ഐ.എം വിജയൻ പൊലീസ് കുപ്പായമഴിക്കുന്നു
text_fieldsഐ.എം വിജയൻ
മലപ്പുറം: 1986 ൽ നടന്ന കേരള പൊലീസ് ടീമിന് വേണ്ടിയുള്ള സെലക്ഷൻ ട്രയൽസാണ് രംഗം. മികവാർന്ന കളിയടവുകളും അസാമാന്യ മെയ്വഴക്കവും കാലിലൊളിപ്പിച്ച് ചടുല നീക്കങ്ങളോടെ കളിക്കളത്തിൽ നൃത്തം ചവിട്ടിയൊരു പതിനേഴുകാരൻ. അന്ന് ഡി.ജി.പിയായിരുന്ന എം.കെ ജോസഫിന് ആ കളിമിടുക്ക് നന്നേ ബോധിച്ചു.
പക്ഷേ, 18 വയസ്സ് തികയാത്തതിനാൽ ടിമിലെടുക്കാനാവില്ല. അസാമാന്യനായ ആ കായിക പ്രതിഭയെ ഒഴിവാക്കാനുമാവില്ല. ആറുമാസത്തിലധികം അതിഥി താരമായി പൊലീസ് ടീമിൽ കളിച്ചു. ‘വിജയൻ എന്നൊരു കളിക്കാരൻ പയ്യനുണ്ട്, പൊലീസിന്റെ ഭാഗമാക്കണം’- മുഖ്യമന്ത്രി കെ. കരുണാകരനോട് ശിപാർശ ചെയ്തതും എം.കെ. ജോസഫാണ്. 1987ൽ കൃത്യം 18 തികഞ്ഞപ്പോൾ അപ്പോയ്ന്റ്മെന്റ് ഓർഡർ കൈയിൽ കിട്ടി.
1987ൽ പൊലീസ് കോൺസ്റ്റബിളായി നിയമനം. ഐ.എം വിജയനെന്ന പേരിൽ കാൽപന്ത് കൊണ്ടെഴുതിയ ഇതിഹാസ കാവ്യത്തിനൊടുവിൽ അന്ന് കേരള പൊലീസിൽ പന്ത് തട്ടി തുടങ്ങിയ ആ താരം നീണ്ട 38 വർഷക്കാലത്തെ പൊലീസ് ജീവിതത്തിൽ നിന്ന് അസി. കമാൻഡന്ററായി വിരമിക്കുന്നു.
നാല് പതിറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ രണ്ട് തവണയായി പത്ത് വർഷത്തിലധികം പ്രഫഷനൽ ക്ലബുകളിൽ കളിക്കാൻ സർവീസിൽനിന്ന് വിട്ടുനിന്നു. വർഷങ്ങൾക്കുശേഷം എ.എസ്.ഐയായി തിരിച്ചെത്തിയ വിജയൻ 2021ൽ എം.എസ്.പി അസി. കമാൻഡന്റായി. ഈ മാസം 30 നാണ് കാക്കി കുപ്പായമഴിക്കുന്നത്.
പൊലീസിന്റെ പൊൻകാലം
കേരള പൊലീസ് ടീമിന്റെ സുവർണകാലത്ത് തന്നെ അതിന്റെ ഭാഗമാകാൻ ഐ.എം വിജയന് കഴിഞ്ഞിരുന്നു. അക്കാലത്ത് ഇന്ത്യൻ ടീമിലെ പകുതി താരങ്ങളും പൊലീസിൽനിന്നുള്ളവരായിരുന്നു. 1984 ലാണ് കേരള പൊലീസ് ഫുട്ബാൾ ടീം തുടങ്ങുന്നത് എൺപതുകളുടെ അവസാനം മുതൽ തൊണ്ണൂറുകളുടെ പകുതിവരെ ടീമിന്റെ പ്രതാപകാലം. 1990ൽ തൃശൂരിലും 1991ൽ കണ്ണൂരിലും നടന്ന ഫെഡറേഷൻ കപ്പിൽ കേരള പൊലീസ് കിരീടം ചൂടി.
വി.പി സത്യൻ, യു. ഷറഫലി, സി.വി പാപ്പച്ചൻ, കുരികേശ് മാത്യു, കെ.ടി ചാക്കോ എന്നിവർക്കൊപ്പം അന്നത്തെ സുവർണനിരയിൽ വിജയനും ഇടം പിടിച്ചു. ഇതിനിടെ 1991ൽ കൊൽക്കത്തൻ ക്ലബ്ബായ മോഹൻബഗാന് വേണ്ടി കളിക്കാൻപോയി. അടുത്തവർഷം തിരിച്ചുവന്നു.
1993ൽ സന്തോഷ് ട്രോഫി കിരീടംനേടിയ കേരള ടീമിലും അംഗമായി. അധികംവൈകാതെ വീണ്ടും പ്രഫഷണൽ ക്ലബ്ബുകളിലേക്ക് തിരിച്ചുപോയി. ഈസ്റ്റ് ബംഗാൾ, ജെ.സി.ടി മിൽസ് എന്വാര, എഫ്സി കൊച്ചിൻ, ചർച്ചിൽ (ബ്രദേഴ്സ് തുടങ്ങിയ ടീമുകൾക്കായി ബൂട്ടുകെട്ടിയ ശേഷം വീണ്ടും കേരള പൊലീസിലേക്ക്.
നീലക്കുപ്പായത്തിലെ വ്യാഴവട്ടം
1991ൽ തിരുവനന്തപുരം നെഹ്റു കപ്പിൽ റുമാനിയക്കെതിരെ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം നടത്തിയ വിജയൻ 88 മത്സരങ്ങളിൽ നിന്ന് നേടിയത് 39 ഗോളുകളാണ്. 1998 ബാങ്കോക്ക് ഏഷ്യൻ ഗെയിംസിലും 2000 ഏഷ്യാ കപ്പിലുമായി രണ്ട് തവണ ഇന്ത്യൻ നായകക്കുപ്പായവുമിട്ടു.
1999 സാഫ് കപ്പിൽ വിജയിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന മലയാളി സ്ട്രൈക്കർ, ടൂർണമെന്റിനിടെ കായിക ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അന്താരാഷ്ട്ര ഗോളുകളിലൊന്ന് നേടി ചരിത്രത്തിന്റെ ഭാഗമായി. ഭൂട്ടാനെതിരെ മത്സരം ആരംഭിച്ച് 12-ാം സെക്കന്റിലാണ് അദ്ദേഹം ലക്ഷ്യം കണ്ടത്. 1992, 1997, 2000 വർഷങ്ങളിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) മികച്ച താരത്തിനുള്ള അവാർഡും സ്വന്തമാക്കി.
2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്കോററായി. ആ ടൂർണമെന്റിന് ശേഷമാണ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചത്. 12 വർഷം ഇന്ത്യയുടെ നീലക്കുപ്പായത്തിൽ കളിക്കളം അടക്കിവാണ അദ്ദേഹം വിരമിച്ച ശേഷവും ഫുട്ബാളിനെ ചുറ്റിപ്പറ്റിയാണ് ജീവിക്കുന്നത്. കേരള പൊലീസിന്റെ ഫുട്ബാൾ ടീമിന്റെ നെടുംതൂണുകളിൽ ഒരാളായ വിജയനെ 2002ൽ അർജുന അവാർഡും 2025ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.