ക്രിക്കറ്റ് ലഹരിയിൽ സ്പോർട്സ് ഹബ്; കാര്യവട്ടം പൂരം...
text_fieldsകാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിനു മുന്നിൽ സ്ഥാപിക്കുന്ന രോഹിത് ശർമയുടെയും
വിരാട് കോഹ്ലിയുടെയും കൂറ്റൻ കട്ടൗട്ടുകൾ
തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ് വീണ്ടുമൊരു ക്രിക്കറ്റ് കാർണിവലിന് ഇന്ന് വേദിയാകും. ട്വന്‍റി 20 ക്രിക്കറ്റിന്‍റെ എല്ലാ ആവേശങ്ങളും നിറഞ്ഞ മത്സരത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. റണ്ണൊഴുകുന്ന പിച്ചൊരുക്കി ക്രിക്കറ്റ് മാമാങ്കത്തിന് തലസ്ഥാനം തയാറായപ്പോൾ ചൊവ്വാഴ്ച സ്റ്റേഡിയത്തിൽ കണ്ടത് സാമ്പ്ൾ വെടിക്കെട്ട്.
ഇന്ത്യ, ദക്ഷിണാഫ്രിക്കൻ ടീമുകളുടെ പരിശീലനത്തിലാണ് ഇന്നത്തെ വെടിക്കെട്ടിന്‍റെ സൂചനകൾ ലഭിച്ചത്. കോവളം ലീല റാവീസിൽ താമസിക്കുന്ന ഇരുടീമുകളും വെവ്വേറെയായാണ് ഇന്നലെ സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയത്.
തിങ്കളാഴ്ചത്തേതുപോലെ ചൊവ്വാഴ്ചയും ദക്ഷിണാഫ്രിക്കൻ ടീം കൃത്യമായി സ്റ്റേഡിയത്തിലെത്തി മൂന്ന് മണിക്കൂറോളം പരിശീലനത്തിൽ ഏർപ്പെട്ടു. ഉച്ചക്ക് ഒരുമണി മുതൽ നാലുവരെയായിരുന്നു പരിശീലനം. പേസ് ബൗളർമാരായ എന്‍റിച്ച് നോക്കിയ, ലുംഗി എൻഗിഡി, കാഗിസം റബാഡ എന്നിവർ കഴിഞ്ഞദിവസത്തെ പോലെതന്നെ പ്രത്യേകമായാണ് ബൗളിങ് പരിശീലനത്തിൽ ഏർപ്പെട്ടത്.
എയ്ഡൻ മാർക്രം, ഹെയ്ന്‍റിച്ച് ക്ലാസൻ, ഡേവിഡ് എമില്ലർ എന്നീ വെടിക്കെട്ട് ബാറ്റർമാരുടെ അടികൾ പലതും ഗ്യാലറിയിലേക്ക് എത്തുന്നതാണ് കാണാതായത്.
വൈകുന്നേരം നാലരയോടെയായിരുന്നു ടീം ഇന്ത്യ പരിശീലനത്തിനായി എത്തിയത്. ആദ്യം പാഡ് ചെയ്ത് പരിശീലനത്തിനായി നെറ്റ്സിൽ എത്തിയ വിരാട് കോഹ്ലി മണിക്കൂറുകളോളം പരിശീലനം തുടർന്നു.
രോഹിത് ശർമ, കെ.എൽ. രാഹുൽ എന്നിവരും ബാറ്റിങ് പരിശീലനം നടത്തി. രോഹിത്തിന്‍റെ പല ഷോട്ടുകളും ഗ്യാലറിയിലേക്കെത്തി. ഗ്യാലറിയിൽ നിന്നവർക്ക് മുന്നറിയിപ്പ് വാക്കാൽ നൽകിക്കൊണ്ടായിരുന്നു അദ്ദേഹം ഷോട്ടുകൾ ഉതിർത്തത്.
പരിക്കിൽനിന്ന് മുക്തനായി എത്തിയ ഇന്ത്യയുടെ സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറയും അർഷദീപ് സിങ്ങും ഒരു മണിക്കൂറിലേറെ നേരം നെറ്റിൽ പന്തെറിഞ്ഞു. യൂസവേന്ദ്ര ചാഹലും ഹർഷൽ പട്ടേലും പന്തെറിയുന്നതും കാണാമായിരുന്നു.
