കാലിക്കറ്റ് അത് ലറ്റിക്സ് മീറ്റ്: സെൻറ് തോമസും മേഴ്സിയും മുന്നിൽ
text_fieldsപുരുഷ വിഭാഗം ഹൈജമ്പിൽ സ്വർണം നേടുന്ന സി. മുഹമ്മദ് ജസീം (ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട)
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അത് ലറ്റിക്സ് മീറ്റിൽ പുരുഷ വിഭാഗത്തിൽ തൃശൂർ സെൻറ് തോമസും വനിത വിഭാഗത്തിൽ 34 പോയൻറുമായി പാലക്കാട് മേഴ്സി കോളജും മുന്നിൽ. മൂന്നാം ദിനത്തിൽ 10 സ്വർണം, അഞ്ച് വെള്ളി, രണ്ട് വെങ്കലം എന്നിവയോടെ 72 പോയൻറുമായാണ് സെൻറ് തോമസിന്റെ മുന്നേറ്റം. 34 പോയൻറുള്ള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജാണ് പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത്. മൂന്ന് സ്വർണം, ആറ് വെള്ളി, നാല് വെങ്കലം എന്നിവയാണ് ക്രൈസ്റ്റിന്റെ സമ്പാദ്യം. മൂന്നാം സ്ഥാനത്തുള്ള പാലക്കാട് വിക്ടോറിയക്ക് ഒരു സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം എന്നിവയുമായി 13 പോയൻറുണ്ട്. മലപ്പുറം കടകശ്ശേരി ഐഡിയൽ കോളജ് ഒരു സ്വർണം നേടി മൂന്ന് പോയന്റോടെ ആറാം സ്ഥാനത്താണ്.
വനിത വിഭാഗത്തിൽ 29 പോയൻറുമായി തൃശൂർ വിമല കോളജിനാണ് രണ്ടാം സ്ഥാനം. നാല് സ്വർണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം എന്നിവയാണ് വിമലയുടെ നേട്ടം. രണ്ട് സ്വർണം, മൂന്ന് വെള്ളി, നാല് വെങ്കലം എന്നിവയുമായി 23 പോയൻറ് നേടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജാണ് മൂന്നാം സ്ഥാനത്ത്. മൂന്നാം ദിനത്തിൽ രണ്ട് മീറ്റ് റെക്കോഡുകളാണുണ്ടായത്. 110 മീറ്റർ ഹർഡ്ൽസിൽ ക്രൈസ്റ്റ് കോളജിന്റെ വി.പി. റാഹിൽ സക്കീറാണ് തിങ്കളാഴ്ച റെക്കോഡിട്ടത്. 20 കിലോമീറ്റർ നടത്തത്തിൽ തൃശൂർ സെൻറ് തോമസിന്റെ താരം കെ.പി പ്രവീണും റെക്കോഡിട്ടു. സമാപന ദിവസമായ ചൊവ്വാഴ്ച രാവിലെ ഏഴിന് വനിതകളുടെ 10,000 മീറ്റർ നടത്തത്തോടെ മത്സരങ്ങൾ ആരംഭിക്കും.