മനസ്സിലും മൈതാനത്തും ഈദ്
text_fieldsഷമീൽ ചെമ്പകം
മലപ്പുറം: ഡിസംബറിലാണ് ഐ.എസ്.എൽ ടീമായ ഹൈദരാബാദ് എഫ്.സി തങ്ങളുടെ പുതിയ പരിശീലകനായി മലപ്പുറത്തുകാരനായ ഷമീൽ ചെമ്പകത്തിനെ നിയമിച്ചത്. ഫുട്ബാളിന് ഏറെ വളക്കൂറുള്ള മണ്ണായിട്ടും രാജ്യത്തെ ഏറ്റവും വലിയ ഫുട്ബാൾ മാമാങ്കത്തിലെ മുഖ്യപരിശീലകനാവാൻ ഒരു മലയാളിക്ക് ലീഗിന്റെ 11ാം പതിപ്പ് വരെ കാത്തിരിക്കേണ്ടി വന്നു.
ഹൈദരാബാദ് എഫ്.സിക്കൊപ്പമുള്ള ഷമീലിന്റെ യാത്ര അഞ്ചുവർഷം തികയാനടുക്കുകയാണ്. അസിസ്റ്റൻറ് കോച്ചായി തുടങ്ങി ടീമിന്റെ മുഖ്യ പരിശീലകൻ വരെയെത്തി നിൽക്കുന്ന പഞ്ചവത്സരങ്ങൾ. അന്നുമുതൽ ടൂർണമെൻറുകളും പരിശീലനങ്ങളുമായി സീസണിലുടനീളം തിരക്കിലായിരുന്നു.
കഴിഞ്ഞ രണ്ടു വർഷമായി പെരുന്നാളുകളെല്ലാം ഹൈദരാബാദിൽ ആഘോഷിക്കേണ്ടിവന്നു. നാട്ടിലെ പെരുന്നാൾ ഓർമകളുടെ ഗൃഹാതുരത്വം വേട്ടയാടുമെങ്കിലും സാഹചര്യങ്ങൾ അനുകൂലമാവാറില്ല. എന്നാൽ, ഇത്തവണ നാട്ടിൽ പെരുന്നാള് കൂടാനെത്തിയ സന്തോഷത്തിലാണ് ഷമീൽ. ഹൈദരാബാദിലെ പെരുന്നാളോർമകളും നാട്ടിലെ വിശേഷങ്ങളും ‘മാധ്യമ’വുമായി പങ്കുവെക്കുന്നു
ചെമ്പകത്ത് കുന്നിലെ ആഘോഷങ്ങൾ
‘‘തെരട്ടമ്മലിലെ വീടിന്റെ പരിസരത്തെല്ലാം കുടുംബക്കാരാണ്. അതുകൊണ്ടുതന്നെ ചെമ്പകത്ത് കുന്നെന്നാണ് വിളിക്കാറുള്ളത്. ചെറുപ്പം മുതലേ പെരുന്നാൾ എനിക്ക് മധുരമുള്ള ഓർമകളാണ്. ഉമ്മാക്കൊപ്പം പെരുന്നാൾ ചോറ് കഴിക്കുക, കുടുംബവും കൂട്ടുകാരുമൊത്ത് നാട്ടിലെ ഈദ് ഗാഹിൽ പങ്കെടുക്കുക, അയൽപക്കങ്ങളിലും ബന്ധുവീടുകളിലും സന്ദർശനം നടത്തുക, ഉപ്പയുടെ ഖബറിടത്തിൽ പോയി പ്രാർഥിക്കുക.
എന്നെ സംബന്ധിച്ചിടത്തോളം ഇതു തന്നെയാണ് പെരുന്നാൾ. ഈ ചെറിയ കാര്യങ്ങളിൽ തന്നെ ഞാൻ തികഞ്ഞ സന്തുഷ്ടനാണ്. രണ്ട് വർഷത്തിനുശേഷം നാട്ടിൽ പെരുന്നാള് കൂടുന്നു എന്ന സന്തോഷം തന്നെയാണ് ഇത്തവണ പ്രധാനം. എന്റെ കൂടെ ഹൈദരാബാദിലായിരുന്ന ഭാര്യയും മക്കളുമെല്ലാം നാട്ടിലെത്തിയ സന്തോഷത്തിലാണ് ഉമ്മ.