ദിനേശ് കാർത്തികായിരുന്നു കീപ്പിങ് പരിശീലനത്തിൽ. ഋഷഭ്പന്തും ദീപക് ചാഹറും പരിശീലനത്തിന് സമയം ചെലവിട്ടു. എന്നാൽ, കഴിഞ്ഞദിവസം ഹൈദരാബാദിൽ ആസ്ട്രേലിയൻ ബൗളർമാരെ ഒതുക്കിയ സൂര്യകുമാർ യാദവ് പരിശീലനത്തിന് എത്തിയിരുന്നില്ല. ടീമിലേക്ക് വിളിക്കപ്പെട്ട ശ്രേയസ് അയ്യർ രാത്രിയോടെയെത്തി.
ടീം സ്റ്റേഡിയത്തിൽ പരിശീലനം നടത്തുമ്പോൾ പുറത്ത് അവരെ ഒരുനോക്ക് കാണാൻ എത്തിയവരുടെ വൻ തിരക്കാണ് കാണാൻ സാധിച്ചത്.
സ്റ്റേഡിയത്തിന്‍റെ കവാടത്തിൽ കോഹ്ലിയുടെയും രോഹിത് ശർമയുടെയും കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ചും ആരാധകർ മത്സരം ഉത്സവമാക്കിയിട്ടുണ്ട്. സന്ധ്യയോടെ പരിശീലനം പൂർത്തിയാക്കി മടങ്ങിയ ടീമംഗങ്ങളെ ഹർഷാരവങ്ങളോടെയാണ് യാത്രയാക്കിയത്.
ആവേശപ്പിച്ചിലെ ഓർമയടയാളങ്ങൾ...
തിരുവനന്തപുരം: സമൃദ്ധമായ ക്രിക്കറ്റ് പാരമ്പര്യമാണ് തലസ്ഥാനത്തിനുള്ളത്. തീ പാറും പോരാട്ടങ്ങൾക്ക് വേദിയായതാകട്ടെ യൂനിവേഴ്സിറ്റി സ്റ്റേഡിയവും.
1940ൽ ഹൈദരാബാദ് ദിവനായിരുന്ന സർ മിർസ മൈതാനം ഉദ്ഘാടനം ചെയ്തത് മുതൽ തലസ്ഥാനത്തെ കായികാരവങ്ങളുടെ ആൽഗോരിതവും സമവാക്യവുമെല്ലാമായി സെൻട്രൽ സ്റ്റേഡിയം നിറഞ്ഞുനിന്നുവെന്നത് ചരിത്രം. 2017 ലാണ് പിന്നീട് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽനിന്ന് ക്രിക്കറ്റ് ആരവങ്ങൾ കാര്യവട്ടത്തേക്ക് കൂടുമാറുന്നത്.
1952 നവംബർ എട്ട്, ഒമ്പത് തീയതികളിൽ നടന്ന തിരു കൊച്ചി -മൈസൂർ രഞ്ജി ട്രോഫി ദക്ഷിണ കേരള മത്സരമാണ് യൂനിവേഴ്സിറ്റി സ്റ്റേഡിയം വേദിയായ ആദ്യ ഒന്നാം ക്ലാസ് മത്സരം. പി.എം. രാഘവന്‍റെ നേതൃത്വത്തിലാണ് അന്ന് കേരള ടീം ഗ്രൗണ്ടിലിറങ്ങിയത്.
മൈസൂറുമായുള്ള ഈ മത്സരം തോറ്റെങ്കിലും ഹൈദരാബാദിനെതിരെയുള്ള അടുത്ത മത്സരം കേരളത്തിന്‍റെ ആദ്യ രഞ്ജി വിജയമായി അടയാളപ്പെടുത്തുന്നു.
1970-1971 ശ്രീലങ്കക്കെതിരെയുള്ള മത്സരം നടന്നു. വിദേശ ടീമിനെതിരെയുള്ള മത്സരത്തിൽ 146 റൺസിന് കേരളം തോറ്റു. 1972-1973ൽ ശ്രീലങ്കയും ചീഫ് മിനിസ്റ്റേഴ്സ് ഇലവനുമായുള്ള പോരാട്ടത്തിന് സെൻട്രൽ സ്റ്റേഡിയം വേദിയായി.
