വുഷുവിൽ ചാമ്പ്യനായി മുഹമ്മദ് ജാസിൽ
text_fieldsമുഹമ്മദ് ജാസിൽ മാതാപിതാക്കൾക്കൊപ്പം
ഡെറാഡൂൺ: മൂന്നാം വയസ്സിൽത്തന്നെ ആയോധനകലയിലേക്ക് ചുവടുവെച്ച മുഹമ്മദ് ജാസിലിന് ദേശീയ ഗെയിംസ് വുഷുവിൽ സ്വർണത്തിളക്കം. തൗലോ നങ്കുൻ വിഭാഗത്തിൽ മത്സരിച്ച താരം നേടിയത് 8.35 പോയന്റാണ്.
ജൂനിയര്‍, സീനിയർ ദേശീയ മത്സരങ്ങളിലും ഓള് ഇന്ത്യ യൂണിവേഴ്സിറ്റി മത്സരങ്ങളിലും താരം മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. വുഷുവിന് പുറമെ കരാട്ടെ, കളരി, സാംമ്പോ, ജുടിട്സു ഇനങ്ങളിലും മത്സരിക്കാറുണ്ട് 20കാരൻ.
ചെറുകര കുപ്പൂത്ത് വീട്ടില്‍ മുഹമ്മദ് അലിയുടെയും സാജിതയുടെയും മകനാണ് ജാസിൽ. പരിശീലകൻ കൂടിയായ പിതാവാണ് കുഞ്ഞുനാളിലേ ഈ രംഗത്തേക്ക് ജാസിലിനെ കൊണ്ടുവന്നത്. ഇന്ന് ജാസിലും പരിശീലകനാണ്. നൂറുകണക്കിന് ശിഷ്യഗണങ്ങൾ ഇപ്പോഴേ ഉണ്ട്.
സഹോദരിമാരായ ഫാത്തിമയും ആയിഷയും ജാസിലിന് കീഴിൽ പരിശീലിക്കുന്നു. പട്ടാമ്പി എസ്.എൻ.ജി.എസ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ജാസിൽ. വടി കൊണ്ടുള്ള ഇനമാണ് നങ്കുൻ.ദേശീയ ഗെയിംസ് തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ ഒമ്പത് പേരടങ്ങിയ വുഷു സംഘം ഡെറാഡൂണിലെത്തിയിരുന്നു. ഇത് ഉത്തരാഖണ്ഡിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ സഹായിച്ചു. ബൈജുവും ഹാരിസും പരിശീലകരും ആയിഷ നസ്രിൻ ടീം മാനേജറുമാണ്.