എന്തൊരു തോൽവിയാണ് സാർ
text_fieldsദേശീയ ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയുമായി ഉത്തരഖണ്ഡിൽ നിന്ന് കേരള താരങ്ങൾ തിരിച്ചുവന്നിരിക്കുകയാണ്. പത്തു വർഷം മുമ്പ് അമ്പതിലേറെ സ്വർണമെഡലുകൾ നേടിയ കേരളം ഇത്തവണ ആകെ നേടിയത് 54 മെഡലും പതിനാലാം സ്ഥാനവുമാണ്. ഈ ഹിമാലയൻ തകർച്ചക്ക് കാരണം ചികഞ്ഞാൽ ചെന്നെത്തുക സംസ്ഥാന കായിക വകുപ്പിന്റെ കൊള്ളരുതായ്മ മുതൽ കാൽ കാശിന് ഗതിയില്ലാത്ത ഖജനാവിലും വരെ...
38ാമത് ദേശീയ ഗെയിംസ് ജനുവരി 26 മുതൽ ഫെബ്രുവരി 14 വരെ ഉത്തരഖണ്ഡിൽ നടന്നു. 437 താരങ്ങളും 113 ഒഫീഷ്യൽസുമടക്കം 550 അംഗ സംഘവുമായി ഹിമാലയൻ താഴ്വര സംസ്ഥാനത്തെത്തിയ കേരളം ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയാണ് മടങ്ങിയത്.
13 സ്വർണം, 17 വെള്ളി, 24 വെങ്കലം ഉൾപ്പെടെ 54 മെഡലുകൾ നേടി 14ാം സ്ഥാനം മാത്രം. ആദ്യ പത്തിൽ നിന്ന് കേരളം പുറത്താവുന്നത് ഇതാദ്യം. കൃത്യം പത്തുവർഷം മുമ്പ് 54 സ്വർണ മെഡലുകൾ സ്വന്തമാക്കിയ സംസ്ഥാനമാണ് ആകെ മെഡലെണ്ണത്തിൽ ഈ കണക്കിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത് എന്ന് മനസ്സിലാവുമ്പോൾ തകർച്ചയുടെ ആഴം ബോധ്യപ്പെടും.
സ്വർണത്തിൽ വൻ ഇടിവ്
2023ൽ ഗോവയിലാണ് അവസാനം ദേശീയ ഗെയിംസ് നടന്നത്. 36 സ്വർണവും 24 വെള്ളിയും 27 വെങ്കലവുമായി 87 മെഡലുകളും അഞ്ചാം സ്ഥാനവും അന്ന് കേരളത്തിന് ലഭിച്ചു. ഇതിൽ 19 സ്വർണമടക്കം 22 മെഡലുകൾ ആദ്യമായി ഉൾപ്പെടുത്തിയ കളരിപ്പയറ്റിൽ നിന്നായിരുന്നു.
മറ്റു സംസ്ഥാനങ്ങളുടെ എതിർപ്പുമൂലം ഇപ്രാവശ്യം കളരിപ്പയറ്റ് ഒഴിവാക്കി. ഇതോടെ മെഡലെണ്ണത്തിൽ കേരളത്തിന് കുറവുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. കായിക മന്ത്രിയടക്കം മുൻകൂർ ജാമ്യമെടുത്തു. എന്നാൽ, കളരിപ്പയറ്റില്ലാതെ 2022 അവസാനം നടന്ന ഗുജറാത്ത് ഗെയിംസിൽ കേരളത്തിന് 23 സ്വർണവും 18 വെള്ളിയും 13 വെങ്കലവും കിട്ടിയിട്ടുണ്ട്. 54 മെഡലുകളും ആറാം സ്ഥാനവും.
അപ്പോഴും രണ്ട് വർഷത്തിനിപ്പുറം പത്ത് സ്വർണ മെഡലുകളാണ് കൈമോശം വന്നിരിക്കുന്നതെന്ന് കാണാം. ഇനി തൊട്ടുമുമ്പത്തെ ഗോവ ഗെയിംസുമായി താരതമ്യം ചെയ്യുമ്പോഴും കളരിപ്പയറ്റിലെ 22 മെഡലുകൾ കിഴിച്ചാൽ 65 എണ്ണമെങ്കിലും കിട്ടേണ്ടതാണ്. കളരിപ്പയറ്റിൽ ചാരി രക്ഷപ്പെടാൻ കഴിയില്ലെന്ന് ചുരുക്കം.
പാളിയതെവിടെ?
