ഹോക്കി ഭരണസമിതിയെ അംഗീകരിച്ച നടപടി റദ്ദാക്കി
text_fieldsകൊച്ചി: 2022 മേയ് 15ന് നടന്ന കേരള ഹോക്കി ഭരണസമിതി തെരഞ്ഞെടുപ്പ് അംഗീകരിച്ച കേരള സ്പോർട്സ് കൗൺസിൽ ഉത്തരവ് ഹൈകോടതി റദ്ദാക്കി. നിയമ വിരുദ്ധമായി രൂപവത്കരിച്ച ഭരണസമിതിയാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഹോക്കി ടീം മുൻ ക്യാപ്റ്റൻ പി.ജെ. രാജീവ് ഉൾപ്പെടെ നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ ഉത്തരവ്.
അതേസമയം, കേരള സ്പോർട്സ് നിയമപ്രകാരം കേരള/സംസ്ഥാനതല ഹോക്കി സ്പോർട്സ് അസോസിയേഷൻ അംഗീകാരം നൽകുന്നതുവരെ ഹോക്കി കളിക്കാരുടെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കാൻ സ്പോർട്സ് കൗൺസിലിന് ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. സ്പോർട്സ് കൗൺസിലിന്റെ 2024 ജൂലൈയിലെ ഉത്തരവാണ് ഹൈകോടതി റദ്ദാക്കിയത്. കേരള സ്പോർട്സ് നിയമം 2020 പ്രകാരം കേരള ഹോക്കി സംഘടനയെ പിരിച്ചുവിടാൻ സ്പോർട്സ് കൗൺസിലിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സൊസൈറ്റി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ് കേരള ഹോക്കി. തെരഞ്ഞെടുപ്പ് നടപടികൾ നടത്താൻ സ്പോർട്സ് കൗൺസിലിന് അധികാരമില്ല. അഡ്ഹോക് കമ്മിറ്റി രൂപവത്കരിക്കാനും കേരള സ്പോർട്സ് കൗൺസിലിനോ സർക്കാറിനോ അധികാരമില്ല. 2015ലെ കേരള സ്പോർടസ് ഭേദഗതി നിയമം വിജ്ഞാപനം ചെയ്തതിന് ശേഷമാണ് 2017ൽ സുനിൽകുമാറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
സുനിൽ അയോഗ്യനാണെന്ന സർക്കാർ നിയോഗിച്ച സമിതിയുടെ തീരുമാനം നീതികരിക്കത്തക്കതാണ്. അതിനാൽ 2022മെയിൽ സ്പോർട്സ് കൗൺസിൽ നൽകിയ അംഗീകാരം നീതീകരിക്കാനാവില്ല. അംഗീകാരം റദ്ദാക്കിയ സംഘടനയുടെ ഭാരവാഹിക്ക് മറ്റ് സ്പോർട്സ് സംഘടനയുടെ ഭാരവാഹിയാകാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


