ബാഡ്മിന്റണിൽ ഇനി 15 പോയൻറിൽ ഗെയിം സ്വന്തം
text_fieldsന്യൂഡൽഹി: അടുത്ത വർഷം മുതൽ ലോക ബാഡ്മിന്റൺ ഫെഡറേഷൻ നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്ക് മുന്നോടിയായി എല്ലാ പ്രായ വിഭാഗങ്ങളിലുമുള്ള ആഭ്യന്തര മത്സരങ്ങളിൽ പുതിയ കളിനിയമവുമായി ബാഡ്മിന്റൺ ഫെഡറേഷൻ ഓഫ് ഇന്ത്യ (ബായ്). ഈ മാസം ഏഴ് മുതൽ 14 വരെ എറണാകുളം റീജനൽ സ്പോർട്സ് സെന്ററിൽ നടക്കാനിരിക്കുന്ന ഓൾ ഇന്ത്യ സീനിയർ റാങ്കിങ് ടൂർണമെന്റിൽ പുതിയ നിയമങ്ങൾ നടപ്പാക്കും. ബെസ്റ്റ് ഓഫ് ത്രീ സമ്പ്രദായം തന്നെ തുടരുമെങ്കിലും ഫിനിഷിങ് പോയന്റ് 21ൽ നിന്ന് 15 ആയി കുറക്കും. 14-14 എന്ന നിലയിൽ തുല്യമായാൽ പിന്നീട് രണ്ട് പോയന്റ് ലീഡുണ്ടെങ്കിലേ ജയിക്കാനാകൂ.
അതേസമയം, തുല്യനില തുടർന്ന് 21 പോയന്റ് ആദ്യം നേടുന്നവർ ആ ഗെയിം വിജയിക്കും. എല്ലാ പ്രായത്തിലുമുള്ള കളിക്കാർക്ക് പുതുക്കിയ സ്കോറിങ് സംവിധാനവുമായി പരിചയമാകാൻ വേണ്ടിയാണ് ആഭ്യന്തര മത്സരങ്ങളിൽ മാറ്റത്തിന് തുടക്കമിടുന്നതെന്ന് ബായ് ജനറൽ സെക്രട്ടറി സഞ്ജയ് മിശ്ര പറഞ്ഞു.


