സുൽത്താൻ ജോഹർ കപ്പ്: ഇന്ത്യക്ക് വെങ്കലം; ബ്രിട്ടന് കിരീടം
text_fieldsക്വാലാലംപുർ: സുൽത്താൻ ജോഹർ കപ്പ് അണ്ടർ 21 ഹോക്കി ടൂർണമെന്റിൽ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാരെ തീരുമാനിക്കാനുള്ള മത്സരത്തിൽ ന്യൂസിലൻഡിനെ ഷൂട്ടൗട്ടിലാണ് പി.ആർ ശ്രീജേഷിന്റെ ശിഷ്യർ പരാജയപ്പെടുത്തിയത്. നിശ്ചിത സമയം കളി 2-2ൽ അവസാനിച്ചു.
ഷൂട്ടൗട്ടിൽ 3-2നായിരുന്നു ഇന്ത്യയുടെ ജയം. പരിശീലകനെന്ന നിലയിൽ ശ്രീജേഷിന്റെ അരങ്ങേറ്റ ടൂർണമെന്റായിരുന്നു ഇത്. അതേസമയം, ഫൈനലിൽ ആസ്ട്രേലിയയെ 3-2ന് തോൽപിച്ച് ബ്രിട്ടൻ ജേതാക്കളായി. ദിൽരാജ് സിങ്ങും (11) മൻമീത് സിങ്ങും (20) നിശ്ചിത സമയത്ത് ഇന്ത്യക്കായി സ്കോർ ചെയ്തു. രണ്ട് ഗോൾ ലീഡുമായി മുന്നേറവെ നാലാം ക്വാർട്ടറിലായിരുന്നു തിരിച്ചടി.
ഓവൻ ബ്രൗണും (51) ജോണ്ടി എൽമെസും (57) ന്യൂസിലൻഡിനായി ഗോൾ നേടി. ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ ബിക്രംജിത് സിങ് മൂന്ന് നിർണായക സേവുകൾ നടത്തിയാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. ഗുർജോത് സിങ്ങും മൻമീത് സിങ്ങും സൗരവ് ആനന്ദ് കുശ്‍വാഹയും ഗോൾ സ്കോർ ചെയ്തു.