, അൻമോൾ എന്നിവരായിരുന്നു സ്കോറർമാർ.
മത്സരത്തിന്റെ ആദ്യ ക്വാർട്ടറിലെ മൂന്നാം മിനിറ്റിൽ സ്കോർ ചെയ്തത് അർജന്റീനയായിരുന്നു. അധികം വൈകാതെ മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തിൽ രണ്ടാം ഗോളും നേടി അവർ ലീഡ് വർധിപ്പിച്ചു. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. 49ാം മിനിറ്റിൽ അങ്കിത് പാൽ ആദ്യം സ്കോർ ചെയ്തു. പിന്നലെ, 52ാം മിനിറ്റിൽ മൻമീത് സിങും, 57ാം മിനിറ്റിൽ ശാരദ നന്ദും, 58ൽ അൻമോലും സ്കോർ ചെയ്ത് വിജയം ഉറപ്പിച്ചു. മലയാളി താരം പി.ആർ ശ്രീജേഷാണ് ഇന്ത്യ ജൂനിയർ ടീം പരിശീലകൻ.
നേരത്തെ സെമിയിൽ ജർമനിയോടായിരുന്നു ഇന്ത്യയുടെ തോൽവി. അഞ്ചാമന്മാരെ കണ്ടെത്താനുള്ള പോരിൽ നെതർലൻഡ്സിനെ ബെൽജിയം കീഴടക്കി. ജർമനിയും സ്പെയിനും തമ്മിലാണ് ഫൈനൽ പോരാട്ടം.


