ഹോക്കി താരം വന്ദന കതാരിയ വിരമിച്ചു; ഇന്ത്യക്കായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച വനിത താരം
text_fieldsന്യൂഡൽഹി: ഇന്ത്യൻ ജഴ്സിയിൽ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച വനിത താരമായ വന്ദന കതാരിയ വിരമിച്ചു. 320 മത്സരങ്ങളിൽ രാജ്യത്തിനായി 158 ഗോളുകൾ സ്കോർ ചെയ്ത മുപ്പത്തിരണ്ടുകാരി ഒന്നരപ്പതിറ്റാണ്ട് നീണ്ട തിളക്കമാർന്ന കരിയറിനാണ് വിരാമaമിടുന്നത്. രണ്ടു വീതം ഒളിമ്പിക്സുകളിലും ലോകകപ്പുകളിലും ഇന്ത്യയെ പ്രതിനിധാനംചെയ്തിട്ടുണ്ട് സ്ട്രൈക്കറായ വന്ദന.
‘‘ഇന്ന്, ഭാരമേറിയതും എന്നാൽ നന്ദിയുള്ളതുമായ ഹൃദയത്തോടെ അന്താരാഷ്ട്ര ഹോക്കിയിൽനിന്ന് ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുന്നു. മധുരവും കയ്പും ഒരുപോലെ തോന്നുന്ന തീരുമാനം. എന്റെ ഉള്ളിലെ തീ അണഞ്ഞതിനാലോ എന്റെ ടാങ്കിലെ ഹോക്കി വറ്റിപ്പോയതിനാലോ അല്ല, മറിച്ച് എന്റെ ഏറ്റവും മികച്ച അവസ്ഥയിൽ ആയിരിക്കുമ്പോൾ, കരിയറിന്റെ ഉന്നതിയിൽ തലകുനിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഞാൻ പിന്മാറുന്നത്. ക്ഷീണത്തിൽനിന്ന് ജനിച്ച ഒരു വിടവാങ്ങലല്ല ഇത്. എന്റെ തല ഉയർത്തിപ്പിടിച്ച്, സ്റ്റിക്ക് ഇപ്പോഴും ജ്വലിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര വേദി വിടുകയെന്നത് എന്റെ ഇഷ്ടപ്രകാരമുള്ള തെരഞ്ഞെടുപ്പാണ്. കാണികളുടെ ആരവം, ഓരോ ഗോളിന്റെയും ആവേശം, ഇന്ത്യയുടെ നിറങ്ങൾ ധരിക്കുന്നതിന്റെ അഭിമാനം എന്നിവ എന്റെ ആത്മാവിൽ എന്നെന്നേക്കുമായി പ്രതിധ്വനിക്കും’’-വന്ദന ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
2016 റിയോ, ഇന്ത്യ നാലാംസ്ഥാനം നേടി ചരിത്രം കുറിച്ച 2020 ടോക്യോ ഒളിമ്പിക്സുകളിൽ കളിച്ചിട്ടുണ്ട് ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ വന്ദന. 2018, 2022 ലോകകപ്പുകളിലും മൂന്നു വീതം കോമൺവെൽത്ത് (2014, 2018, 2022), ഏഷ്യൻ ഗെയിംസുകളിലും (2014, 2018, 2022) രാജ്യത്തെ പ്രതിനിധാനംചെയ്തു. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും (2016, 2023) വനിതാ നാഷൻസ് കപ്പിലും (2022) ഇന്ത്യക്ക് സ്വർണം ലഭിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2018 ഏഷ്യൻ ഗെയിംസ്, 2013ലെയും 18ലെയും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫികൾ എന്നിവയിൽ വെള്ളി മെഡൽ നേടിയ ടീമിലും കതാരിയയുണ്ടായിരുന്നു.