വെങ്കലയാളം; ദേശീയ ഫെഡറേഷൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ അഞ്ചു മലയാളികൾക്ക് വെങ്കലം
text_fieldsപുരുഷന്മാരുടെ ഹൈജംപിൽ സ്വർണം നേടുന്ന സർവേശ് അനിൽ കുശ്റേ (മഹാരാഷ്ട്ര)
കൊച്ചി: ദേശീയ ഫെഡറേഷൻ സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം ട്രാക്കിലും ഫീൽഡിലും നിരാശ മാത്രം സമ്മാനിച്ച മലയാളിതാരങ്ങൾക്ക് രണ്ടാം ദിനം അഞ്ച് വെങ്കല വിജയങ്ങൾ. 110 മീറ്റർ ഹർഡിൽസിൽ ജെ.എസ്.ഡബ്ലിയു അക്കാദമിയിൽ നിന്നുള്ള കോഴിക്കോട് പുതിയറ സ്വദേശി വി.കെ മുഹമ്മദ് ലസാനാണ് മീറ്റിലെ ആദ്യ മെഡൽ നേടിയ മലയാളി താരം. മഹാരാഷ്ട്രയുടെ തേജസ് അശോക് ഷിർസെ 13.65 സെക്കൻഡ് വേഗത്തിൽ ഒന്നാമതെത്തിയപ്പോൾ 14.17 സെക്കൻഡിൽ ലസാൻ വെങ്കല നേട്ടം കരസ്ഥമാക്കി.
400 മീറ്റർ വനിതകളുടെയും പുരുഷൻമാരുടെയും ഓട്ടത്തിൽ കേരളത്തിന്റെ താരങ്ങൾ വെങ്കലം നേടി. വനിതകളുടെ വിഭാഗത്തിൽ കോഴിക്കോട് മീഞ്ചന്ത സ്വദേശിനി കെ. സ്നേഹയും(53.00) പുരുഷൻമാരിൽ വയനാട് മീനങ്ങാടി സ്വദേശി മനു ടി.എസും(46.39) മൂന്നാമത് ഫിനിഷ് ചെയ്തു. പുരുഷൻമാരുടെ ലോങ് ജംപിൽ 7.70 മീറ്റർ ദൂരം ചാടി കൊല്ലം നിലമേൽ സ്വദേശി മുഹമ്മദ് അനീസ് യഹിയയും വെങ്കലമെത്തിപ്പിടിച്ചു.
പുരുഷൻമാരുടെ ഹൈജംപിൽ 2.14 മീറ്റർ ഉയരം താണ്ടി ഭരത് രാജും വെങ്കലനേട്ടത്തിലൂടെ കേരളത്തിന് അഭിമാനമായി. വനിതകളുടെ 400 മീറ്ററിൽ 52.55 സെക്കൻഡ് സമയത്തിൽ യു.പിയുടെ റുപാൽ ഒന്നാമതെത്തിയപ്പോൾ തമിഴ്നാടിന്റെ താരമായ ടി.കെ. വിശാൽ 46.19 സെക്കൻഡിൽ പുരുഷൻമാരുടെ 400 മീറ്ററിൽ സ്വർണം കൊയ്തു. മുഹമ്മദ് ലസാൻ അടുത്തിടെ ബംഗളുരുവിൽ നടന്ന ഗ്രാൻപ്രിയിൽ 14.13 സെക്കൻഡോടെ സ്വർണം നേടിയിരുന്നു. ഡെറാഡൂൺ ദേശീയ ഗെയിംസിൽ 14.23 സെക്കൻഡോടെ വെങ്കലവും സ്വന്തമാക്കിയ ലസാൻ സ്കൂൾ മീറ്റ് കാലം മുതൽ ഹർഡിൽസിലെ സ്ഥിരസാന്നിധ്യമാണ്.
റെക്കോഡുകൾ പഴങ്കഥയാക്കി ദേവ്കുമാർ മീണ
പോള്വോള്ട്ടിള് റെക്കോഡ് ബ്രേക്കിങ് ശീലമാക്കിയ ദേവ്കുമാര്‍ മീണ, ദേശീയ ഫെഡറേഷന് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഇരട്ട റെക്കോഡിട്ടു. 5.35 മീറ്റര്‍ ഉയരം കീഴടക്കിയ 19കാരന്, ഡെറാഡൂണ്‍ ദേശീയ ഗെയിംസില്‍ കുറിച്ച സ്വന്തം പേരിലുള്ള ദേശീയ റെക്കോഡാണ് (5.32) മറികടന്നത്. 2019ല്‍ ശിവസുബ്രഹ്മണ്യന് സ്ഥാപിച്ച മീറ്റ് റെക്കോഡും (5.16) ഇതോടൊപ്പം പഴങ്കഥയായി.
പുരുഷ 400 മീറ്ററിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന തമിഴ്നാടിന്റെ വിശാൽ ടി.കെ(521)മൂന്നാമതായി ഫിനിഷ് ചെയ്യുന്ന കേരള താരം മനു.ടി.എസ് (312)