1982 ഫെബ്രുവരി 24: രാജ്യാന്തര നിലവാരമുള്ള ആദ്യ മത്സരം. ചീഫ് മിനിസ്റ്റേഴ്സ് ഇലവനും ഇംഗ്ലണ്ടും തമ്മിലായിരുന്നു പോരാട്ടം. ക്യാപ്റ്റൻ കീത്ത് ഫ്ലെച്ചറുടെ നേതൃത്വത്തിലെ ഇംഗ്ലണ്ട് ടീമിനെ നേരിട്ടത് സുനിൽ ഗവാസ്കറുടെ നേതൃത്വത്തിൽ കപിൽദേവും അശോക് മൽഹോത്രയുമടങ്ങുന്ന ചീഫ് മിനിസ്റ്റേഴ്സ് ഇലവൻ. 10000ൽ ഏറെ കാണികളാണ് മത്സരം കാണാനെത്തിയത്. ചീഫ് മിനിസ്റ്റേഴ്സ് ഇലവനായിരുന്നു വിജയം.
1984 ഒക്ടോബർ 1: കേരളം ആതിഥ്യം വഹിച്ച് ആദ്യ രാജ്യാന്തര മത്സരം. ഇന്ത്യ-ആസ്ട്രേലിയ എകദിന പരമ്പരയുടെ രണ്ടാം മത്സരത്തിനാണ് യൂനിവേഴ്സിറ്റി സ്റ്റേഡിയം വേദിയായത്. പക്ഷേ, കനത്ത മഴമൂലം കളി ഉപേക്ഷിച്ചു.
1987-88 ലെ ഇന്ത്യ-വെസ്റ്റിൻഡീസ് പരമ്പരയുടെ അവസാന മത്സരവും യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. വെസ്റ്റിൻഡീസിനായിരുന്നു വിജയം.
കളി കാര്യവട്ടത്തേക്ക്...
1987-88 ലെ ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരത്തിനുശേഷം 30 വർഷത്തെ ഇടവേള വേണ്ടിവന്നു മറ്റൊരു അന്താരാഷ്ട്ര മത്സരത്തിന് തലസ്ഥാനം സാക്ഷിയാകാൻ. അതേ 2017ലാണ് പിന്നീട് തലസ്ഥാനം മറ്റൊരു മത്സരത്തിന് അരങ്ങായത്. അപ്പോഴേക്കും കളിക്കളം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽനിന്ന് കാര്യവട്ടത്തേക്ക് ചുവടുമാറിയിരുന്നു.
- 2017 നവംബർ 7: ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി20. മഴമൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം.
- 2018 നവംബറിൽ നടന്ന ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരത്തിലും ഇന്ത്യക്ക് വിജയം.
- 2019 ഡിസംബറിൽ നടന്ന മത്സരത്തിൽ വെസ്റ്റിൻഡീസ് ഇന്ത്യയെ തകർത്തു.
വാഹന പാര്‍ക്കിങ് ക്രമീകരണങ്ങൾ
പാങ്ങപ്പാറ മുതല്‍ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്‍റെ ഇരുവശങ്ങളിലും കാര്യവട്ടം ജങ്ഷന്‍ മുതല്‍ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
ക്രിക്കറ്റ് കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസ്, എല്‍.എന്‍.സി.പി.ഇ, കാര്യവട്ടം യൂനിവേഴ്സിറ്റി കോളജ്, കാര്യവട്ടം ബി.എഡ് സെന്‍റര്‍, കഴക്കൂട്ടം ഫ്ലൈഓവറിന് താഴ്വശം, എന്നിവിടങ്ങളിലും പൊലീസ് നിർദേശിക്കുന്ന സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്യണം.
പാങ്ങപ്പാറമുതല്‍ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്‍റെ ഇരുവശങ്ങളിലും കാര്യവട്ടം ജങ്ഷന്‍മുതല്‍ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്ന വിധം
• ആറ്റിങ്ങല്‍ ഭാഗത്തുനിന്ന് ശ്രീകാര്യം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ വെട്ടുറോഡുനിന്ന് തിരിഞ്ഞ് ചന്തവിള- കാട്ടായിക്കോണം-ചെമ്പഴന്തി-ശ്രീകാര്യം വഴിയും ചെറിയ വാഹനങ്ങള്‍ കഴക്കൂട്ടം ബൈപാസ് -മുക്കോലയ്ക്കല്‍ വഴിയും പോകണം.
• തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ ഉള്ളൂര്‍-ആക്കുളം-കുഴിവിള വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്ക് പോകണം
• ശ്രീകാര്യം ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങള്‍ ചാവടിമുക്ക്-മണ്‍വിള-കുളത്തൂര്‍ വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്ക് പോകണം.