ഫുട്ബാളിലും ഭാരോദ്വഹനത്തിലും അപ്രതീക്ഷിതമായി ലഭിച്ച മെഡലുകളൊഴിച്ചാൽ എല്ലാ ഇനങ്ങളിലും കേരളം താഴോട്ട് പോയതായി മനസ്സിലാക്കാം. കേരളം ഏറ്റവുമധികം താരങ്ങളെ അണിനിരത്തുന്നതും കൂടുതൽ മെഡൽ നേടാറുള്ളതും അത്ലറ്റിക്സിലാണ്.
ഗോവയിൽ മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമടക്കം 14 എണ്ണമായിരുന്നു സമ്പാദ്യം. ഉത്തരഖണ്ഡിലെത്തിയപ്പോൾ സ്വർണം രണ്ടായി, ആകെ മെഡലുകൾ 13ഉം. കഴിഞ്ഞ തവണ സ്വർണം നേടിയ രണ്ടുപേരും ഒളിമ്പ്യന്മാരും മറ്റു അന്തർദേശീയ മുഖങ്ങളും പിൻവാങ്ങിയപ്പോൾ രണ്ടാംനിരയുമായാണ് കേരളം വന്നതെന്ന് മാത്രം ആശ്വസിക്കാം.
അക്വാറ്റിക്സിലും മറ്റു ഗെയിംസ് ഇനങ്ങളിലുമെല്ലാം മൊത്തത്തിൽ നോക്കുമ്പോൾ കേരളം പിറകോട്ടാണ്. അക്വാറ്റിക്സിൽ ഗോവയിൽ 13 മെഡലുകളുണ്ടായിരുന്നത് ഒമ്പതായി ചുരുങ്ങി. തുഴച്ചിലിൽ പിടിച്ചുനിന്നപ്പോൾ ഗോവയിൽ രണ്ട് സ്വർണമടക്കം ആറ് മെഡലുകൾ കിട്ടിയ കനോയിങ്-കയാക്കിങ്ങിൽ ഒറ്റ വെങ്കലത്തിൽ തീർന്നു. ബാസ്കറ്റ്ബാളിലെയും വോളിബാളിലെയും സ്വർണ മെഡലുകൾ വെള്ളിയായി ചുരുങ്ങി. നിലവിൽ ജേതാക്കളായിരുന്ന ഇനങ്ങളിൽപ്പോലും പ്രകടനം നിലനിർത്താനായില്ലെന്ന് മാത്രമല്ല മെഡൽ സാധ്യത കൽപിക്കപ്പെട്ടിരുന്ന മറ്റു പലതിലും ഏറെ പിറകോട്ടുപോയി.
കോടതി കയറിയ വോളിബാൾ
ഇത് രണ്ടാം തവണയാണ് കേരളത്തിന്റെ വോളിബാൾ ടീമുകൾ കോടതി കയറുന്നത്. ഇതിനുപിന്നിൽ പ്രവർത്തിച്ചതാവട്ടെ കേരളത്തിന്റെ കായിക പ്രവർത്തനങ്ങൾക്ക് സർക്കാർ തലത്തിൽ നേതൃപരമായ പങ്കുവഹിക്കേണ്ട സ്പോർട്സ് കൗൺസിലാണെന്നോർക്കണം.
2022ലെ ഗുജറാത്ത് ഗെയിംസിൽ കേരളത്തിന് പുരുഷ, വനിത ഇനങ്ങളിൽ സ്വർണമുണ്ടായിരുന്നു. 2023ൽ തർക്കം കാരണം ദേശീയ ഗെയിംസിൽ വോളിബാളേ ഉൾപ്പെടുത്തിയില്ല. 2025ലെത്തിയപ്പോൾ വീണ്ടും കോടതിയിൽ. കേരള ഒളിമ്പിക് അസോസിയേഷൻ രൂപവത്കരിച്ച വോളിബാൾ സംഘത്തിന് മത്സരാനുമതി നൽകരുതെന്നും തങ്ങളുടെ ടീമിനെ അയക്കണമെന്നുമായിരുന്നു സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റിയുടെ ആവശ്യം.
കോടതി പക്ഷേ ഇത് നിരസിച്ചു. വനിതകൾ സ്വർണപ്രകടനം ആവർത്തിച്ചപ്പോൾ പുരുഷന്മാർ വെള്ളിയിലേക്ക് ചുരുങ്ങി.
