സ്കോർ ബോർഡിൽ ‘മലയാളം’; വനിത ലോകകപ്പിൽ ഐ.സി.സിയുടെ ഔദ്യോഗിക സ്കോററായി മാവേലിക്കര സ്വദേശി
text_fieldsദുബൈ: ചരിത്രത്തിലാദ്യമായി രണ്ട് മലയാളികൾ ഇന്ത്യക്കായി കളത്തിലിറങ്ങിയ ക്രിക്കറ്റ് ലോകകപ്പിൽ മറ്റൊരു സവിശേഷതയും. വനിത ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റിൽ സ്കോർ ബോർഡ് നിയന്ത്രിക്കുന്നതും കേരളീയനാണ്. മാവേലിക്കര സ്വദേശി ഷിനോയ് സോമൻ ആണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) ഔദ്യോഗിക സ്കോറർ. ഇന്നലെ ദുബൈയിൽ ഇന്ത്യ -പാകിസ്താൻ മത്സരത്തിൽ സ്കോർ രേഖപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. ശ്രീലങ്ക, ന്യൂസിലൻഡ് എന്നീ ടീമുകളുമായി നടക്കുന്ന ഇന്ത്യയുടെ അടുത്ത മത്സരങ്ങളിലും ഷിനോയിക്ക് ചുമതലയുണ്ട്. കൂടാതെ സെമി, ഫൈനൽ മത്സരങ്ങളിലും ഇദ്ദേഹം സ്കോർബോർഡിന് പിന്നിലുണ്ടാകും.
2009ൽ ഐ.സി.സി ദുബൈ അക്കാദമിക് സിറ്റിയിൽ വെച്ച് നടത്തിയ സ്കോറേഴ്സ് പരിശീലന കോഴ്സിൽ ഷിനോയ് ഉൾപ്പെടെ 10 പേർക്കാണ് യോഗ്യത നേടാനായത്. തുടർന്ന് ആ വർഷം ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പാകിസ്താൻ -ആസ്‌ട്രേലിയ ഏകദിന മത്സരത്തിലാണ് ആദ്യമായി ഐ.സി.സിയുടെ ഔദ്യോഗിക സ്കോററായി ചുമതലയേൽക്കുന്നത്. ഏഷ്യ കപ്പ്, ഐ.പി.എൽ, പി.എസ്.എൽ, ട്വന്‍റി20 ലോകകപ്പ്, പാകിസ്താൻ, ആസ്‌ട്രേലിയ, ശ്രീലങ്ക, യു.എ.ഇ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങളിലും ഇദ്ദേഹം ഒഫിഷ്യൽ സ്‌കോററായിരുന്നു.
ഏഷ്യ കപ്പ് ട്വന്‍റി20 അണ്ടർ 19 മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. അക്കാഫ് ക്രിക്കറ്റ് ടൂർണമെന്‍റ്, മാവേലിക്കര ബിഷപ് മൂർ കോളജ് അലുമ്നി ക്രിക്കറ്റ് ടൂർണമെന്‍റ്, സബ്‌കോൺ ക്രിക്കറ്റ് ക്ലബ് ടൂർണമെന്‍റ് തുടങ്ങി യു.എ.ഇയിൽ നടന്ന പ്രാദേശിക ടൂർണമെന്‍റുകളുടെ സ്ഥിരം സംഘടകൻ കൂടിയാണ് ഷിനോയ്. മാവേലിക്കര തഴക്കര മൊട്ടയ്‌ക്കൽ സോമന്‍റെയും ശ്യാമളയുടെയും മകനായ ഷിനോയ് ദുബൈ ക്യാപിറ്റോൾ ഹോട്ടൽ സെയിൽസ് ഡയറക്ടറാണ്. ഭാര്യ: പ്രിയ, മക്കൾ: റയാൻ, തഷിൻ, ഫിയോന.