വനിത ഏഷ്യ കപ്പ് ഹോക്കി; ഇന്ത്യ-ചൈന ഫൈനൽ ഇന്ന്
text_fieldsഗോൾ നേടിയ ആഘോഷത്തിൽ ഇന്ത്യൻ താരങ്ങൾ
ഹാങ്ഷൂ (ചൈന): വനിത ഏഷ്യ കപ്പ് ഹോക്കി കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. സൂപ്പർ ഫോറിലെ മൂന്നാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനോട് 1-1ന് സമനില വഴങ്ങിയെങ്കിലും ദക്ഷിണ കൊറിയ ചൈനയോട് തോറ്റതാണ് ഇന്ത്യക്ക് തുണയായത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ആതിഥേയരായ ചൈനയാണ് എതിരാളികൾ.
ജപ്പാനെതിരെ ഏഴാം മിനിറ്റിൽ ബ്യൂട്ടി ഡങ്ഡങ് ഇന്ത്യയെ മുന്നിലെത്തിച്ചു. മത്സരം തീരാനിരിക്കെ, 58ാം മിനിറ്റിൽ കൊബായാകവ ഷിഹോയിലൂടെ ജപ്പാന്റെ തിരിച്ചടി. ഇതോടെ, ഇന്ത്യക്ക് നാല് പോയന്റിൽ അവസാനിപ്പിച്ചു. തുടർന്ന് നടന്ന കളിയിൽ, ഒരു പോയന്റുള്ള കൊറിയ വലിയ മാർജിനിൽ ചൈനക്കെതിരെ ജയിച്ചാൽ ഇന്ത്യയുടെ സാധ്യതകൾ അസ്തമിക്കുമായിരുന്നു.
എന്നാൽ, കൊറിയ ഒരു ഗോളിന് തോറ്റു. സൂപ്പർ ഫോറിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഒമ്പത് പോയന്റോടെയാണ് ആതിഥേയർ കടന്നത്. 2017ൽ ചൈനയെ തോൽപിച്ച് കിരീടം നേടിയ ഇന്ത്യക്ക് 2022ൽ മൂന്നാം സ്ഥാനമേ ലഭിച്ചുള്ളൂ. ഇയ്യിടെ പുരുഷ ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യ നേടിയിരുന്നു.