രണ്ടാംനിരയുമായി ഫുട്ബാളിന്
ഈയിടെ സന്തോഷ് ട്രോഫി ഫുട്ബാളിൽ എല്ലാ മത്സരങ്ങളും ആധികാരികമായി ജയിച്ച് കുതിച്ച കേരളം ഫൈനലിലെത്തിയിരുന്നു. കിരീടം നേടാനായില്ലെങ്കിലും മികവ് അടയാളപ്പെടുത്തിയാണ് മടങ്ങിയത്. തൊട്ടുപിന്നാലെ നടന്ന ദേശീയ ഗെയിംസിന് പക്ഷേ ഈ താരങ്ങളെ വിട്ടുനൽകാൻ ഫുട്ബാൾ അസോസിയേഷൻ തയാറായില്ല. ഇതോടെ ക്യാമ്പിലേക്ക് രണ്ടാംനിരയെ വിളിക്കാൻ നിർബന്ധിതമായി.
പലരും പിന്മാറിയപ്പോൾ പലവട്ടം ട്രയൽസ് നടത്തേണ്ടിവന്നു. ഈ ടീമിനെ വെച്ചാണ് കേരളം അത്ഭുതം കാണിച്ചതും 28 വർഷത്തിനുശേഷം സ്വർണം നേടിയതും. അധികൃതർ മുഖംതിരിച്ചിട്ടും അഭിമാനനേട്ടവുമായി മടങ്ങിയവർ കേരളത്തിന്റെ ആകെ പ്രകടനത്തിലെ അപവാദമായി.
സഹായങ്ങളും വേണം, യഥാസമയം ജോലിയും
മൂന്ന് പതിറ്റാണ്ടിനിടെ രണ്ടുതവണ ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനമാണ് കേരളം. നിലവിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി. ഉഷയടക്കം അന്തർദേശീയ വേദികളിലേക്ക് ഡസൻ കണക്കിന് താരങ്ങളെ കേരളം സംഭാവന ചെയ്തു. പക്ഷേ, ചെറിയ സംസ്ഥാനങ്ങളെ വരെ താരതമ്യം ചെയ്താൽ ഇവിടത്തെ പരിശീലന സൗകര്യങ്ങൾ ഏറെ പരിമിതമാണ്.
എല്ലാ ഇനങ്ങളും പരിശീലിക്കാവുന്നതും വലിയ മത്സരങ്ങൾ സംഘടിപ്പിക്കാവുന്നതുമായ അത്യാധുനിക സംവിധാനങ്ങളുള്ള സ്പോർട്സ് കോംപ്ലക്സ് ഒരെണ്ണം പോലുമില്ലാത്ത സംസ്ഥാനമാണ് കേരളം. കൊട്ടിഘോഷിച്ച് പ്രവൃത്തികൾ തുടങ്ങിയവ പാതിവഴിയിൽ കിടക്കുന്നു.
നീന്തലിൽ കേരളത്തിനായി മെഡലുകൾ നേടിയത് രണ്ടേ രണ്ട് താരങ്ങളാണ്, സജൻ പ്രകാശും ഹർഷിത ജയറാമും. ഇവർ രണ്ടുപേരും പരിശീലിക്കുന്നത് ബംഗളൂരുവിലാണ്. നീന്തൽ താരങ്ങൾ നിരവധി വളർന്നുവരുന്നുണ്ടെങ്കിലും വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാൽ മറ്റു സംസ്ഥാനങ്ങളിലേക്ക് പരിശീലനത്തിന് പോവാനാവാതെ രംഗത്തുനിന്ന് പിൻവാങ്ങുന്നു. മറ്റു പല ഗെയിമുകളുടെയും അവസ്ഥ ഇതുതന്നെയാണ്.
താരങ്ങൾക്ക് പരിശീലനമോ അതിന് സാമ്പത്തിക സഹായമോ സർക്കാർ ഒരുക്കാത്തിടത്തോളം ഗ്രാഫ് താഴോട്ടായിരിക്കും. പതിവുപോലെ സർവിസസിന് മെഡൽ സമ്മാനിച്ചവരിൽ ഒരുപിടി മലയാളി താരങ്ങളുണ്ട്. മുൻ ഗെയിംസുകളിൽ കേരളത്തിനായി മെഡലുകൾ നേടിയവരുമുണ്ട് കൂട്ടത്തിൽ. യഥാസമയം സംസ്ഥാന സർക്കാർ ജോലി നൽകി ഇവരെ പിടിച്ചുനിർത്തിയിരുന്നെങ്കിൽ ഇത്രയും വലിയ നാണക്കേട് ഉണ്ടാവുമായിരുന്നില്ല.