മഞ്ഞുമ്മൽ ഗെയിംസ്
text_fieldsഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തലേന്ന് പ്രധാന വേദിയായ ഡെറാഡൂണിലെ മഹാറാണ പ്രതാപ് സ്പോർട്സ് കോംപ്ലക്സിലെത്തിയ കേരള താരങ്ങൾക്ക് ലഭിച്ച സ്വീകരണം ഫോട്ടോ: മുസ്തഫ അബൂബക്കർ
ഹിമാലയൻ പർവത താഴ്വരയിലൂടെ വീശുന്ന തണുത്ത കാറ്റിനും ചൂടുപിടിക്കുകയായി. ഇനി മഞ്ഞിലും പൊന്നു വിളയും. 32 ഇനങ്ങളിലായി പതിനായിരത്തിലധികം താരങ്ങൾ പ്രതിഭയും കായികക്കരുത്തും തെളിയിക്കാനിറങ്ങുന്ന 38ാമത് ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഉത്തരാഖണ്ഡ് സംസ്ഥാനം നിലവിൽ വന്നതിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗം കൂടിയാണ് ഇത്തവണത്തെ ഗെയിംസ്. സംസ്ഥാനത്തെ ഏഴ് നഗരങ്ങൾ വേദിയാവും. മത്സരങ്ങൾ ജനുവരി 26ന് ആരംഭിച്ചിരുന്നു. ഫെബ്രുവരി 14നാണ് സമാപനം. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സർവിസസുമടക്കം 37 ടീമുകൾ പങ്കെടുക്കുന്നുണ്ട്.
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസ് വനിത ബാസ്കറ്റ്ബാളിൽ പങ്കെടുക്കുന്ന കേരള താരങ്ങൾ ഡെറാഡൂണിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
ഡറാഡൂണിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകീട്ട് നാലിനാണ് ഉദ്ഘാടനം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷ തുടങ്ങിയവര്‍ പങ്കെടുക്കും. തുടർന്ന് പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന പരിപാടികളും അരങ്ങേറും. ഡറാഡൂണിനുപുറമെ ഹരിദ്വാർ, ശിവപുരി, ന്യൂ ടെഹ് രി, നൈനിറ്റാൾ, ഹൽദ്വാനി, രുദ്രാപുർ എന്നിവിടങ്ങളിലാണ് വേദികൾ. ഗ്ലാമർ ഇനമായ അത്ലറ്റിക്സ് ഫെബ്രുവരി എട്ട് മുതൽ 12വരെ ഗംഗ അത്ലറ്റിക്സ് ഗ്രൗണ്ടിൽ നടക്കും.
പാരിസ് ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ജാവലിൻ ത്രോ താരം നീരജ് ചോപ്രയും ഷൂട്ടർ മനു ഭാകറും ഗെയിംസിൽ പങ്കെടുക്കുന്നില്ല. എന്നാൽ, ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച സ്വപ്നിൽ കുശാലെയും സരബ്ജോത് സിങ്ങും മഹാരാഷ്ട്രയെ പ്രതിനിധാനംചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ മഹാരാഷ്ട്രയാണ് മെഡൽവേട്ടയിൽ മുന്നിലെത്തിയത്. 80 സ്വർണവും 69 വെള്ളിയും 79 വെങ്കലവും ഇവർ നേടി. 36 സ്വർണവും 24 വെള്ളിയും 27 വെങ്കലവുമായി കേരളം അഞ്ചാം സ്ഥാനത്തെത്തി. കേരളത്തിന് 19 സ്വർണം സമ്മാനിച്ച കളരിപ്പയറ്റ് ഇക്കുറി പ്രദർശന ഇനം മാത്രമാക്കിയത് സംസ്ഥാനത്തിന് തിരിച്ചടിയാണ്.
ട്രയാത്ലണിൽ മെഡലില്ല
ആദ്യ ഇനമായ ട്രയാത്ലണിൽ കേരളത്തിന് മെഡലില്ല. പുരുഷ വിഭാഗത്തില്‍ മണിപ്പൂരിന്റെ സറുന്ഗ്ബാം അതൗബ മെയ്റ്റി ജേതാവായി. മണിപ്പൂരിന്റെ തന്നെ തെല്ഹെയ്ബ സോറാം വെള്ളിയും മഹാരാഷ്ട്രയുടെ പര്‍ത്ത് സച്ചിൻ വെങ്കലവും നേടി. കേരളത്തിനുവേണ്ടി മത്സരിച്ച മുഹമ്മദ് റോഷന് ഒരു മണിക്കൂര്‍ അഞ്ച് മിനിറ്റ് 52 സെക്കൻഡിൽ പൂര്‍ത്തിയാക്കി 10 ാമതായും ഒരു മണിക്കൂര്‍ ഏഴ് മിനിറ്റ് 13 സെക്കൻഡിൽ ശ്രീധത് സുദീര്‍ 13 ാമതായും ഫിനിഷ് ചെയ്തു.
