സുൽത്താൻ ഓഫ് ജൊഹോർ കപ്പ്: കന്നിയങ്കത്തിൽ കസറി ശ്രീജേഷിന്റെ കുട്ടികൾ
text_fieldsഇന്ത്യ- ജപ്പാൻ ഹോക്കി മത്സരത്തിൽനിന്ന്
ക്വാലാലംപൂർ: പരിശീലകക്കുപ്പായത്തിൽ പുതിയ ഇന്നിങ്സ് തുടങ്ങിയ മലയാളി ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന് പുഞ്ചിരി സമ്മാനിച്ച് ഇന്ത്യൻ കൗമാരനിരക്ക് സുൽത്താൻ ഓഫ് ജൊഹോർ കപ്പിൽ ജയത്തുടക്കം. ജപ്പാനെ രണ്ടിനെതിരെ നാലു ഗോളിനാണ് ടീം മടക്കിയത്. ക്യാപ്റ്റൻ അമീർ അലി 12ാം മിനിറ്റിൽ ഇന്ത്യയെ മുന്നിലെത്തിച്ച് ആദ്യ ഗോൾ നേടി. ഗുർജോത് സിങ്, സൗരഭ് കുഷ്വാഹ, അങ്കിത് പാൽ എന്നിവരും സ്കോർ ചെയ്തപ്പോൾ ജപ്പാനുവേണ്ടി സുബാസ തനക, റകുസി യമനക എന്നിവരും വല കുലുക്കി.
പാരിസ് ഒളിമ്പിക്സിലെ മെഡൽ നേട്ടത്തോടെ കളി നിർത്തിയ ശ്രീജേഷ് തൊട്ടുപിറകെ ഇന്ത്യൻ ജൂനിയർ ടീം പരിശീലകനായി ചുമതലയേൽക്കുകയായിരുന്നു. ശ്രീജേഷിനും ടീമിനും ശക്തിപ്രകടനത്തിന് ആദ്യ അവസരമായെത്തിയ ടൂർണമെന്റിലാണ് ഇന്ത്യൻ കൗമാരപ്പട കരുത്തുകാട്ടിയത്. ജപ്പാൻ പ്രതിരോധം കീറിമുറിച്ച് ആദ്യം ഗോളടിച്ച ഇന്ത്യയെ ഞെട്ടിച്ച് 26ാം മിനിറ്റിൽ ജപ്പാൻ ഗോൾ മടക്കി.
എന്നാൽ, ഒരിക്കലൂടെ ലീഡ് പിടിച്ച ഇന്ത്യ രണ്ടുവട്ടംകൂടി വല കുലുക്കി എതിരാളികളുടെ മുനയൊടിക്കുകയായിരുന്നു. കളിയവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ഒരു ഗോൾ മടക്കി സാമൂറായികൾ കരുത്തുകാട്ടാൻ ശ്രമിച്ചെങ്കിലും സ്കോർ ഇരുവശത്തും അനക്കമില്ലാതെ 4-2ൽ അവസാനിച്ചു.