കൊയപ്പ ടു കൊൽക്കത്ത
text_fieldsകൊയപ്പ അഖിലേന്ത്യാ സെവൻസിൽ ഫിറ്റ് വെൽ കോഴിക്കോടിന് വേണ്ടി കളിക്കുന്ന മുഹമ്മദ് നിയാജ്
മലപ്പുറം: കൊടുവള്ളിയിൽ നടക്കുന്ന കൊയപ്പ അഖിലേന്ത്യാ സെവൻസിൽ റിയൽ എഫ്.സി തെന്നലയും ഫിറ്റ് വെൽ കോഴിക്കോടും തമ്മിലെ വാശിയേറിയ പോരാട്ടം. കളിയുടെ തുടക്കം മുതൽ എതിർ ടീമിന്റെ ഗോൾ വലക്ക് മുമ്പിൽ നിരന്തരം ഭീതി സൃഷ്ടിക്കുന്ന ഫിറ്റ് വെൽ കോഴിക്കോടിന്റെ ആറാം നമ്പറുകാരൻ. താരതമ്യേന പരുക്കൻ കളി പുറത്തെടുക്കുന്ന സെവൻസിലും പ്രൊഫഷണൽ താരത്തിന്റെ മെയ് വഴക്കവും ചടുലമായ നീക്കങ്ങളും കൊണ്ട് ആരാധക മനസ്സിൽ ആ ഇരുപതുകാരൻ ഇടം പിടിച്ചു. തനിക്കെതിരെ വരുന്ന വിദേശ താരങ്ങളുൾപ്പടെയുള്ളവരെ മനോഹരമായ കളിയടവുകളുമായി വെട്ടിച്ച് മുന്നേറി.
വിങ്ങുകളിലൂടെയുള്ള ആക്രമണം തടയാൻ എതിർ ടീമിന്റെ പ്രതിരോധ താരങ്ങൾ നന്നേ പാടുപെട്ടു. അവസാന അടവന്നോണം ഫൗൾ ചെയ്ത് വീഴ്ത്തിയിടത്ത് നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ അവൻ ഉയിർത്തെഴുന്നേറ്റു. ചളി പുരണ്ട വെള്ള ജഴ്സിയണിഞ്ഞ് മൈതാനത്ത് പന്ത് കൊണ്ട് നടത്തിയ മനോഹരമായ ആ നൃത്തത്തിൽ എതിരാളികൾ പോലും ആരാധകരായി മാറി. കളിയുടെ വീഡിയോ വന്നതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം താരത്തെ തിരഞ്ഞു. കൂടുതൽ വൈകാതെ തന്നെ മറ്റൊരു സന്തോഷ വാർത്ത കളിയാസ്വാദകരെ തേടിയെത്തി.
ഐ.എസ്.എല്ലിലെ കൊൽക്കത്തൻ വമ്പൻമാരായ മോഹൻ ബഗാൻ ഒന്നര വർഷത്തേക്ക് താരത്തെ തങ്ങളുടെ കൂടാരത്തിലെത്തിച്ചിരിക്കുന്നു. കോഴിക്കോട് മുക്കം കാരമൂല സ്വദേശിയായ കോറാമ്പ്ര മുഹമ്മദ് നിയാജ് ഇനി ഇന്ത്യൻ സൂപർ ലീഗിൽ പന്ത് തട്ടും. സോഷ്യൽ മീഡിയയിലെ വീഡിയോ കണ്ട് മറ്റു ഐ.എസ്.എൽ ക്ലബ്ബുകളായ ഹൈദരാബാദ് എഫ്.സിയും ഈസ്റ്റ് ബംഗാളും നിയാജിനെ ബന്ധപ്പെട്ടിരുന്നു. അതിനിടയിലാണ് മോഹൻ ബഗാനിൽ കളിക്കുന്ന നാട്ടുകാരനും സുഹൃത്തുമായ ഉമർ മുക്താറിന്റെ സന്തോഷ വിളിയെത്തുന്നത്. കൂടുതൽ ആലോചിക്കാതെ നേരെ കൊൽക്കത്തയിലേക്ക് വണ്ടികയറി.
കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ് കോളേജിലെ ബി.ബി.എ മൂന്നാം വർഷ വിദ്യാർഥിയായ നിയാജ് കുട്ടിക്കാലം മുതൽ മുക്കത്തെയും കാരമൂലയിലെയും വയലുകളിൽ പന്ത് തട്ടിയാണ് ഫുട്ബോളിന് തുടക്കമിട്ടത്. പ്രൊഫഷണൽ ആയി കളി പഠിക്കാനവസരം ലഭിച്ചില്ലെങ്കിലും പാടത്തും പറമ്പിലും നിയാജ് പന്ത് കൊണ്ട് മായാജാലം തീർത്തു. നാട്ടിലെ ക്ലബ്ബായ കെ.എഫ്.എ കാരമൂലക്ക് വേണ്ടിയാണ് കളിച്ച് തുടങ്ങിയത്. ദേവഗിരി കോളേജിന് വേണ്ടിയും ബൂട്ട് കെട്ടി.
കുടുംബത്തിൻറെയും നാട്ടുകാരുടെയും പിന്തുണ കൊണ്ടാണ് സ്വപ്നതുല്യമായ ഈ നേട്ടത്തിലെത്തിയതെന്ന് നിയാജ് മാധ്യമത്തോട് പറഞ്ഞു. പിതാവ് മമ്മദ് മരിച്ചിട്ട് നാല് വർഷം കഴിഞ്ഞു. മാതാവ് ഫാത്തിമയും മൂത്ത സഹോദരങ്ങളായ നിസ്നയും ജസ്നയും വലിയ പിന്തുണയാണ് നൽകുന്നത്. ഇന്ത്യക്കായി നീല ജഴ്സിയണിയണമെന്ന വലിയ സ്വപ്നമാണ് ഇനി നിയാജിനുള്ളത്. സഹോദരിമാരുടെ ഭർത്താക്കൻമാരായ ഷമീറും നിസാമുദ്ധീനും ഊർജമായി കൂടെയുണ്ട്.