എനിക്കെന്നും ഏറെ പ്രിയപ്പെട്ടത് കുടുംബം തന്നെയാണ്. നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഉപ്പ എന്റെ അഞ്ചാം വയസ്സിലാണ് മരണപ്പെട്ടത്. പിന്നീട് ഞങ്ങൾ നാലു മക്കളുടെയും വളർച്ചയിൽ ഉമ്മയുടെ പങ്ക് ചിന്തിക്കാവുന്നതിലുമപ്പുറമാണ്. ഉമ്മ ജമീല, ഭാര്യ ഷഹനാസ് ബീഗം, മക്കളായ ബര്സ ചെമ്പകത്ത്, സെയ്ഷ മറിയം, സോദരീന് എന്നിവരുടെ പ്രാർഥനയും പിന്തുണയും മാത്രമാണ് എന്നെ ഞാനാക്കിയത്. എന്റെ കൂട്ടുകാരെന്നാൽ സഹോദരങ്ങൾ തന്നെയാണ്. അവരും വലിയ സന്തോഷത്തിലാണ്.’’-ഷമീൽ തുടർന്നു.
ഹൈദരാബാദിലെ പെരുന്നാളുകൾ
മലയാളികൾ ഉൾപ്പെടെയുള്ള താരങ്ങൾ ടീമിലുള്ളതുകൊണ്ടുതന്നെ ക്യാമ്പിലായാലും ആഘോഷങ്ങൾക്ക് കോട്ടം തട്ടാറില്ല. ഐ.എസ്.എൽ മത്സരത്തിന്റെ തൊട്ടു തലേന്നായിരുന്നു ഒരിക്കൽ പെരുന്നാൾ വന്നത്. ഹൈദരാബാദിലെ ക്യാമ്പിൽ നിന്നും കുളിച്ചുമാറ്റി പള്ളിയിൽ പോയി നമസ്കരിച്ച് ഒരു ലഘു ഭക്ഷണവും കഴിച്ച് വീണ്ടും മൈതാനത്തേക്കിറങ്ങി. എത്ര തിരക്കായാലും ആഘോഷങ്ങൾക്ക് സമയം കണ്ടെത്താനും അതിൽ സന്തോഷിക്കാനും സമയം കണ്ടെത്താറുണ്ട്.
ഐ.എസ്.എല്ലിനുശേഷം ഇനി നടക്കാനിരിക്കുന്ന സൂപ്പർ കപ്പിൽ മികച്ച പ്രകടനം നടത്തുക എന്നതാണ് പുതിയ ലക്ഷ്യം. നിലവിൽ 20 ദിവസത്തെ ലീവിലാണ് ടീം അംഗങ്ങൾ. ഒഡിഷയിൽ നടക്കുന്ന ടൂർണമെന്റിന് ഏപ്രിൽ നാലിന് ക്യാമ്പ് പുനരാരംഭിക്കും. ഐ.എസ്.എല്ലിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞെന്നാണ് വിശ്വാസം. അടുത്ത ചാമ്പ്യൻഷിപ്പിലും വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാറില്ല. വളർന്നുവരുന്ന പുതിയ തലമുറയിൽ നമുക്ക് ഒരുപാട് പ്രതീക്ഷയുണ്ട്.
കലാകായിക രംഗങ്ങളിൽ അവരെ വ്യാപൃതരാക്കുന്നത് ലഹരി പോലെയുള്ള തെറ്റുകളിൽനിന്ന് മാറിനിൽക്കാൻ കാരണമാകും. പുതിയ കുട്ടികളെ മുറികളിൽ അടച്ചിട്ട പഠിപ്പിക്കലുകളിൽ മാത്രം ഒതുങ്ങാതെ സാമൂഹിക രംഗത്തേക്ക് വളരാനുള്ള സാധ്യതകൾ കൂടി നാം തുറന്നുകൊടുക്കണമെന്ന് ഷമീൽ പറഞ്ഞുനിർത്തി.