സംസ്ഥാന സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് കുന്നംകുളം ഒരുങ്ങി
text_fieldsകുന്നംകുളം: സംസ്ഥാന സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് കുന്നംകുളം ഒരുങ്ങി. കുന്നംകുളം ചേംബർ ഓഫ് കോമേഴ്‌സിന്‍റെ നേതൃത്വത്തിൽ കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ, സ്റ്റാർട്ടിങ് ഫൈവ് സ്‌പോർട്‌സ് മാനേജ്‌മെന്റ് പിന്തുണയോടെ ഈമാസം ഏഴു മുതൽ 12 വരെയാണ് കുന്നംകുളം 69ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബാൾ ടൂർണമെന്റിന് വേദിയാകുന്നത്.
കുന്നംകുളം ജവഹർ സ്‌ക്വയർ സ്റ്റേഡിയത്തിലാണ് മത്സരം. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ആറു ദിവസത്തെ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ 14ഉം വനിതാ വിഭാഗത്തിൽ 12ഉം ടീമുകൾ പങ്കെടുക്കും. പുരുഷന്മാരിൽ എറണാകുളവും സ്ത്രീകളിൽ തിരുവനന്തപുരവുമാണ് നിലവിലെ ചാമ്പ്യന്മാർ. നവീകരിച്ച ജവഹർ സ്റ്റേഡിയത്തിൽ ഏഴിന് വൈകീട്ട് അഞ്ചിന് കെ. രാധാകൃഷ്ണൻ എം.പി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. എ.സി. മൊയ്തീൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ ലൈഫ് ടൈം പ്രസിഡന്‍റ് പി.ജെ. സണ്ണി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഘോഷയാത്രയും വിവിധ കലാപരിപാടികളും അരങ്ങേറും. പ്രമുഖ ബാസ്കറ്റ്ബാൾ പരിശീലകൻ റിച്ചാർഡ് ലീ ബ്രൂക്‌സ് 11, 12 തീയതികളിൽ പരിശീലകർക്ക് ക്ലസെടുക്കും. 12നു നടക്കുന്ന ഫൈനൽ മത്സരത്തിൽനിന്ന് ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കും.
ഗ്രൂപ്പ്
പുരുഷന്മാർ
പൂൾ എ -എറണാകുളം, തൃശൂർ, കണ്ണൂർ, ആലപ്പുഴ
പൂൾ ബി -തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, പാലക്കാട്
പൂൾ സി -ഇടുക്കി, കൊല്ലം, വയനാട്
പൂൾ ഡി -കോഴിക്കോട്, കാസർകോട്, മലപ്പുറം
സ്ത്രീകൾ
പൂൾ എ -തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം
പൂൾ ബി -പാലക്കാട്, എറണാകുളം, കാസർകോട്
പൂൾ സി -കോട്ടയം, കോഴിക്കോട്, കൊല്ലം
പൂൾ ഡി -ആലപ്പുഴ, തൃശൂർ, കണ്ണൂർ


