'ഗോട്ടു'കൾ കണ്ടുമുട്ടിയപ്പോൾ! മയാമിയിൽ മെസ്സിയെ കണ്ട് ദ്യോകോവിച്ച്
text_fieldsഫുട്ബാളിലെ എക്കാലത്തെയും വലിയ ഇതിഹാസമായ ലയണൽ മെസ്സിയും ടെന്നീസിലെ എക്കാത്തെയും വലിയ ഇതിഹാസവുമായ നൊവാക് ദ്യോകോവിച്ചും കണ്ടുമുട്ടി. മയാമി ഓപ്പണിൽ ഗ്രിഗർ ദിമിട്രോവിനെതിരെ നൊവാക് ദ്യോകോവിച്ച് 6-2, 6-3 എന്ന സ്കോറിൽ നേടിയ വിജയത്തിന് ശേഷമാണ് ഇരുവരും കണ്ടുമുട്ടിയത്. കളി കാണാനെത്തിയ ജനക്കൂട്ടത്തിനിടയിൽ ലയണൽ മെസ്സിയും ഉണ്ടായിരുന്നു.
ആധുനിക കാലത്തെ ഏറ്റവും മികച്ച അത്ലെറ്റുകളും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയാണ് നിലവിൽ പ്രചരിക്കുന്നത്. മെസ്സിയെ കാണാൻ സാധിച്ചത് അഭിമാനമാണെന്നും അദ്ദേഹം മികച്ച അത്ലെറ്റാണെന്നും ദ്യോകോവിച്ച് മത്സര ശേഷം പറഞ്ഞു. മത്സരത്തിന് ശേഷം ഇരുവരും ജേഴ്സി പരസ്പരം കൈമാറി.
'അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ അതിശയമുണ്ട്, അദ്ദേഹത്തിന് മുന്നിൽ നേരിട്ട് കളിക്കാൻ കഴിയുന്നത് ഒരു വലിയ ബഹുമതിയാണ്, ഒരുപക്ഷേ ആദ്യമായാണ്. അദ്ദേഹം തന്റെ മകനോടും കുടുംബത്തോടും ഒപ്പം ഇവിടെ ഉണ്ടായിരുന്നതിൽ ഞാൻ ശരിക്കും നന്ദിയുള്ളവനാണ്. ഫുട്ബാളിൽ മാത്രമല്ല ലോക അത്ലെറ്റിക്കുകളിൽ തന്നെ അദ്ദേഹം മികച്ചവനാണ്. ഭൂരിഭാഗം ആളുകളെയും പോലെ ഞാനും ഒരു മെസ്സി ആരാധകനാണ്,' ദ്യോകോവിച്ച് പറഞ്ഞു.
ബൾഗേറിയൻ താരം ദിമിട്രോവിനെ വെറും 71 മിനിറ്റുള്ളിൽ പരാജയപ്പെടുത്താൻ ദ്യോകോവിച്ചിന് സാധിച്ചു.