മുഖാമുഖം നിന്നു, പിന്നാലെ മുഖത്തടി; പാക് ബോക്സറുടെ മുഖത്തടിച്ച് ഇന്ത്യൻ താരം, വിഡിയോ വൈറൽ
text_fieldsന്യൂഡൽഹി: ബോക്സിങ് റിങ്ങിൽ ഏറ്റുമുട്ടുന്നതിന് മുമ്പേ ഇന്ത്യ-പാക് താരങ്ങൾ തമ്മിലുള്ള പോരാട്ടം കൈയാങ്കളിയായി. ദുബൈയിൽ നടക്കുന്ന ബോക്സിങ് മത്സരത്തിന് മുന്നോടിയായുള്ള മുഖാമുഖം പരിപാടിക്കിടെ ഇന്ത്യൻ ബോക്സറും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ മനീഷ് ശർമ പാകിസ്താൻ താരം റഹീം പർദേശിയുടെ മുഖത്തടിച്ചതാണ് വിവാദമായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
നവംബർ ആറിന് ദുബൈയിലെ നിക്കി ബീച്ചിൽ നടക്കുന്ന 'ഫ്യൂറി ബൈ ദ സീ - മുക ബോക്സിങ്' മത്സരത്തിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. 'ഹാഫ് എൻജിനീയർ' എന്ന പേരിൽ അറിയപ്പെടുന്ന മനീഷ് ശർമയും പാകിസ്താനി ഇൻഫ്ലുവൻസറും ബോക്സറുമായ റഹീം പർദേശിയും മുഖാമുഖം എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്.
മുഖാമുഖം പരിപാടിക്കിടെ ഇരുതാരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. റഹീം പർദേശിയുടെ പ്രകോപനപരമായ പരാമർശങ്ങളും ആംഗ്യങ്ങളുമാണ് മനീഷ് ശർമയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് നിയന്ത്രണംവിട്ട മനീഷ് പർദേശിയുടെ മുഖത്തടിക്കുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ വേദിയിലുണ്ടായിരുന്നവർ അമ്പരന്നു. സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിന് മുമ്പ് സുരക്ഷാ ജീവനക്കാർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി.
സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ഇന്ത്യൻ താരത്തിന്റെ നടപടിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. മത്സരത്തിന് മുമ്പുള്ള പ്രചാരണ പരിപാടിയിൽ ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന അഭിപ്രായവും ഉയർന്നു.
അതേസമയം, മനീഷിന്റെ അടിക്ക് നവംബർ ആറിന് മറുപടി നൽകുമെന്ന പ്രതികരണവുമായി റഹീം പർദേശിയും രംഗത്തെത്തി. അടി അപ്രതീക്ഷിതമായിരുന്നെങ്കിലും വേദനിച്ചില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ മനീഷ് ശർമ പിന്നീട് ബോക്സിങ്ങിലേക്കും കടക്കുകയായിരുന്നു. പാകിസ്താനിലെ ശ്രദ്ധേയനായ കണ്ടന്റ് ക്രിയേറ്ററും ബോക്സറുമാണ് റഹീം പർദേശി. ഇരുരാജ്യങ്ങളിലെയും താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് നേരത്തെതന്നെ വലിയ പ്രചാരം ലഭിച്ചിരുന്നു. പുതിയ വിവാദത്തോടെ നവംബർ ആറിലെ മത്സരത്തിലേക്ക് കൂടുതൽ ശ്രദ്ധ തിരിഞ്ഞിരിക്കുകയാണ്.


