ഹോക്കി കിരീടം: ഇന്ത്യൻ ടീമിന്റെ കീശ നിറച്ച് ബിഹാർ മുഖ്യമന്ത്രി; വൻ തുക സമ്മാനം
text_fieldsഇന്ത്യൻ ഹോക്കി ടീം, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
പട്ന: ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഇന്ത്യൻ ടീം അംഗങ്ങൾക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ടീമിലെ ഓരോ കളിക്കാരനും ബിഹാർ സർക്കാർ വകയായി 10 ലക്ഷം രൂപ സമ്മാനമായി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ബിഹാറിലെ രാജഗിറിൽ ഞായറാഴ്ച സമാപിച്ച ഏഷ്യൻ കപ്പ് ഹോക്കിയിൽ കരുത്തരായ ദക്ഷിണ കൊറിയയെ ഫൈനലിൽ കീഴടക്കിയാണ് ഇന്ത്യ വൻകരയുടെ ഹോക്കി കിരീടമണിഞ്ഞത്. ബിഹാർ സ്പോർട്സ് സർവകലാശാലയുടെ സ്പോർട്സ് അകാദമി ഗ്രൗണ്ട് ആദ്യമായി വേദിയായ ടൂർണമെന്റിൽ ഇന്ത്യയുടെ പ്രകടനം രജ്യത്തിന് തന്നെ വലിയ അഭിമാനമായി മാറിയെന്ന് നിതീഷ് കുമാർ ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു.
കളിക്കാർക്ക് 10 ലക്ഷവും, ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
എട്ടുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കിയിൽ കിരീടമണിയുന്നത്. ടീമിന്റെ നാലാം ഏഷ്യാ കപ്പ് കിരീടം കൂടിയാണിത്. ജയത്തോടെ ലോകകപ്പ് ബർത്തും ഉറപ്പിക്കാൻ കഴിഞ്ഞു.
2017ലാണ് ഇന്ത്യ അവസാനമായി ഏഷ്യാകപ്പ് ഹോക്കി കിരീടം ചൂടിയത്. 2003, 2007 വർഷങ്ങളിലും നീലപ്പട വൻകരയുടെ കിരീടം ചൂടിയിരുന്നു.