ദേശീയ ഗെയിംസില്‍ കേരളത്തിന് മൂന്ന് സ്വര്‍ണം കൂടി; നീന്തലിൽ ഹർഷിതക്ക് ഡബിൾ; സജന് ആദ്യ സ്വർണം
text_fieldsവനിതകളുടെ 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ സ്വർണം നേടിയ കേരള താരം ഹർഷിത ജയറാം രണ്ടാംസ്ഥാനത്തായ നിലവിലെ ചാമ്പ്യൻ പഞ്ചാബിന്റെ ചാഹത് അറോറയെ ആശ്ലേഷിക്കുന്നു
ഹൽദ്വാനി (ഉത്തരാഖണ്ഡ്): ദേശീയ ഗെയിംസിൽ കേരളത്തിന്റെ സ്വർണ വേട്ട. നീന്തലിലും വുഷുവിലുമായി ഒറ്റ ദിവസം മൂന്ന് സ്വർണമാണ് നേടിയത്. വനിത 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമും പുരുഷ 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ സജൻ പ്രകാശും ജേതാക്കളായപ്പോൾ വുഷു തൗലോ നങ്കുൻ വിഭാഗത്തിൽ മുഹമ്മദ് ജാസിലും പൊന്നണിഞ്ഞു. ഇതോടെ അഞ്ച് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി കേരളം ഏഴാം സ്ഥാനത്തേക്ക് കുതിച്ചു. വനിത ബാസ്കറ്റ്ബാളിലും പുരുഷ, വനിത വോളിബാളിലും ഫൈനലിലെത്തി കേരളം മെഡലുറപ്പിച്ചു.
ബെസ്റ്റ് സ്ട്രോക്ക് ഹർഷിത
കഴിഞ്ഞ ദിവസം 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ചാമ്പ്യനായ ഹർഷിത ഇന്നലെ 50 മീറ്ററിലും സ്വർണപ്രകടനം ആവർത്തിച്ചു. 34.14 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. പഞ്ചാബിന്റെ ചാഹത് അറോറ (34.37) വെള്ളിയും സഹതാരം അവനി ഛബ്ര (34.86) വെങ്കലവും നേടി. നിലവിലെ റെക്കോഡുകാരി കൂടിയായ ചാഹത്തിനെ കനത്ത പോരാട്ടത്തിൽ പിന്നിലാക്കാൻ ഹർഷിതക്ക് കഴിഞ്ഞു.
പുരുഷ വിഭാഗം ബട്ടർഫ്ലൈ സ്ട്രോക്കിൽ സ്വർണം നേടിയ കേരള താരം സജൻ പ്രകാശ്
നോൺ സ്റ്റോപ് സജൻ
തുടർച്ചയായ നാലാം ദേശീയ ഗെയിംസിലാണ് സജൻ 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ സ്വർണം നേടുന്നത്. നിലവിലെ റെക്കോഡുകാരൻ കൂടിയായ കേരള താരം രണ്ട് മിനിറ്റ് 01.40 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ അസമിന്റെ ബിക്രം ചാങ്മയ് (2:04.23) വെള്ളിയും ഹരിയാനയുടെ സരോഹ ഹർഷ് (2:04.48) വെങ്കലവും കരസ്ഥമാക്കി. കഴിഞ്ഞ രണ്ട് വെങ്കലം നേടിയ സജന് ദേശീയ ഗെയിംസിലെ ആകെ മെഡലുകളുടെ എണ്ണം 29 ആയി. 2015 കേരള, 2022 ഗുജറാത്ത്, 2023 ഗോവ ഗെയിംസുകളിലും ഇഷ്ട ഇനമായ 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ സജന് സ്വര്‍ണം നേടിയിരുന്നു. ഇന്ന് സജൻ മൂന്ന് ഇനങ്ങളിൽ കൂടി മത്സരിക്കും. 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ, 50 മീറ്റര്‍ ബട്ടര്‍ഫ്ലൈ എന്നിവയിലാണ് ഇറങ്ങുന്നത്.
ഫുട്ബാളിൽ കേരളത്തിന് തോൽവി
ദേശീയ ഗെയിംസ് ഫുട്ബാളിൽ ജയത്തോടെ തുടങ്ങിയ കേരളത്തെ ഒറ്റ ഗോളിന് വീഴ്ത്തി ഡൽഹി സെമി ഫൈനലിൽ. ഡൽഹിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. തിങ്കളാഴ്ച ഗ്രൂപ് ബിയിലെ അവസാന മത്സരത്തിൽ സർവിസസിനെ തോൽപിക്കാനായാൽ കേരളത്തിനും അവസാന നാലിലെത്താം. മണിപ്പൂരിനെ തകർത്ത സർവിസസിനും കേരളത്തിനും മൂന്ന് വീതം പോയന്റാണെന്നിരിക്കെ നാളത്തെ കളി ഇരു ടീമിനും അതിനിർണായകമാണ്. രണ്ട് തോൽവി നേരിട്ട മണിപ്പൂർ പുറത്തായി. മത്സരം തുടങ്ങിയപ്പോൾ തന്നെ കേരളത്തിനെതിരെ ഡൽഹിയുടെ മുന്നേറ്റമായിരുന്നു. പത്താം മിനിറ്റിൽത്തന്നെ അവർ ലക്ഷ്യത്തിലുമെത്തി. മൈതാനമധ്യത്തിൽനിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ശക്തിനാഥ് വലകുലുക്കി. ഉണർന്നുകളിച്ച കേരളം പൊരുതിയെങ്കിലും ഗോൾ അകന്നുനിന്നു.
ബാസ്കറ്റ്ബാളിലും വോളിയിലും സ്വർണപ്പോരാട്ടം
വനിത 5x5 ബാസ്ക്കറ്റ്ബോള്‍ ഫൈനലില്‍ കേരളം ഞായറാഴ്ചഇറങ്ങും. രാവിലെ എട്ടിന് നടക്കുന്ന കലാശപ്പോരിൽ തമിഴ്നാട് ആണ് കേരളത്തിന്റെ എതിരാളി. സെമി ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാടി കർണാടകയെ തോൽപിക്കുകയായിരുന്നു. വോളിബാൾ വനിത, പുരുഷ ഇനങ്ങളിലും കേരളം ഫൈനലിൽ കടന്നു. തോല്‍വി അറിയാതെയാണ് വനിതകളുടെ വരവ്. സെമിയില്‍ കേരളം ഛണ്ഡീഗഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചു.
അതേസമയം, വോളി പുരുഷ വിഭാഗം ഫൈനലില്‍ കേരളം സര്‍വീസസിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം സര്‍വീസസിനോട് പരാജയപ്പെട്ടിരുന്നു. സെമി ലക്ഷ്യമിട്ട് വാട്ടര്‍പോളോയില്‍ കേരള, പുരുഷ വനിതാ ടീമുകളും ഇന്ന് മത്സരിക്കും. വനിതാ വിഭാഗത്തില്‍ കേരള കര്‍ണാടകയെയും പുരുഷന്മാർ മഹാരാഷ്ട്രയെയും നേരിടും. ആര്‍ച്ചറി, ഷൂട്ടിങ്, ബോക്സിങ്, 3x3 ബാസ്ക്കറ്റ്ബാൾ എന്നീ ഇനങ്ങളിലും ആദ്യ മത്സരത്തിന് ഇറങ്ങും.