വനിതാ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ ഡോളി ദേവിദാസ് സ്വര്‍ണവും മന്‍സി വിനോദ് വെള്ളിയും മണിപ്പൂരിന്റെ ആദ്യ സിങ് വെങ്കലവും നേടി. കേരളത്തിന്റെ ഹരിപ്രിയ പത്താമതും സാന്ദ്രജ എസ് 14 ാമതുമായി. മിക്സഡ് റിലേയില്‍ കേരളം ആറാം സ്ഥാനത്തെത്തി. കഴിഞ്ഞ ഗെയിംസില്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കേരളത്തിനുവേണ്ടി മുഹമ്മദ് റോഷന് കെ., ഹരിപ്രിയ എസ്., ശ്രീധത് സുധീര്‍, സാന്ദ്രജ എസ്. എന്നിവർ ഇറങ്ങി.
പുരുഷ ഖോഖോയില്‍ കേരളം വൈകീട്ട് ആറിന് കര്‍ണാടകയെ നേരിടും. ഗ്രൂപ് എയില്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് സ്ഥാനം.
ജീനയും ജാസിറും കേരളത്തിന്റെ പതാകയേന്തും
ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ താരം പി.എസ്. ജീനയും വുഷു താരം മുഹമ്മദ് ജാസിറും കേരളത്തിന്റെ പതാകയേന്തും. കേരളത്തെ പ്രതിനിധാനംചെയ്ത് 20 താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കും. ഡറാഡൂണിലെത്തിയ ബാസ്കറ്റ്ബാള്‍, റഗ്ബി, വെയ്റ്റ്ലിഫ്റ്റിങ്, ബാഡ്മിന്റണ്‍, വുഷു, ഷൂട്ടിങ് തുടങ്ങിയ മത്സരയിനങ്ങളില്‍ നിന്നുള്ളവരായിരിക്കും അണിനിരക്കുക. ചീഫ് ഡി മിഷന് സെബാസ്റ്റ്യന്‍ സേവിയര്‍, ഡെപ്യൂട്ടി ചീഫ് ഡി മിഷന് വിജു വര്‍മ തുടങ്ങിയവരുമുണ്ടാവും. വിവിധ ഇനങ്ങളിലായി 437 താരങ്ങൾ സംസ്ഥാനത്തെ പ്രതിനിധാനംചെയ്യും. 113 ഒഫീഷ്യൽസും കൂടെയുണ്ട്. അത്ലറ്റിക്സിൽ മാത്രം 52 പേരെയാണ് കേരളം അണിനിരത്തുന്നത്.
മഞ്ഞുവീഴ്ചയും തണുപ്പും പണിയാകുമോ
ഉത്തരാഖണ്ഡിൽ ദേശീയ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായപ്പോൾ കാലാവസ്ഥയാണ് ഇതര നാടുകളിൽ നിന്നുള്ള താരങ്ങളുടെ പ്രധാന ആശങ്ക. ഇവിടത്തെ മഞ്ഞുവീഴ്ചയും തണുപ്പും പ്രകടനത്തെ ബാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തിങ്കളാഴ്ച ഉത്തരാഖണ്ഡിലെ ഏറ്റവും കുറഞ്ഞ ശരാശരി താപനില മൈനസ് ഒന്ന് ഡിഗ്രി സെൽഷ്യസായിരുന്നു. ഉയർന്ന ശരാശരി താപനില 13 ഡിഗ്രി സെൽഷ്യസും. ഏറ്റവും കൂടുതൽ മത്സരങ്ങൾക്ക് വേദിയാവുന്നത് തലസ്ഥാന നഗരയായ ഡറാഡൂണാണ്. ഇവിടെ കുറഞ്ഞ താപനില എട്ട് ഡിഗ്രിയും ഉയർന്നത് 18 ഡിഗ്രി സെൽഷ്യസുമാണ്. മറ്റൊരു പ്രധാന വേദിയായ ഹൽദ്വാനിയിലേതും സമാനം. ബുധനാഴ്ച നീന്തൽ മത്സരങ്ങൾ ഹൽദ്വാനിയിൽ ആരംഭിക്കുന്നുണ്ട്.
ഇന്നലെ കേരളത്തിലെ ഉയർന്ന താപനില 33 ഡിഗ്രിയും കുറഞ്ഞത് 22 ഡിഗ്രിയുമായിരുന്നുവെന്നത് ചേർത്തുവായിക്കണം. ദേശീയ ഗെയിംസിലെ ഇൻഡോർ സ്റ്റേഡിയങ്ങൾ 26 ഡിഗ്രി ചൂടിലേക്ക് ഉയർത്തിയിട്ടുണ്ട്. നീന്തൽക്കുളത്തിലെ താപനിലയും ക്രമീകരിക്കും. എന്നാൽ, സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന അത്ലറ്റിക്സ് മത്സരങ്ങളെ തണുപ്പ് ഏത് തരത്തിൽ ബാധിക്കുമെന്ന് കണ്ടറിയണം. നട്ടുച്ച സമയത്തുപോലും സ്വെറ്ററുകൾ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് പ്രദേശവാസികളും. ഈ സാഹചര്യത്തിൽ അതിരാവിലെ ട്രാക്കിലിറങ്ങുന്ന താരങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാവാനും പരിക്കേൽക്കാനും പ്രകടനത്തെ ബാധിക്കാനും സാധ്യതയുണ്ടെന്ന് പരിശീലകർ മുന്നറിയിപ്പ് നൽകുന്നു. പ്രമുഖരായ പലരും ഗെയിംസിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ പ്രധാന കാരണവും കാലാവസ്ഥയാണ്.